by Midhun HP News | Jun 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല രീതിയില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചു. നല്ലൊരു സ്ഥാനാര്‍ത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.
എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തില്‍ പോകണം, സ്ഥാനാര്‍ത്ഥിക്കൊപ്പം എവിടെ വേദിയില്‍ പോകണം തുടങ്ങിയ പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നില്‍ക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താന്‍ കാണിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു.
കഴിഞ്ഞ 16 വര്‍ഷമായി കോണ്‍ഗ്രസിനും കോണ്‍ഗ്രസ് മൂല്യങ്ങള്‍ക്കും ഒപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും സഹോദരന്മാരോടുമുള്ള സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ആര്‍ക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാര്‍ട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ദിനമല്ല ഇതെന്നും തരൂര്‍ പറഞ്ഞു.
നിലമ്പൂരില്‍ സുഹൃത്തായ നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ പോയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം വിജയം കാണട്ടെയെന്നും തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശപര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. അല്ലാതെ ആഭ്യന്തര രാഷ്ട്രീയവിഷയങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരു വിഷയം വരുമ്പോള്‍ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത് 2014ല്‍ തന്നെ താന്‍ പറഞ്ഞിട്ടുള്ളതാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായ.ങ്ങളാണ്. അരും പറഞ്ഞിട്ടല്ലെന്നും തരൂര്‍ വ്യക്തമാക്കി.
by Midhun HP News | Jun 19, 2025 | Latest News, കേരളം
കണ്ണൂർ : പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീന (40 ) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് കായലോട് അച്ചങ്കര പള്ളിക്ക് സമീപം വെച്ച് റസീന ആൺസുഹൃത്തിനോട് സംസാരിച്ചുനിന്നതാണ് കേസിനാസ്പദമായ സംഭവം. റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് പ്രതികൾ ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു. തുടർന്ന് സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.
യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിന്‍റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എം കെ റഫീഖ് ആണ് റസീനയുടെ ഭർത്താവ്.
by Midhun HP News | Jun 19, 2025 | Latest News, കേരളം
കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. 6 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 41 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളില്‍ വോട്ടിങ് യന്ത്രം കുറച്ചു നേരത്തേക്ക് പണിമുടക്കിയത് ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
by Midhun HP News | Jun 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു.
പരിപാടിക്കായി എത്തുമ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ സ്‌റ്റേജില്‍ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷന്റെ ചുമതലയാണ് ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നത്. പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ ആദരം നേടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങുകയായിരുന്നു.
സര്‍ക്കാരും രാജ്ഭവനും ചേര്‍ന്നുനടത്തുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഈപരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാര്‍ പരിപാടിയില്‍ ഒരുകാരണവശാലും പാര്‍ട്ടി ചിഹ്നങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
by Midhun HP News | Jun 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ക്യുഎസ് ലോക റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ സര്‍വകലാശാലകള്‍. ലോക റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്ന് 54 സര്‍വകലാശാലകളാണ് ഇടം നേടിയത്. രാജ്യത്തെ സര്‍വകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദ്യാഭ്യാസരംഗത്ത് ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല, വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2026 ലെ റാങ്കിങ്ങില്‍ 123-ാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം റാങ്കിങ്ങില്‍ എട്ട് പുതിയ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് 54 ആയി ഉയര്‍ന്നത്. ഈ വര്‍ഷം റാങ്കിങ്ങില്‍ ഇത്രയധികം സര്‍വകലാശാലകള്‍ ചേര്‍ത്ത മറ്റൊരു രാജ്യമില്ല. ജോര്‍ദാനും അസര്‍ബൈജാനുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളില്‍ നിന്ന് ആറ് സ്ഥാപനങ്ങള്‍ വീതമാണ് പുതിയതായി റാങ്കിങ്ങില്‍ ഇടംനേടിയത്. യുഎസ് (192 സ്ഥാപനങ്ങള്‍), യുകെ (90 സ്ഥാപനങ്ങള്‍), ചൈന (72 സ്ഥാപനങ്ങള്‍) എന്നിവയ്ക്ക് പിന്നില്‍ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്‌സ് ആണ് വര്‍ഷം തോറും ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രഖ്യാപിക്കുന്നത്. അക്കാദമിക് നേട്ടം, ഫാക്കല്‍റ്റി-വിദ്യാര്‍ത്ഥി അനുപാതം, ഗവേഷണ സ്വാധീനം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വൈവിധ്യം, ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത എന്നിവയുള്‍പ്പെടെ വിവിധ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകളെ വിലയിരുത്തുന്നത്.
2014ല്‍ വെറും 11 സര്‍വകലാശാലകളില്‍ നിന്ന് അഞ്ച് മടങ്ങ് കുതിപ്പോടെയാണ് റാങ്കിങ്ങില്‍ ഇടംനേടിയ സര്‍വകലാശാലകളുടെ എണ്ണം 54 ആയി ഉയര്‍ന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പരിവര്‍ത്തനാത്മക വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ തെളിവാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ മേഖലയെ മാറ്റുക മാത്രമല്ല, അത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു,’- ധര്‍മ്മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചു.
‘G20 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിദ്യാഭ്യാസ സമ്പ്രദായവും യുഎസ്, യുകെ, ചൈന എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. ഗവേഷണം, നവീകരണം, എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതിലൂടെ, വരും കാലങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോള മികവ് കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recent Comments