by Midhun HP News | Jun 16, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
വർക്കല പാപനാശം ഹെലിപ്പാടിന് സമീപമുള്ള കുന്നുകൾ ഇടിഞ്ഞു തീരത്ത് പതിച്ചിട്ടുണ്ട്. വലിപ്പമുള്ള കല്ലുകളാണ് തീരത്തേയ്ക് വീണിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെ ആണ് സംഭവം നടന്നതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആ ഭാഗത്ത് സഞ്ചരികളും എത്തിയിട്ടുണ്ട്. തീരത്ത് കനത്ത മഴയെയും കാറ്റിനെയും തുടർന്ന് വൈകുന്നേരത്തോടെ ബീച്ച് പോലീസ് എത്തി സഞ്ചാരികളെ പൂർണമായും മാറ്റിയിട്ടുണ്ട്. ഒപ്പം കയർ കെട്ടി ആ ഭാഗം അടച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്തെ മഴയ്ക്ക് ശക്തി പകരുന്നത്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.
മഴയ്ക്കും ശക്തമായ കാറ്റിനും ഒപ്പം കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ശക്തമായി തുടരുന്നു. കേരള തീരത്ത് തിങ്കളാഴ്ച രാത്രി വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം – ന്യൂമാഹി, കാസറഗോഡ്: കുഞ്ചത്തൂര്‍ – കോട്ടക്കുന്ന് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി, എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട്. തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍. മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി തീരങ്ങളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ സഹോദരന്‍ പറയുന്നു. പലപ്പോഴായി എടുത്ത വായ്പകളാണ് വലിയ ബാധ്യതയായി മാറിയത്. ഇവരുടെ വീടും ബാങ്ക് ജപ്തി ചെയ്യാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (Holiday). തൃശൂര്‍, വയനാട്, കാസര്‍കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാസര്‍കോട്, വയനാട് ജില്ലകളില്‍ അവധി നല്‍കിയിരിക്കുന്നത്. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
കാസര്‍കോട് ജില്ലയിലെ സാഹചര്യത്തില്‍, ജില്ലയിലെ കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
പ്ലസ് വൺ പ്രവേശന പ്രക്രിയകളും നിശ്ചയിച്ച തിയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
മലപ്പുറത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു കലക്ടർ വിആർ വിനോദ് പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
Recent Comments