by Midhun HP News | Jun 11, 2025 | Latest News, ദേശീയ വാർത്ത
ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോനത്തെയും നാലു കൂട്ടാളികളെയും പിടികൂടിയതോടെ കേസ് തെളിയിച്ചിരിക്കുകയാണ് മേഘാലയ പൊലീസ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം മെയ് 25ന് സോനം ജന്മനാടായ ഇന്‍ഡോറില്‍ തിരിച്ചെത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം വാരാണസിയിലേക്ക് പോകുന്നതിന് മുന്‍പ് ഇന്‍ഡോറില്‍ എത്താനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
‘സോനം ഇന്‍ഡോറില്‍ എത്തി മെയ് 25 നും 27 നും ഇടയില്‍ ദേവാസ് നാക പ്രദേശത്തെ ഒരു വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇന്‍ഡോറില്‍ തിരിച്ചെത്തിയ സമയത്ത് കാമുകന്‍ രാജ് കുഷ്വാഹയെ കാണുകയും തുടര്‍ന്ന് ദേവാസ് നാകയ്ക്ക് സമീപമുള്ള ഒരു വാടക മുറിയില്‍ സോനത്തിന് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കിയതായും സംശയിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം രാജ് കുഷ്വാഹ സോനത്തെ ടാക്‌സിയില്‍ കയറ്റി വാരാണസിയിലേക്ക് അയച്ചു. തുടര്‍ന്ന്, ജൂണ്‍ 8-9 തീയതികളില്‍ പുലര്‍ച്ചെ 1:15 ഓടെ കിഴക്കന്‍ യുപിയിലെ നന്ദ്ഗഞ്ചില്‍ (ഗാസിപൂര്‍) വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ സോനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിച്ചിട്ടില്ല.’- പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജൂണ്‍ 8 ന് വാരാണസി ഐഎസ്ബിടിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ബസില്‍ സോനം കയറുകയും എന്നാല്‍ രാജ് കുഷ്വാഹയെയും മറ്റ് മൂന്ന് പേരെയും ഇന്‍ഡോറില്‍ ആ രാത്രിയില്‍ അറസ്റ്റ് ചെയ്തതായി അറിഞ്ഞപ്പോള്‍ ഏകദേശം 65 കിലോമീറ്റര്‍ സഞ്ചരിച്ച് നന്ദ്ഗഞ്ചിനടുത്തുള്ള ധാബയ്ക്ക് സമീപം ഇറങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വാരാണസി ഐഎസ്ബിടിയില്‍ ബസില്‍ കയറുന്നതിന് മുമ്പ് ഇവര്‍ രണ്ട് യുവാക്കളുമായി സംസാരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായും പൊലീസ് പറയുന്നു. രണ്ടാമത്തെ സാധ്യത കൃത്യമാണെങ്കില്‍, അവര്‍ എന്തിനാണ് ഗോരഖ്പൂരിലേക്ക് പോയത് എന്ന ചോദ്യവും പൊലീസിനെ വലയ്ക്കുന്നുണ്ട്.
മുന്‍പ്, ഒളിവില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ഗോരഖ്പൂറിനെയാണ് ആശ്രയിച്ചിരുന്നത്. പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൂചനകളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.
കൂടുതല്‍ അന്വേഷണത്തില്‍ രാജധാനി എക്‌സ്പ്രസ് വഴി ഡല്‍ഹിയില്‍ നിന്ന് മേഘാലയയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ മൂന്ന് സഹായികളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്ക് 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും (ഒരു കീപാഡ്, ഒരു ആന്‍ഡ്രോയിഡ്) രാജ് കുഷ്വാ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. മെയ് 20-23 കാലയളവില്‍ ഗുവാഹത്തിയില്‍ നിന്ന് രാജ രഘുവംശിയുടെ മരണം വരെ ദമ്പതികളെ കൂട്ടാളികള്‍ പിന്തുടരുമ്പോള്‍ സോനത്തില്‍ നിന്ന് തത്സമയ ലൊക്കേഷനും ഫോട്ടോകളും ആന്‍ഡ്രോയിഡ് ഫോണിന് ലഭിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മെയ് 23 ന് രാജയെ പിന്നില്‍ നിന്ന് തലയ്ക്ക് ആക്രമിച്ചതായി കൂട്ടുപ്രതി വിശാല്‍ സമ്മതിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ വിശാലിന്റെ ഇന്‍ഡോറിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചതായി ഇന്‍ഡോര്‍-മേഘാലയ സംയുക്ത അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പൂനം ചന്ദ് യാദവ് പറഞ്ഞു. വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെല്ലാം രാജ് കുഷ്വായുടെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലുടനീളം സോനം രാജ് കുഷ്വായുടെ അക്കൗണ്ടിലൂടെ ഇടപാടുകള്‍ നടത്തിയിരുന്നതായി ഡിജിറ്റല്‍ പേയ്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. കേസിലെ നാല് കൂട്ടുപ്രതികളും രാജ രഘുവംശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ കൊലപ്പെടുന്ന സമയത്ത് സോനം അവിടെ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Jun 11, 2025 | Latest News, കേരളം
കൊച്ചി: എക്‌സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ. ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ്. എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്ന ആരോപണം വീണ സത്യവാങ്മൂലത്തിൽ തള്ളിയിട്ടുണ്ട്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ്. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നിട്ടുള്ളത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും വീണ പറയുന്നു.
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താനാണ് ശ്രമം. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്. ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്. എക്സാലോജിക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തന്‍റെ അച്ഛന് പങ്കില്ല. ഭർത്താവിനും കമ്പനിയുമായി ബന്ധമില്ല. കമ്പനി സ്ഥാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ്, അച്ഛന്‍ മുഖ്യമന്ത്രിയായത്. കോവിഡ് കാലത്താണ് എക്‌സാലോജിക് കമ്പനിപൂട്ടിപ്പോയത് എന്നും വീണ ചൂണ്ടിക്കാട്ടുന്നു.
എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. എകെജി സെന്‍റര്‍ സുരക്ഷിത താവളമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എകെജി സെന്‍ററിന്‍റെ വിലാസം തെറ്റായി ഉപയോഗിച്ചതിനല്ല ആര്‍ഒസി പിഴയീടാക്കിയത് . നടപടിക്രമങ്ങളിലെ വീഴ്ച തിരുത്താനാണ് പിഴയീടാക്കിയത്. സിബിഐ അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ അപേക്ഷ നിരാകരിക്കണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത
മംഗലപുരം കൈലാത്തു കോണം ഗുരുമന്ദിരം സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ദ സെമിനാറും എസ് എസ് എൽ സി വിജയികളെ ആദരിക്കലും നടന്നു. മംഗലപുരം പോലീസ് സബ്. ഇൻസ്പെക്ടർ കിരൺ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും റിട്ടയേർഡ്. അധ്യാപകൻ രത്നാകരൻ മുഖ്യാതിഥി ആയിരുന്നു. സമിതി സെക്രട്ടറി ജോയി വലിയ വിള, പ്രസിഡൻ്റ് സജീവ് എസ്, രക്ഷാധികാരി എ പ്രസന്നൻ, അഡ്വ. കെ അനിൽകുമാർ, വാർഡ് മെമ്പർമാരായ ഷീല, ബിനി അജികുമാർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തിയതായി കെ എസ് ഇ ബി അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 31,213 പരിശോധനകള്‍ നടത്തിയതില്‍ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തി. പിഴയായി 41.14 കോടിരൂപ ചുമത്തി. പിഴ ഒടുക്കാത്തതിനാല്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട പരിശോധനയുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
2025 ഏപ്രില്‍ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവില്‍ പിഴചുമത്തിയത്. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാന്‍ കഴിയും. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ എസ് ഇ ബി പാരിതോഷികം നല്‍കും. പിഴ തുക പൂര്‍ണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീര്‍പ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാര്‍ജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
by Midhun HP News | Jun 11, 2025 | Latest News, കേരളം
തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബിള്‍ ഈ മാസം 15ന് നിലവില്‍ വരും.
മഴക്കാലത്ത് അപകടങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 20 വരെയാണ് നിലവിലുണ്ടാകുക. കേരളത്തില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും.
എറണാകുളം ജങ്ഷന്‍-പുണെ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പര്‍ക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10). തിരുനെല്‍വേലി-ഹാപ്പ, തിരുനെല്‍വേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45). തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-ഇന്ദോര്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി)-പോര്‍ബന്തര്‍ സൂപ്പര്‍ഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).
എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള്‍ദീപ് എക്‌സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും. തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് 14.40-നും (നിലവിലെ സമയം-19.15) എറണാകുളം ജങ്ഷന്‍-അജ്മിര്‍ മരുസാഗര്‍ എക്‌സ്പ്രസ് 18.50-നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (ശനിയാഴ്ച) 22.00-നും (നിലവിലെ സമയം-00.50) പുറപ്പെടും.
Recent Comments