അഹമ്മദാബാദ് വിമാന ദുരന്തം: ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

അഹമ്മദാബാദ് വിമാന ദുരന്തം: ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ( Air India) വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും.

ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗ്, സാക്ഷികളുടെ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത പ്രതിനിധികളെയും സമിതിയിലല്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ തകരാര്‍, മനുഷ്യ സംഭവ്യമായ പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങള്‍, മറ്റ് ലംഘനങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളും സമിതി പരിശോധിക്കും.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കൂടുതല്‍ കൂടി മരിച്ചു എന്നതാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 24 വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡിഎന്‍എ പരിശോധന ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൈമാറും.

കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കപ്പലിലെ ഇന്ധന ചോർച്ച അടച്ചു, വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്താനായിട്ടില്ല

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാൽ കപ്പലിൽ നിന്ന് വോയേജ് ഡാറ്റ റിക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റിക്കോർഡർ കണ്ടെത്തിയാൽ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ.

ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പൽ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളിൽ കപ്പൽ കമ്പനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാൽവേജ് കമ്പനിക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്പനികൾക്കും മുന്നറിയിപ്പു നൽകിയിരുന്നു.

15 ടാങ്കുകളിൽ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സാൽവേജ് കമ്പനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവൽ ഓയിൽ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു. ഇന്ധന ചോർച്ച തടയുന്നതിന്റെ ഭാഗമായി കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയ ഡൈവിങ് സപ്പോർട്ട് യാനമായ സീമാക് 3 സാച്ചുറേഷൻ ഡൈവിങ് ഒരുക്കങ്ങൾക്കായി കൊച്ചിയിൽ തിരിച്ചെത്തി.

51 മീറ്റർ അടിയിൽ കിടക്കുന്ന കപ്പലിലെ ടാങ്കിൽ നിന്ന് ഇന്ധനം നീക്കുന്നത് ഉൾ‍പ്പെടെയുള്ള കാര്യങ്ങൾക്ക് സാച്ചുറേഷൻ ഡൈവിങ് ആവശ്യമാണ്. ഇതിനായുള്ള തയാറെടുപ്പുകൾക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്.

മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് സി ഐ എഫ് ടി

കേരള തീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണെന്നും രാസമാലിന്യമില്ലെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഡയറക്ടർ ജോർജ്ജ് നൈനാൻ പറഞ്ഞു.

അതേസമയം, അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന രണ്ട് കണ്ടെയ്നർ കപ്പലുകൾ ഉൾപ്പെട്ട രണ്ട് അപകടങ്ങൾ മൂലമുണ്ടാകുന്ന രാസമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ച് ദീർഘകാല പഠനം നടത്താൻ കേരള സർക്കാർ തീരുമാനിച്ചു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി ഐ എഫ് ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയ പ്രമുഖ മത്സ്യബന്ധന ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നാണ് പഠനം നടത്തുക .

“എംഎസ്‌സി എൽസ 3 മുങ്ങിയതിനുശേഷം രാസമാലിന്യത്തെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ സംസ്ഥാന ഫിഷറീസ് മന്ത്രി യോഗം വിളിച്ചുചേർത്തിരുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ തുറമുഖങ്ങളിൽ നിന്ന് മത്സ്യഫെഡ് ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ഉപയോഗിച്ച് ഞങ്ങൾ പ്രാഥമിക പഠനം നടത്തി. മത്സ്യം ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് നിന്ന് ശേഖരിച്ച കടൽ വെള്ളത്തിന്റെ പിഎച്ച് അളവ് സാധാരണമായിരുന്നു. മഴക്കാലം കാരണം കലക്ക നില അല്പം കൂടുതലായിരുന്നു.

“ഫ്ലൂറസെൻസ് പരിശോധനയും പോസിറ്റീവ് ഫലങ്ങൾ നൽകി. ഇതൊരു സെൻസറി വിലയിരുത്തലായിരുന്നു, ബയോകെമിക്കൽ പാരാമീറ്ററുകൾ വിശകലനം ചെയ്യുന്നതിന് വിശദമായ ഒരു പഠനം നടത്തേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും വിപണിയിൽ മത്സ്യത്തിനുള്ള ആവശ്യം കുറഞ്ഞതായി പരാതിപ്പെടുന്നു. “കപ്പൽ തകർച്ചയ്ക്ക് ശേഷം പല സ്ഥിരം ഉപഭോക്താക്കളും മീൻ വാങ്ങുന്നത് നിർത്തി. എന്നാൽ,, ശുദ്ധജല മത്സ്യത്തിനുള്ള ഡിമാൻഡ് വർദ്ധിച്ചുവരികയാണ്,” കൊച്ചിയിലെ മത്സ്യക്കച്ചവടക്കാരനായ ഷിനാസ് പറഞ്ഞു.

മത്സ്യത്തിന്റെ ആവശ്യകതയിലുണ്ടായ കുറവ് കോഴി കർഷകർക്ക് ഒരു അനുഗ്രഹമായി മാറി. ഡിമാൻഡിൽ 30% വർദ്ധനവുണ്ടായി, വിപണിയിൽ പുതിയ കോഴിയുടെ ലഭ്യതക്കുറവും വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി.മെയ് 25 ന് ശേഷം കോഴിയിറച്ചിയുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. വിപണിയിൽ വിൽപ്പനയിൽ 30% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ക്ഷാമത്തിന് കാരണമായി. വേനൽക്കാലം കാരണം ദേശീയ തലത്തിൽ ഉത്പാദനം ഇടിഞ്ഞിരുന്നു, കിലോഗ്രാമിന് 80 രൂപയായിരുന്ന കോഴിയിറച്ചിയുടെ മൊത്തവില കിലോഗ്രാമിന് 125 രൂപയായി ഉയർന്നു, ”ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു.

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് (kerala rain) സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

ആകാശത്തെ പ്രണയിച്ച അവള്‍ യാത്രയായി; ബാക്കിയായി റോഷ്‌നിയുടെ സ്വപ്‌നം

ആകാശത്തെ പ്രണയിച്ച അവള്‍ യാത്രയായി; ബാക്കിയായി റോഷ്‌നിയുടെ സ്വപ്‌നം

ആകാശത്തെ അതിരറ്റ് സ്നേഹിച്ച പെണ്‍കുട്ടിയായിരുന്നു റോഷ്നി സോങ്ഹാരെ. ആകാശത്ത് സംഭവിച്ച ഒരു ദുരന്തത്തില്‍ തന്നെ ആ ജീവനും പൊലിഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുമായ 27കാരിയായ റോഷ്‌നി വിട പറഞ്ഞത്.

ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി ‘സ്‌കൈ ലവ്സ് ഹെര്‍’ എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരിക്കുന്നത്. അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്നി അധികവും പങ്കുവെച്ചിരുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ്. അപകടത്തിന് ഒരാഴ്ച്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം താമസം മാറിയത്. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ ബന്ധു വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റോഷ്നിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞശേഷം അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും റോഷ്നിയുടെ ഫാമിലി ഡോക്ടറായ ഗിരിഷ് ഘന്‍ഡ്ഗെ പ്രതികരിച്ചു.