by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട്:
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
25/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ശനിയാഴ്ച) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂമിന്റെ വായനാ ദിനത്തിൽ അക്ഷര ദീപം തെളിയിക്കൽ പ്രൊഫ : ജൂബി രാജസേനൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രഞ്ജിത് അധ്യക്ഷൻ ആയ ചടങ്ങിൽ എം. ജി പ്രദീപ്, മധു, വിക്രമൻനായർ, വനിതാ വേദി ചെയർപേഴ്സൺ പി. ജി ഉഷ, ബാലവേദി പ്രസിഡന്റ് കുമാരി കൃഷ്ണ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി.
ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദേവദേവൻ, നിമിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കല്യാണി, ആദിദേവ്, സച്ചു, ദേവാനന്ദ്, റിയ, കേശു എന്നിവർ വയനോത്സവ പ്രതീകമായി മൺചിരാതുകൾ തെളിയിച്ചു. ലൈബ്രറിയൻ ആര്യ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jun 21, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ജി.വി. ആർ. എം. യു.പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രശസ്ത കവയത്രി ഷിബി നിലാമുറ്റം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക ഐ. പി. ശ്രീജ സ്വാഗതം ആശംസിച്ചു.
ഇതിനോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം ആസ്വാദനക്കുറിപ്പ് അവതരണം വായനാദിന പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. കവയത്രി ഷിബി നിലാമുറ്റം മഴ, കടൽ, അമ്മ പോയതിൽ പിന്നെ..എന്നീ കവിത കൊണ്ട് സദസ്സ് ധന്യമാക്കി വിദ്യാരംഗം കൺവീനർ ശ്രീശേഖർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി.യു. മനോജ് കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Jun 21, 2025 | Latest News, കായികം
പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ ത്രോയിൽ ഒന്നാമതെത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിൽ 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ (86.62 മീറ്റർ)യാണ് മൂന്നാം സ്ഥാനത്ത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്.
ആദ്യ ത്രോയിൽ പിന്നിട്ട 88.16 മീറ്റർ ദൂരമാണ് നീരജിന്റെ നേട്ടത്തിൽ നിർണായകമായത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്.
മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ പിന്നിട്ടെങ്കിലും നീരജ് രണ്ടാസ്ഥാനത്തായിരുന്നു. ജർമനിയുടെ ജൂലിയൻ വെബ്ബറിനായിരുന്നു ഒന്നാം സ്ഥാനം. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
by Midhun HP News | Jun 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജൂണ്‍ 13നാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Recent Comments