കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി?; എതിര്‍പ്പില്ലെന്ന് ബോര്‍ഡ്

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി?; എതിര്‍പ്പില്ലെന്ന് ബോര്‍ഡ്

പത്തനംതിട്ട: ഈ മണ്ഡല മകരവിളക്ക് സീസണില്‍ കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി ആയേക്കും. ശബരിമല തന്ത്രിയായി എത്തേണ്ടിയിരുന്ന കണ്ഠരര് രാജീവര്‍ക്ക് പകരം അദ്ദേഹത്തിന്റെ മകനെ തന്ത്രി ആക്കണമെന്ന ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിഭാഗം പേരും അനുകൂലിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം താഴമണ്‍ കുടുംബത്തെ തന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണ് സൂചന. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ്.

അതേസമയം, ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തന്ത്രി ആരാകണം എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി ഡി സന്തോഷ് കുമാര്‍ പ്രതികരിച്ചത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കണ്ഠരര് രാജീവര്‍ പ്രതി ആണ്. താഴമണ്‍ കുടുംബത്തെ മാറ്റുന്ന കാര്യം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തനിക്ക് വ്യക്തിപരമായി അഭിപ്രായമില്ലെന്നും കോടതി എന്താണോ പറയുന്നത് അത് അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് സന്തോഷ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. പകരം മകന്‍ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നല്‍കണമെന്നും കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. ഊഴമനുസരിച്ച് ഈ മണ്ഡല മകരവിളക്ക് സീസണില്‍ തന്ത്രിയായി എത്തേണ്ടത് കണ്ഠരര് രാജീവര് ആയിരുന്നു. എന്നാല്‍ അനാരോഗ്യം മൂലം തനിക്ക് തന്ത്രിസ്ഥാനത്തു നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠരര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ച് വന്നിരുന്നത്. പിന്നീട് കണ്ഠരര് മോഹനര്‍ മാറി പകരം മകന്‍ കണ്ഠരര് മഹേഷ് മോഹനര്‍ക്കായി ചുമതല. പിന്നാലെയാണ് കണ്ഠരര് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍, രക്തം വാര്‍ന്നൊഴുകി യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് കുടുംബം

വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍, രക്തം വാര്‍ന്നൊഴുകി യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട: അടൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനെയാണ് (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം. വീടിനുള്ളിലെ സ്റ്റെയര്‍കെയ്‌സിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷെഹനയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെഹനയുടെ വീട്ടില്‍നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ നസ്മല്‍ കാവിളയെ വിവരം അറിയിച്ചു. നസ്മല്‍ വീട്ടിലെത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഹെനയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു.

കൗണ്‍സിലര്‍ നസ്മല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളേറ്റിട്ടുണ്ട്. രക്തപാടുകളുമുണ്ടായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന, ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഷെഹന കുളനടയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയാണ്.

ഷെഹനയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഒരു കുട്ടിയുള്ള അവള്‍ അതു ചെയ്യില്ലെന്നും ഷെഹനയുടെ അമ്മ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീട്ടില്‍ വഴക്കുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി വ്യക്തമാക്കി.

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം; പ്രതി പിടിയിൽ

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം. മോഷണത്തിനായി വീട്ടില്‍ കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിമിക്കുകയായിരുന്നു. പ്രതി നഗ്നനായാണ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. പരാതിയില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിയെയാണ് പിടികൂടിയത്. ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശാവര്‍ക്കറായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് മോഷണ ശ്രമം നടന്നതായി കാണുന്നത്. വീടിന്റെ വാതില്‍ അടക്കം ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. പരിശോധിക്കാനായി വീടിനുളളില്‍ കയറുമ്പോഴാണ് നഗ്നനായ പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു , എട്ട് പേർക്ക് പരിക്ക്

ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. കപ്പലുകൾക്ക് കാര്യമായ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

അതേ സമയം, ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിന്‍റെ അധികാരം തങ്ങള്‍ പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസിലും ഇറാന്‍ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു .യുഎസ് പടക്കപ്പല്‍ ആക്രകമിച്ചായിരുന്നു ഇതിന് ഇറാൻ മറുപടി നൽകിയത്.

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,04,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് ഇടിഞ്ഞത്. 13,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 3000 രൂപയാണ് ഇടിഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.