ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

ഡ്യൂട്ടിക്കിടെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയ സംഭവം: ഭർത്താവിന്റെ ആരോഗ്യനില വഷളായതിനാലെന്ന് വിശദീകരണം

മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി രംഗത്ത്. വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യനില വഷളായെന്ന വിവരമറിഞ്ഞതിനെ തുടർന്നാണ് തനിക്ക് ട്രിപ്പ് പൂർത്തിയാക്കാതെ ഇറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു വിവാദമായ സംഭവം . കോട്ടയത്തുനിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ, ട്രിപ്പ് അവസാനിക്കാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് കണ്ടക്ടർ വഴിയിൽ ഇറങ്ങിയത്. ഇത് വലിയ തോതിൽ വിവാദമാവുകയും കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിര റിപ്പോർട്ട് തേടുകയും ചെയ്തതിന് പിന്നാലെയാണ് വനിതാ കണ്ടക്ടറുടെ പ്രതികരണം.

മകൾ ഫോണിൽ വിളിച്ച് കരഞ്ഞു; ഡ്യൂട്ടി മറ്റൊരാൾക്ക് കൈമാറിയെന്ന് കണ്ടക്ടർ

വീണ് ഇടുപ്പെല്ല് പൊട്ടിയതിനെ തുടർന്ന് തന്റെ ഭർത്താവ് നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്ന് കണ്ടക്ടർ പറഞ്ഞു. എന്നാൽ പ്രചരിക്കുന്നതുപോലെ സർവീസിനിടയിൽ അടിമാലിയിലോ തന്റെ സ്വദേശമായ പത്താം മൈലിലോ അല്ല താൻ ഇറങ്ങിയത്.യാത്രയ്ക്കിടയിൽ ഭർത്താവിന് സോഡിയം വളരെ കുറഞ്ഞ് ആരോഗ്യനില അതീവ വഷളായെന്നും ഡോക്ടർമാർ അടിയന്തിരമായി വരാൻ പറഞ്ഞെന്നും മകൾ ഫോണിൽ വിളിച്ച് കരഞ്ഞുപറഞ്ഞതോടെയാണ് അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും തനിക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വന്നതെന്ന് അവർ വിശദീകരിച്ചു.

വെറുതെ ബസിൽ നിന്നിറങ്ങിപ്പോവുകയല്ല ചെയ്തത്. പൈങ്ങോട്ടൂരിൽ വെച്ച് മൂന്നാർ ഡിപ്പോയിലെ തന്നെ മറ്റൊരു കണ്ടക്ടർ ഈ ബസിൽ യാദൃച്ഛികമായി കയറിയിരുന്നു. അദ്ദേഹത്തെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും അന്നത്തെ കളക്ഷൻ പണവും എണ്ണിത്തിട്ടപ്പെടുത്തി ഡ്യൂട്ടി ബോധ്യപ്പെടുത്തി ഏൽപ്പിച്ച ശേഷമാണ് താൻ ബസിൽ നിന്നിറങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഇറങ്ങിയതിന് തൊട്ടുപിന്നാലെ മൂന്നാർ സ്റ്റേഷൻ മാസ്റ്റർ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ തനിക്കെതിരെ മനപ്പൂർവ്വം ആരോ തെറ്റായ പരാതി നൽകിയിരുന്നതായും വനിതാ കണ്ടക്ടർ ആരോപിച്ചു.

വിവരം അറിഞ്ഞത് ചീഫ് ഓഫീസിൽ നിന്ന്; ഡിപ്പോ രജിസ്റ്ററിൽ രേഖപ്പെടുത്തിയെന്ന് സ്റ്റേഷൻ മാസ്റ്റർ
അതേസമയം, തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫിസിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കണ്ടക്ടർ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ വിവരം തങ്ങൾ അറിയുന്നതെന്ന് മൂന്നാർ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ കെജി സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡിപ്പോയിൽ ഉണ്ടായ കാര്യങ്ങളും മറ്റ് ക്രമീകരണങ്ങളും കൃത്യമായി ഡിപ്പോയിലെ ഒഫീഷ്യൽ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകാനുള്ള റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമാണെങ്കിലും ഡ്യൂട്ടി സമയത്തെ വീഴ്ചയായതിനാൽ വിജിലൻസ് അന്വേഷണത്തിന് ശേഷമേ അന്തിമ നടപടിയുണ്ടാകൂ.

കടൽഭിത്തി പൊളിച്ചുനീക്കിയവർക്കെതിരെ പരാതിനൽകി

കടൽഭിത്തി പൊളിച്ചുനീക്കിയവർക്കെതിരെ പരാതിനൽകി

അഞ്ചുതെങ്ങ് കായിക്കരയിൽ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കടൽഭിത്തി പൊളിച്ചുനീക്കിയതിനെതിരെ പരാതി നൽകി. കായിക്കര അയ്യപ്പാതോട്ടം തൊമ്മൻവിളാകത്ത് 25 മീറ്ററോളം വരുന്ന കടൽഭിത്തി പൊളിച്ചുനീക്കിയ സംഭവത്തിലാണ് കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയത്.

അനധികൃതമായി കടൽ ഭിത്തി പൊളിച്ചു നീക്കുന്നത് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ പ്രദേശവാസികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സ്ഥലത്തെത്തി പരിശോധിക്കുകയും 25 മീറ്ററോളം കടൽഭിത്തി പൊളിച്ച് കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്തുകയും ചെയ്തിരുന്നു. ജെസിബി വാഹനമുപയോഗിച്ചാണ് ഈ അനധികൃത പ്രവർത്തി നടത്തിയത്. ഈ പ്രവർത്തി രാജ്യ സുരക്ഷയ്ക്കും, കടൽതീര സംരക്ഷണത്തിന് ആഘാതവും കടലാക്രമണ ഭീഷണിക്കും കാരണമാകുമെന്നത് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം റൂറൽ, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി, അഞ്ചുതെങ്ങ് പോലീസ്, മേജർ ഇറിഗേഷൻ തുടങ്ങിയവർക്കാണ് പരാതി നൽകിയത്.

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

കൊച്ചി: വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികളെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലക്കാരായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ കാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് നെടുമ്പാശ്ശേരിയിൽ വെച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.

തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികൾ കൊച്ചിയിലെത്തിയത്. ഗ്രീൻ ചാനൽ വഴി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി വിശദമായി പരിശോധിക്കുകയായിരുന്നു.

പാന്റിന്റെ ഉള്ളിൽ തുന്നിച്ചേർത്തു; കസ്റ്റംസിനെ ഞെട്ടിച്ച ഒളിപ്പിക്കൽ രീതി
ആസൂത്രിതമായ രീതിയിലാണ് ദമ്പതികൾ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഇരുവരും ധരിച്ചിരുന്ന പാന്റുകളുടെ ഉൾവശത്തെ വെയ്സ്റ്റ് ബാൻഡിനുള്ളിൽ പ്രത്യേകമായി തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണ്ണപ്പശ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തത്.

പിടിച്ചെടുത്ത സ്വർണ്ണപ്പശയിൽ നിന്ന് രാസപ്രക്രിയയിലൂടെ കസ്റ്റംസ് വിദഗ്ദ്ധർ സ്വർണ്ണം വേർതിരിച്ചെടുത്തപ്പോൾ 1,353.92 ഗ്രാം (1.35 കിലോഗ്രാമിലധികം) ഭാരമുള്ള 24 ക്യാരറ്റ് ശുദ്ധമായ തങ്കമാണ് ലഭിച്ചത്.

പിടിച്ചെടുത്ത സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,93,55,640 രൂപ (ഏകദേശം 1.94 കോടി രൂപ) വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അറസ്റ്റും തുടർ അന്വേഷണവും

സ്വർണ്ണക്കടത്ത് തടയൽ നിയമപ്രകാരം ദമ്പതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. വിമാനത്താവളത്തിലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും വൻകിട സ്വർണ്ണക്കടത്ത് സംഘത്തിൻറെ കാരിയർമാരാണോ ഇവർ അതോ സ്വന്തം ആവശ്യത്തിനായി എത്തിച്ചതാണോ എന്ന് കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകളും അബുദാബിയിലെ യാത്രാ പശ്ചാത്തലവും കസ്റ്റംസ് വിശദമായി പരിശോധിച്ചുവരികയാണ്.

കൂപ്പുകുത്തി രൂപ, 48 പൈസയുടെ നഷ്ടം, 96 കടന്നു; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

കൂപ്പുകുത്തി രൂപ, 48 പൈസയുടെ നഷ്ടം, 96 കടന്നു; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷമാണ് പ്രധാനമായി ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം വീണ്ടും കനത്തതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാനും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണാധികാരം തങ്ങള്‍ക്ക് ആണ് എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിത യാത്രയ്ക്കായി കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം തങ്ങളുടെ അനുവാദമില്ലാതെ യുഎസ് സേന ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇതോടെ ഹോര്‍മുസ് കടലിടുക്ക് സാധാരണനിലയിലേക്ക് വരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് യഥാര്‍ഥത്തില്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. രണ്ടുദിവസത്തിനിടെ എണ്ണവിലയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.

‘കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല’; വിഡി സതീശൻ അഭിമുഖം

‘കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല’; വിഡി സതീശൻ അഭിമുഖം

തിരുവനന്തപുരം: കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുന്‍ഗാമികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, കേരളത്തില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രവുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് താന്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്ന സിപിഎമ്മിന്റെ വിമര്‍ശനം മുഖ്യമന്ത്രി നിഷേധിച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ”അത് എന്റെ ജോലിയല്ല… പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, തുറമുഖ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്ടി കൗണ്‍സിലിനും നീതി ആയോഗിനും മുമ്പാകെ സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരങ്ങളുണ്ട്. ‘എന്റെ ബജറ്റ് പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, നമ്മുടെ വിഹിതം (കേന്ദ്ര നികുതി വിഹിതം) കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. പത്താം ധനകാര്യ കമ്മീഷനില്‍ നമുക്ക് 3.5% ഉണ്ടായിരുന്നു. പതിനഞ്ചാമത്തേതില്‍ അത് 1.9% ആയി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 55,000 കോടി രൂപ റവന്യൂ കമ്മി ഗ്രാന്റായി അനുവദിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതില്ല.’ ധനകാര്യ വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്താനാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സതീശന്‍, വര്‍ഗീയ വിഷം ചീറ്റാന്‍ ശ്രമിക്കുന്ന ആരുമായും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പോരാടും. പ്രധാന വിഷയങ്ങളില്‍ എഐസിസി നിലപാടിനൊപ്പമാണ്. ഞങ്ങള്‍ ശക്തമായ ഒരു മതേതര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ‘ മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.

ഭരണമാറ്റം വന്നതോടെ ഭരണരീതിയില്‍ മാറ്റങ്ങളുണ്ടാകുമല്ലോ. പുതിയ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്?

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണരീതിയായിരിക്കും. മുന്‍ സര്‍ക്കാരിന്റെ അതേ പാതയിലൂടെ സഞ്ചരിച്ചാല്‍ കേരളം നിലനില്‍ക്കില്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തില മാറ്റങ്ങള്‍ വരുത്തുകയാണ്. കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നു.

ഇതു കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാര്‍ കൊണ്ടുവരും. സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയം ബൗദ്ധിക ചോര്‍ച്ചയാണ്. വിദഗ്ധരായ ആളുകള്‍ നാടുവിടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പലതും കാലഹരണപ്പെട്ടതാണ്. ഈ മേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച്, വിദഗ്ധ അഭിപ്രായം അനുസരിച്ച് പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കുകയും ചെയ്യും.’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു ‘നോളജ് വാലി’ (അറിവിന്റെ താഴ്വര) സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാരമ്പര്യവും പ്രശസ്തിയുമുള്ള വിദേശ/പ്രമുഖ സര്‍വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ സ്വപ്നം. ഡോ. ശശി തരൂരിനെപ്പോലുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ വിവിധ സര്‍വകലാശാലകളിലേക്ക് അയച്ച്, അവരുടെ കേന്ദ്രങ്ങള്‍ ഇവിടെ തുറക്കാന്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഞങ്ങളുടെ സ്വപ്ന പദ്ധതി ‘പോര്‍ട്ട് സിറ്റി’ (തുറമുഖ നഗരം) ആണ്. കേരളത്തിന് 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌നര്‍ ടെര്‍മിനല്‍, 17 മിനി തുറമുഖങ്ങള്‍ എന്നിവയുണ്ട്. ഇവയെല്ലാം സംയോജിപ്പിച്ച് മുഴുവന്‍ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മറ്റൊരു സ്വപ്നം ഒരു അന്താരാഷ്ട്ര സമുദ്ര മ്യൂസിയം സ്ഥാപിക്കുക എന്നതാണ്. ഞങ്ങള്‍ക്ക് വളരെ നീണ്ട ഒരു സമുദ്ര ചരിത്രമുണ്ട്.

മ്യൂസിയം കൊച്ചി കേന്ദ്രീകരിച്ചായിരിക്കും. മുസിരിസ് പൈതൃക പദ്ധതി നമുക്കുണ്ട്. 2,000 വര്‍ഷം പഴക്കമുള്ള തുറമുഖത്ത് ഇപ്പോഴും പുരാവസ്തു ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകത്തെ 31 രാജ്യങ്ങളുമായി നമുക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. അവയില്‍ രണ്ടെണ്ണം സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നത്. കേരളത്തെ ഒരു വ്യോമയാന കേന്ദ്രമാക്കുന്നതിനായി സര്‍ക്കാര്‍ 27 വ്യോമയാന പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ആഗോള കണ്‍വെന്‍ഷന്‍ സെന്റര്‍, പൈലറ്റ് പരിശീലന സ്ഥാപനം, ഒരു വിമാന പരിപാലന കേന്ദ്രം എന്നിവയും മറ്റ് നിരവധി വ്യോമയാന സ്ഥാപനങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍?

ഒന്നാമതായി, ഏറ്റവും മികച്ച ധനകാര്യ മാനേജ്മെന്റ് (സാമ്പത്തിക ആസൂത്രണം) പിന്തുടരുക. രണ്ടാമത്തേത്, ചോര്‍ച്ച തടയുക എന്നതാണ്. അതിനുശേഷം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്ന് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക. ഇതല്ലാതെ മറ്റൊരു പരിഹാരവുമില്ല. നികുതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമല്ല, പകരം നികുതി ശൃംഖല വിപുലീകരിക്കാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്.

വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ?

കാലാവസ്ഥാ വ്യതിയാനം മൂലം പടിഞ്ഞാറന്‍ മേഖല മുഴുവന്‍ ദുര്‍ബലമാണ്. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ‘ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്’ റിപ്പോര്‍ട്ട് സഭയില്‍ കൊണ്ടുവന്നിരുന്നു. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെയുള്ള മുഴുവന്‍ തീരപ്രദേശങ്ങളും, കേരളം ഉള്‍പ്പെടെ, അതീവ അപകടസാധ്യതയുള്ളവയാണ്. അറബിക്കടല്‍ പ്രക്ഷുബ്ധമാണ്. അതിശക്തമായ മഴയോ മേഘവിസ്‌ഫോടനമോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരിസ്ഥിതിലോല പ്രദേശങ്ങളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇനി മുതല്‍ ഞങ്ങളുടെ എല്ലാ പ്രോജക്ടുകളിലും കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമായി പരിഗണിക്കും.

വയനാട് തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുമോ?

വയനാട് തുരങ്കപാത പദ്ധതി ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഒരേയൊരു വ്യക്തി താനാണ്. എന്നാല്‍ പൊതുജനങ്ങള്‍ തനിക്കെതിരായിരുന്നു. പശ്ചിമഘട്ട മേഖല വളരെ ദുര്‍ബലമാണ്. കേരളത്തില്‍ രണ്ടു ലക്ഷത്തിലധികം തരത്തിലുള്ള മണ്ണുകളാണ് ഉള്ളത്. കേന്ദ്ര മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി പ്രകാരം, പ്രകമ്പനം ഉണ്ടാക്കാതെ പാറ തുരക്കണമെന്നാണ്. അത് എങ്ങനെ സാധ്യമാകും? ഇവിടുത്തെ മണ്ണിന്റെ അവസ്ഥയെക്കുറിച്ച് നമ്മള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഇത്തരം എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.