വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡി ഇ ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്‌സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പ്രിയംവദയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍

കൊച്ചി: മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

റോഡിന്റെ വശത്തായി നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പൊതി കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം പരിശോധിക്കുന്നത് കാറിലുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും മുഹമ്മദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലത്തു വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ കൈയ്ക്കും കാലിനും ഒടിവുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

‘ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്, തളര്‍ന്നില്ല’; കേരളത്തില്‍ ദീപ്നിയ നമ്പര്‍ വണ്‍

കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. ഡോക്ടര്‍ എന്ന സ്വപ്നത്തിനുപുറകെയുള്ള ദീപ്നിയയുടെ യാത്രയ്ക്ക് മിന്നുന്ന വിജയത്തുടക്കം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൂരം താണ്ടി നീറ്റിലെ സംസ്ഥാനത്തെ ആദ്യ റാങ്കില്‍ ദീപ്നിയ മുത്തമിടുമ്പോള്‍ വീടിനും നാടിനും അഭിമാന നിമിഷം.

പൊതുവിദ്യാലത്തില്‍ പഠിച്ച, വായന ഏറെ ഇഷ്ടമുള്ള കോഴിക്കോട് ആവള സ്വദേശിനി ദീപ്നിയ ചിട്ടയായ പഠനത്തിലൂടെയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. അഖിലേന്ത്യാതലത്തില്‍ 109-ാം റാങ്കാണ്. ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്തായിരുന്നു റാങ്ക്. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. പാലാ ബ്രില്യന്‍സില്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പരിശീലനം. ദിവസം 12 മുതല്‍ 13 മണിക്കൂര്‍ വരെയായിരുന്നു പഠനമെന്ന് ദീപ്നിയ പറയുന്നു.

പോണ്ടിച്ചേരി ജിപ്മറില്‍ പഠിക്കാനാണ് താല്‍പ്പര്യം. ആവള ജിഎംഎല്‍പി, ആവള യുപി, ആവള കുട്ടോത്ത്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. പാഠ്യേതരവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി എം ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം പി ബിജിയുടേയും മകളാണ്.

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി, ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. ഇസ്രയേല്‍ ഇറാനെതിരെ വിപുലമായ ആക്രമണമാണ് നടത്തിയത്. പ്രധാനമായി ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിന് മറുപടിയെന്നോണം ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി.

ടെഹ്റാന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.

പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നതാന്‍സ്, ഇസ്ഫഹാന്‍, ടെഹ്റാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വിപുലമായ വ്യോമാക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

നിരവധി ഉന്നത ഇറാനിയന്‍ ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ടെഹ്റാനില്‍ നിന്ന് വേഗത്തിലുള്ളതും ശക്തവുമായ മറുപടി ഉണ്ടായി. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ 200-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തു. നിലവിലെ സാഹചര്യങ്ങള്‍ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ അവര്‍ പിന്‍വലിച്ചു. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, പ്രതികരണം ‘കൂടുതല്‍ കഠിന’മാകുമെന്നും ഇസ്രയേലിന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടാമെന്നും ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.