പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

പ്രധാനമന്ത്രിയെ കാണാന്‍ കോവിഡ് ടെസ്റ്റ് നടത്തണം; മന്ത്രിമാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം. ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാര്‍, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, ഡല്‍ഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന് നടത്തുന്നത്.

വിരുന്നിന് മുന്നോടിയായി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം ഡല്‍ഹിയിലെ 70 ഓളം നേതാക്കള്‍ കൂട്ടത്തോടെ, കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പുതിയ കേസുകളും, 6 കോവിഡ് മരണങ്ങളും ഉണ്ടായതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലും, രണ്ടെണ്ണം കര്‍ണാടകയിലും ഒരെണ്ണം മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ 170 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജയസൂര്യയും നടിയും ഒരു സിനിമയിൽ അഭിനയിച്ചു, പക്ഷേ തെളിവില്ല; ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

ജയസൂര്യയും നടിയും ഒരു സിനിമയിൽ അഭിനയിച്ചു, പക്ഷേ തെളിവില്ല; ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസിൽ നടൻമാരായ ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെ തെളിവില്ലെന്ന് പൊലീസ്. ഇതോടെ നടന്മാർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ജയസൂര്യ, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരായ ബലാത്സം​ഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതിന് മാത്രമാണ് തെളിവ് ലഭിച്ചത്. എന്നാല്‍ പീഡിപ്പിച്ചതിന് തെളിവ് കിട്ടിയിട്ടില്ല. കിട്ടിയ തെളിവുകൾ വച്ച് കുറ്റപത്രം സമർപ്പിക്കണമോ എന്നും എഡിജിപിയുടെ അഭിപ്രായ പ്രകാരം തീരുമാനിക്കും.

2008 ൽ പുറത്തിറങ്ങിയ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു നടൻമാരും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ജയസൂര്യ സെക്രട്ടേറിയറ്റിൽ വച്ചും ബാലചന്ദ്ര മേനോൻ വഞ്ചിയൂരിലെ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയാണ് ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ പരാതിപ്പെട്ടത്.

നടിയും ജയസൂര്യയും ഒരു സിനിമയില്‍ അഭിനയിച്ചു എന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ പീഡനം നടന്നു എന്നതിന് തെളിവ് ലഭിച്ചില്ല. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ ശുചിമുറി പിന്നീട് പൊളിച്ച് വനം മന്ത്രിയുടെ ഓഫീസാക്കി മാറ്റിയിരുന്നു. അതുകൊണ്ട് പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല.

ദൃക്സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷി മൊഴിയോ ഇല്ല. തനിക്കു വേണ്ടി സാക്ഷി പറയാൻ നടി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ഹാജരാക്കിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയത്. ഇതും കേസിന് തിരിച്ചടിയായി.

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു. 92 വയസായിരുന്നു. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡന്റും കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ
(സി.ടി.ടി.യു) മലഞ്ചരക്ക് വിഭാഗം കൺവീനറുമായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും റോബർട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ നടക്കും.

‘സുൽഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി’, എന്നായിരുന്നു റോബർട്ട് പങ്കുവച്ച കുറിപ്പ്.

കൊച്ചി കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്, ഷിപ്പിങ് കമ്പനി ഒന്നാം പ്രതി

കൊച്ചി കപ്പലപകടത്തില്‍ കേസെടുത്ത് പൊലീസ്, ഷിപ്പിങ് കമ്പനി ഒന്നാം പ്രതി

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 എന്ന ചരക്കുകപ്പല്‍ അപകടത്തില്‍ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎസ് സി എല്‍സ എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കള്‍ കയറ്റിയ കപ്പല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

സ്‌ഫോടക വസ്തുക്കള്‍, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ കടലില്‍ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു. ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗമാണ് കപ്പല്‍ അപകടം മൂലം ഉണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ, മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച എല്ലാ ജില്ലകളിലും തീവ്രമഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും തീവ്രമഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.