അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക് ബോക്‌സിന് സാരമായ കേടുപാടുകള്‍; വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയിലേക്ക് അയച്ചേക്കും

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക് ബോക്‌സിന് സാരമായ കേടുപാടുകള്‍; വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയിലേക്ക് അയച്ചേക്കും

ഡല്‍ഹി: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ട്. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയുടെ സഹായം തേടുമെന്നാണ് സൂചന. ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയയ്ക്കായി, തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ‘ബ്ലാക്ക് ബോക്സ്’ വാഷിങ്ങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് പരിശോധനയ്ക്കായി അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കേണ്ടതുണ്ട്. ബ്ലാക് ബോക്‌സില്‍ രണ്ട് സുപ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ അഥവാ സിവിആര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ എഫ്ഡിആര്‍ എന്നിവ. സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെയാണ് ഇതില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കന്‍ ബുദ്ധിമുട്ടായത്. ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗര്‍ പ്രദേശത്തെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തകര്‍ന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അവശിഷ്ടങ്ങളില്‍ നിന്നും പെട്ടെന്നു കണ്ടെത്താനായി ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്‌സുകള്‍ക്കുള്ളത്.

കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ 25 മണിക്കൂര്‍ വരെയുള്ള കോക്ക്പിറ്റ് സംഭാഷണങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, അലര്‍ട്ടുകള്‍ തുടങ്ങിയവ ശേഖരിക്കാനാകും. ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (FDR) ഉയരം, വായുവേഗത, ദിശ, ലംബ ത്വരണം ( വിമാനം ഉയരത്തിലേക്ക് കുതിക്കല്‍), ഉപരിതല ചലനങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ പാരാമീറ്ററുകള്‍ ശേഖരിക്കുന്നു. 787-8 പോലുള്ള ആധുനിക ജെറ്റുകളില്‍, FDRകള്‍ക്ക് ഒരേസമയം ആയിരക്കണക്കിന് പാരാമീറ്ററുകള്‍ റെക്കോര്‍ഡു ചെയ്യാനും 25 മണിക്കൂറിലധികം ലൂപ്പ് ചെയ്യാനും കഴിയും. അപകടത്തില്‍ വിമാനത്തിന്റെ 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എന്ന യുവാവ് മാത്രമാണ് രക്ഷപ്പെട്ടത്.

മണ്ണാര്‍ക്കാട്ട് എട്ടുവയസുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം, പരാതി

മണ്ണാര്‍ക്കാട്ട് എട്ടുവയസുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം, പരാതി

പാലക്കാട്: മണ്ണാര്‍ക്കാട്ട് ചികിത്സ തേടി എത്തിയ എട്ടുവയസ്സുകാരന് നല്‍കിയ ഗുളികയില്‍ കമ്പിക്കഷണം. നഗരസഭയുടെ കീഴില്‍ നാരങ്ങപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയാരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്.

പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയുമായി കുടുംബം ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയത്. പരിശോധിച്ചശേഷം പാരസെറ്റമോള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തേക്ക് രണ്ടു മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചുനല്‍കി. ചെറിയ കുട്ടിയായതിനാല്‍ പാരസെറ്റമോള്‍ അരഗുളിക വീതം മൂന്നുനേരം കഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം രാത്രി മാതാവ് റാബിയ ഗുളിക കൈകൊണ്ട് പകുതി മുറിച്ചപ്പോഴാണ് കമ്പിക്കഷണം കാണുന്നത്. ഗുളികയോളം നീളമുണ്ട് കമ്പിക്കഷണത്തിന് എന്ന് പരാതിയില്‍ പറയുന്നു.

നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മണ്ണാര്‍ക്കാട് കല്ലിപ്പറമ്പന്‍ വീട്ടില്‍ കെ പി മുഹമ്മദ് അസീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ബുധനാഴ്ച പരാതി നല്‍കി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന എത്തിക്കുന്ന മരുന്നാണ് ആരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത്. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ആരോഗ്യദൗത്യത്തിനും മണ്ണാര്‍ക്കാട് നഗരസഭയ്ക്കും റിപ്പോര്‍ട്ട് നല്‍കിയതായി നാരങ്ങപ്പറ്റ നഗര ജനകീയാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിഷ അറിയിച്ചു.

ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടറായി രചന

ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടറായി രചന

ആറ്റിങ്ങൽ: ജില്ലയിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടറായി രചന.സി (29) ആറ്റിങ്ങൽ എക്സൈസ് ഓഫീസിൽ ചാർജെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ രചന അഗ്രിക്കൾച്ചർ എൻജിനിയറിംഗിൽ ബി.ടെക്ക് ബിരുദം നേടിയിട്ടുണ്ട്.

കുട്ടിക്കാലം മുതൽ തലയെടുപ്പുള്ള ജോലി സ്വപ്നമായിരുന്നു. കൃഷി ഇഷ്ടമായിരുന്നെങ്കിലും എക്സൈസ് ഇൻസ്പെക്ടറുടെ സ്ത്രീകൾ ഉൾപ്പെട്ട പി.എസ്.സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഉയർന്ന മാർക്ക് നേടിയതോടെ എക്സൈസിൽ സ്ത്രീകൾക്കായുളള ആദ്യ ബാച്ചിൽ സബ് ഇൻസ്പെക്ടറാവുകയായിരുന്നു. ആറ്റിങ്ങലിൽ ആദ്യ നിയമനവും ലഭിച്ചു. രചനയ്ക്കൊപ്പം സംസ്ഥാനത്ത് 14 വനിതകൾകൂടി എക്സൈസിൽ ഇൻസ്പെക്ടറായി ചാർജെടുത്തിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് പട്ടുവം ചെമ്പിളിങ്കൻ വീട്ടിൽ പരേതനായ പ്രഭാകരന്റെയും സോഫിയയുടെയും മകളാണ്.

ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്

ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു.

ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയൺഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകൾ അയൺ ഡോം ഭേദിത്ത് ഇസ്രയേലിൽ പതിച്ചു.

ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടർമാർ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണമായി തകർന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഭാര്യ കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍

ഭാര്യ കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്. 25കാരിയുടെ മൂക്ക് ആണ് ഭര്‍ത്താവ് കടിച്ചെടുത്ത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതി രാം ഖില്‍വാനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.

യുവതി തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് സംഭവസ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്കു മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷനല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു.