by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: 14 വര്‍ഷത്തിന് ശേഷം നിലമ്പൂര്‍ തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന് കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചത് അറിഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ആദ്യം ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചത് ആര്യാടന് കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ചു.
തെരഞ്ഞെടുപ്പില്‍ ജയിച്ചതില്‍ സന്തോഷമെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഒന്നുമല്ല. എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന കാര്യമായിരുന്നു നിലമ്പൂര്‍ നഷ്ടമായത്. നിലമ്പൂര്‍ രണ്ടു തവണ നഷ്ടമായപ്പോള്‍ അദ്ദേഹത്തിന് വലിയ വേദനയായിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇനിയുള്ള നിങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിലമ്പൂര്‍ തിരിച്ചുപിടിക്കലായിരിക്കണമെന്നാണ്.അത് കാണണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് കാണാന്‍ പറ്റിയില്ല എന്ന വിഷമം എനിക്കുണ്ട്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.’- ആര്യാടന് ഷൗക്കത്ത് പറഞ്ഞു. മകന് ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മ പ്രതികരിച്ചു.
എട്ടുതവണ ആര്യാടന് മുഹമ്മദ് ജയിച്ച മണ്ഡലമാണ് 14 വര്‍ഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2016ല്‍ ആര്യാടന് ഷൗക്കത്ത് തന്നെ മത്സരിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം.
by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: കേരള രാഷട്രീയത്തെ ഒന്നടങ്കം നെഞ്ചിടിപ്പേറ്റി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോമിക്കുമ്പോള്‍ യു.ഡി.എഫ് വിജയത്തിലേക്ക് നീങ്ങുന്നു. 12 റൗണ്ട് വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ വിജയമുറപ്പിച്ച ലീഡ് നിലയിലേക്ക് യുഡിഎഫ് എത്തി. ഇതോടെ നിലമ്പൂരിന്റെ തെരുവുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആനന്ദനൃത്തമാടി. ആദ്യ 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും യുഡിഎഫിന്റെയും ഷൗക്കത്തിന്റെയും കുതിപ്പാണ് കണ്ടത്.
by Midhun HP News | Jun 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും യുദ്ധമുഖത്തേയ്ക്ക് കടന്നതോടെ, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.
എണ്ണവില രണ്ടുശതമാനമാണ് ഉയര്‍ന്നത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇറാന് ആണവ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ആക്രമണത്തിന് ഇറാന് എങ്ങനെയാണ് തിരിച്ചടി നല്കാന് പോകുന്നത് എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്കിയതും എണ്ണവിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
അതിനിടെ നഷ്ടത്തോടെയാണ് ഇന്ന് ഏഷ്യന്‍ വിപണി വ്യാപാരം ആരംഭിച്ചത്. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തന്നെയാണ് ഏഷ്യന്‍ വിപണിയെയും ബാധിച്ചത്. ലോകത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാനുള്ളത്. ഏഷ്യന്‍ വിപണിയില്‍ നിക്കി സൂചിക 0.6 ശതമാനമാണ് ഇടിഞ്ഞത്.
by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടുകള്‍ പിണറായിസത്തിന് എതിരായ ജനവിധിയെന്ന് പി വി അന്‍വര്‍. അന്‍വര്‍ നേടിയ വോട്ട് പതിനായിരം പിന്നിട്ടതിന് പിന്നാലെയാണ് പ്രതികരണം.
വോട്ടണ്ണല്‍ നാല്പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ തനിക്ക് ലഭിച്ച വോട്ട് പതിനായിരം പിന്നിട്ടു. യുഡിഎഫ് വോട്ടുകളാണ് നേടിയതെന്നുള്ള വിലയിരുത്തല്‍ തെറ്റാണ്. പിണറായിസത്തിനെതിരെയാണ് പോരാട്ടം. പിടിച്ചത് എല്‍ഡിഎഫില്‍ നിന്നുള്ള വോട്ടാണെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായിസം കേരളത്തില്‍ നിലനില്ക്കുന്നു. മലയോര കര്‍ഷകരുടെ വിഷയം പരിഗണിക്കാതെ ഒരു മുന്നണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം യുഡിഎഫ് ഗൗരവമായി വിലയിരുത്തണം. കര്‍ഷക സംഘടനകളെ ഒപ്പം ചേര്‍ത്ത് ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി വി അന്‍വര്‍ ആദ്യ പ്രതികരണത്തില്‍ വ്യക്തമാക്കി.
അതേസമയം, പത്ത് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആര്യാടന് ഷൗക്കത്തിന്റെ ലീഡ് 7000 കടന്നു. 7613 വോട്ടായി ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയര്‍ന്നു. പി വി അന്‍വര്‍ 11578 വോട്ടുകള്‍ നേടി.
by Midhun HP News | Jun 23, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പതിനായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ച് കരുത്തുകാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്.
വഴിക്കടവ്, മൂത്തേടത്ത് പഞ്ചായത്തുകള്‍ അടക്കം എട്ടു റൗണ്ടുകളാണ് പൂര്‍ത്തിയായത്. എല്ലാ റൗണ്ടുകളിലും ആര്യാടന് ഷൗക്കത്ത് ലീഡ് ഉയര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സ്ഥാനാര്‍ഥിക്ക് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞോ എന്ന കാര്യം പരിശോധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
Recent Comments