മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു; സന്നിധാനത്ത് അതിശക്തമായ മഴ

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയി ച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.

ഉച്ച മുതൽ അതിശക്തമായ മഴയാണ് ശബരിമല സന്നിധാനത്ത് പെയ്യുന്നത്. കനത്ത മഴയിലും ആയിരങ്ങളാണ് ഭഗവാനെ കണ്ട് വണങ്ങാൻ കാത്തു നിന്നത്. മിഥുനമാസം ഒന്നിന് നാളെ രാവിലെ അഞ്ചുമണിക്ക് നട തുറക്കും. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും.

മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ മടങ്ങേണ്ടി വന്ന മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റണ്‍സ് അകലെയാണ് താരം 136 റണ്‍സ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകള്‍ സഹിതമാണ് മാര്‍ക്രം എത്തിയത്. കളി ജയിക്കുമ്പോള്‍ 21 റണ്‍സുമായി ഡേവിഡ് ബഡിങ്ഹാമും 4 റണ്‍സുമായി കെയ്ല്‍ വരെയ്‌നുമായിരുന്നു ക്രീസില്‍.

ബവുമ 66 റണ്‍സെടുത്തു മടങ്ങി. വിയാന്‍ മള്‍ഡര്‍ (27), റിയാന്‍ റിക്കല്‍ടന്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റണ്‍സ് വരെ വലിയ പ്രശ്നമില്ലാതെ പോയി. എന്നാല്‍ 28 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകള്‍ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നില്‍പ്പുമായി അലക്സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അല്‍പ്പം ആശ്വാസമായി. സഖ്യം സ്‌കോര്‍ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു ഉയര്‍ത്തിയത് 61 റണ്‍സിന്റെ വിലപ്പെട്ട റണ്‍സുകള്‍. സ്‌കോര്‍ 134ല്‍ നില്‍ക്കെ അലക്സ് കാരി മടങ്ങി. താരം 43 റണ്‍സാണ് എടുത്തത്.

പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹെയ്‌സല്‍വുഡിനെ കൂട്ടുപിടിച്ചു നടത്തിയ ചെറുത്തു നില്‍പ്പും നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 59 റണ്‍സും ചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായത്. താരം 58 റണ്‍സെടുത്തു. ഹെയ്‌സല്‍വുഡ് 53 പന്തുകള്‍ ചെറുത്ത് 17 റണ്‍സും കണ്ടെത്തി.

ആദ്യ ഇന്നിങ്സില്‍ 5 ഓസീസ് വിക്കറ്റുകള്‍ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം ഒന്‍പതാക്കി ഉയര്‍ത്തി. റബാഡയ്ക്കൊപ്പം രണ്ടാം ഇന്നിങ്സില്‍ ലുന്‍ഗി എന്‍ഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാരക പേസുമായി കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മുതലാക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. കമ്മിന്‍സ് വെറും 28 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജ് റണ്ണൗട്ടായി.

ഓസീസിനെ 212 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ആദ്യ ദിനത്തില്‍ 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ടെംബ ബവുമയും ഡേവിഡ് ബഡിങ്ഹാമും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

രണ്ടാം ദിനത്തിലെ ആദ്യ സെഷനിലും ഇരുവരും കരുതലോടെ നീങ്ങി. സ്‌കോര്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. കമ്മിന്‍സ് ബവുമയെ മടക്കി. ബവുമ- ബെഡിങ്ഹാം സഖ്യം അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

ബഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. താരം 111 പന്തില്‍ 45 റണ്‍സെടുത്തു. ബവുമ 84 പന്തില്‍ 36 റണ്‍സും കണ്ടെത്തി. 16 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍, 13 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.

മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

ഒന്നാം ഇന്നിങ്സില്‍ ഓസീസിനായി ബ്യു വെബ്സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.

കേരളത്തിൽ മഴ ശക്തമാവും, ഒപ്പം കാറ്റും

കേരളത്തിൽ മഴ ശക്തമാവും, ഒപ്പം കാറ്റും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായും വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായും വടക്കൻ ഒഡിഷയ്ക്ക് മുകളിലായും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി തുടരുകയാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കാണ് സാധ്യത. 18 വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒപ്പം മണിക്കൂറിൽ 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

റെഡ് അലർട്ട്:

15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്.
17/06/2025: മലപ്പുറം, കോഴിക്കോട്.

ഓറഞ്ച് അലർട്ട്

15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.
16/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്.
17/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്.
18/06/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

മഞ്ഞ അലർട്ട്

16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
18/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.
[5:26 pm, 14/06/2025] Shibu Ac V: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കല്‍; സമയപരിധി ഒരുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കല്‍; സമയപരിധി ഒരുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഇന്ന് (ജൂണ്‍ 14) സമയപരിധി അവസാനിക്കാനിരിക്കേയാണ് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി യുഐഡിഎഐ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയത്.

ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി വീണ്ടും നീട്ടിയില്ലായിരുന്നുവെങ്കില്‍ ജൂണ്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരുമായിരുന്നു. ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത് എന്ന് യുഐഡിഎഐ അറിയിച്ചു.

മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

മ്ലാവിറച്ചി ലാബ് പരിശോധനയില്‍ പോത്തിറച്ചിയായി, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം

മ്ലാവിറച്ചി ലാബ് പരിശോധനയില്‍ പോത്തിറച്ചിയായി, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം

തൃശൂര്‍: മ്ലാവിറച്ചി ശാസ്ത്രീയ പരിശോധനയില്‍ പോത്തിറച്ചിയായി, കേസ് അവസാനിച്ചെങ്കിലും കുടുംബവും ജീവിതവും തകര്‍ന്ന് സുജേഷ്. ചാലക്കുടിയിലെ യൂണിയന്‍ തൊഴിലാളികളായിരുന്ന സുജേഷിനേയും ജോബിയേയും മ്ലാവിറച്ചി കൈവശം വെച്ചതായി ആരോപിച്ച് വനംവകുപ്പെടുത്ത കേസാണ് യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.

2024 സെപ്തംബറിലാണ് വനംവകുപ്പ് മ്ലാവിറച്ചി കേസില്‍ ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര മേച്ചിറ കാര്യാടന്‍ സുജേഷ് രണ്ടാം പ്രതിയും സുഹൃത്ത് ജോബി ഒന്നാം പ്രതിയുമായി കേസെടുക്കുകയും ചെയ്തു. ഇരുവരും ഈ കേസില്‍ 39 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ ആണ് സുജേഷ്, ജോബി എന്നിവരുടെ പക്കല്‍ നിന്നും പിടിച്ചത് പശുവിഭാഗത്തില്‍ പെടുന്ന ഇറച്ചിയാണെന്ന് വ്യക്തമാക്കിയത്. ഇതോടെ ഇരുവരേയും കോടതി വെറുതേ വിടുകയും ചെയ്തു.

എന്നാല്‍, കേസിനെ തുടര്‍ന്ന് യൂണിയന്‍ ജോലിയില്‍ നിന്നും ഇരുവരേയും പിരിച്ചുവിട്ടിരുന്നു. സുജേഷിന്റെ ഭാര്യ വിവാഹമോചനം നേടി. രണ്ടു കുട്ടികളും സുജേഷിനൊപ്പമാണ്. രാത്രി ഓട്ടോ ഓടിച്ചാണ് സുജേഷ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചാണ് വനംവകുപ്പുകാര്‍ കുറ്റം സമ്മതിപ്പിച്ചതെന്ന് സുജേഷ് പറയുന്നു. തനിക്ക് ജോലി തിരിച്ചുകിട്ടണമാണെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും സുജേഷ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടിവരികയും മാനസിക – ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടിവന്നതും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയാണ് ഇവര്‍ക്ക്.