കാണ്മാനില്ല

കാണ്മാനില്ല

ആറ്റിങ്ങൽ:ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ആറ്റിങ്ങലിൽ നിന്നും കാണാതായി. കൊല്ലം മയ്യനാട് മുക്കുളം സ്വദേശിയായ N.R നിവാസിൽ 29 വയസുള്ള അരുൺ ചന്ദ് എന്ന യുവാവിനെയാണ് ആറ്റിങ്ങലിൽ നിന്നും കാണാതായത്. സ്വകാര്യ ധനകാര്യ സ്ഥാപന മായ കഴക്കൂട്ടം IDFC ശാഖയിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ ജീവനക്കാരനാണ് കാണാതായ അരുൺചന്ദ്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ സഹോദരിയുടെ ആറ്റിങ്ങലിലുള്ള വീട്ടിൽ വന്ന് പോവുകയും, തുടർന്ന് ഉച്ചക്ക് ഒരു സുഹൃത്തിനെ വിളിച്ച് 105 രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത‌ിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും,ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കിഴുവിലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

കിഴുവിലം രണ്ടാം വാർഡിലെ പഴവിളാകം അംഗൻവാടി റോഡ് പണി പൂർത്തിയാക്കാതെയും ഗതാഗതയോഗ്യമല്ലാതെയും വെള്ളക്കെട്ടായും കിടക്കുന്നതിനെതിരെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

പ്രതിഷേധത്തിന് വാർഡ് പ്രസിഡന്റ് രാജീവ്.ആർ. നായർ, സെക്രട്ടറി നസീം, ഖജാൻജി കബീർ, ആർച്ച, രവീന്ദ്രൻ നായർ, സുകുമാരപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. റോഡിലുള്ള പൈപ്പ്, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് മാറ്റാതെ, ഉറക്കം നടിക്കുന്ന വാർഡ് മെമ്പർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലെങ്കിൽ തുടർ പ്രക്ഷോഭ പരിപാടികളുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകി.

സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

സേവനത്തിൽ വീഴ്ച വരുത്തി, ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ട ഉപഭോക്തൃ കോടതി തന്നെ സേവനത്തില്‍ വീഴ്ച വരുത്തിയാല്‍ എന്തു ചെയ്യും? വേലി തന്നെ വിളവു തിന്നുന്ന ഇത്തരമൊരു സാഹചര്യമാണ് തിരുവനന്തപുരം ഉപഭോക്തൃ കോടതിയിലുണ്ടായത്. ഒടുവിൽ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് ഉപഭോക്താവിന് നീതി ലഭിച്ചത്. നാടകീയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ( consumer commission)അരങ്ങേറിയത്.

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ നിന്ന് 2023ൽ അനുകൂലമായൊരു വിധി സമ്പാദിച്ച മനുഷ്യനാണ് കഥാനായകൻ. എതിർ കക്ഷിയായ എച്ച് ഡി എഫ് സി ബാങ്ക് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. വാക്കാൽ വിധി പ്രഖ്യാപിച്ചുവെങ്കിലും വിധി പകർപ്പ് കൊടുത്തില്ല. ജില്ലാ ഫോറത്തിൽ കയറിയിറങ്ങിയിട്ടും കിട്ടാതായപ്പോൾ കക്ഷി പരാതിയുമായി സംസ്ഥാന കമ്മീഷനിൽ എത്തി.

സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ മുമ്പിൽ അദ്ദേഹം ആത്മഹത്യാ ഭീഷണിയും മുഴക്കി. സുധീന്ദ്രകുമാറിന്റെ കർശന നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച ജില്ലാ കമ്മീഷൻ വിധി പകർപ്പ് പരാതിക്കാരന് നൽകി.

വാക്കാൽ വിധി പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിധി പകർപ്പ് കിട്ടാത്ത കുറേപ്പേർ ജില്ലാ കമ്മീഷനെതിരെ സംസ്ഥാന കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സുധീന്ദ്രകുമാർ. സംസ്ഥാന കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്‌ണനോട് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരന്വേഷണം നടക്കുന്നത്.

ജില്ലാ ഫോറം പ്രസിഡന്റ് പി വി ജയരാജൻ അധ്യക്ഷനായ ബെഞ്ച് 2022 മുതൽ പുറപ്പെടുവിച്ച ഉത്തരവുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, പ്രസിഡന്റിനെതിരെ ഭരണപരമായ നടപടിയെടുക്കാൻ സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യുമെന്ന് അറിയുന്നു.

പകർപ്പുകൾ നൽകുന്നതിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് അമിതമായ കാലതാമസം ഉണ്ടാകുന്നതായി പരാതിക്കാർ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പലർക്കും ഇതുവരെ പകർപ്പ് ലഭിച്ചിട്ടില്ലാത്തതാണ് ആരോപണത്തിന് കാരണം.

ജില്ലാ കമ്മീഷൻ പ്രസിഡന്റിനോ അംഗങ്ങൾക്കോ ​​എതിരെ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ ഉചിതമായ ഭരണപരമായ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോടും ദേശീയ കമ്മീഷനോടും ശുപാർശ ചെയ്യാനും ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം സംസ്ഥാന കമ്മീഷൻ പ്രസിഡന്റിന് അധികാരമുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ കമ്മീഷൻ പ്രസിഡന്റിനെതിരെ സംസ്ഥാന കമ്മീഷൻ അന്വേഷണം നടത്തുന്നത്. ഉത്തരവ് നൽകാത്തത് വാസ്തവത്തിൽ ഉപഭോക്താവിന് ആശ്വാസം നിഷേധിക്കലാണെന്ന് സംസ്ഥാന കമ്മീഷൻ വിലയിരുത്തുന്നു.

‘ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്‍

‘ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’: വി ഡി സതീശന്‍

മലപ്പുറം: ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ( V D Satheesan ). മുമ്പ് സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര പാര്‍ട്ടിയായിരുന്നു. യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പാര്‍ട്ടിയായി എന്നതാണ് സിപിഎം നിലപാട്. പിണറായി വിജയന്‍ മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുസ്ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് 2009ല്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചു.

‘സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂര്‍വബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാ അത്തെ ഇസ്‌ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് ഞങ്ങള്‍ സ്വീകരിക്കും’. വി ഡി സതീശന്‍ പറഞ്ഞു.

മുമ്പ് അബ്ദുള്‍ നാസര്‍ മഅദനിയെ വര്‍ഗീയവാദി എന്നു വിളിച്ചവര്‍ക്ക് പിഡിപി പിന്തുണയില്‍ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. തീവ്രവാദ പ്രവര്‍ത്തനം നടത്തിയ മദനിയെ പിടിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി എന്ന് പിആര്‍ഡിയുടെ രേഖയിലിട്ട സര്‍ക്കാരാണ് ഇടതു സര്‍ക്കാര്‍. ഇപ്പോള്‍ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു വിഷമവുമില്ല. എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവും എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ നല്ലത്. ഇതെന്തു നിലപാടാണ്?. സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ നിലപാടിന്റെ കാപട്യം കൂടുതല്‍ പറയിക്കരുത്. എല്‍ഡിഎഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങള്‍ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവര്‍ സ്വീകരിക്കുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. യുഡിഎഫില്‍ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയ വിരുദ്ധത പറയുന്ന സിപിഎം ബിജെപിയുമായി പരസ്യമായ ബാന്ധവത്തിലാണ്. ബിജെപി നിലമ്പൂരില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ഒടുവില്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ തീരെ അപ്രസക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി നിര്‍ത്തി. ഇവിടെ സിപിഎം- ബിജെപി രഹസ്യമായ ബാന്ധവമാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയുടെ സാന്നിധ്യം പോലും കാണാനില്ല. ഇവിടെ യുഡിഎഫും എല്‍ഡിഎഫും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊളിറ്റിക്കലായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് നേരിടുന്നത്. ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാണ് യുഡിഎഫ് വോട്ടു തേടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

രഘുനാഥക്കുറുപ്പ് എൻ (77) അന്തരിച്ചു

രഘുനാഥക്കുറുപ്പ് എൻ (77) അന്തരിച്ചു

കല്ലമ്പലം: മാവിൻമൂട് രഘു വിലാസത്തിൽ രഘുനാഥക്കുറുപ്പ് എൻ (77) അന്തരിച്ചു. ഭാര്യ വത്സലകുമാരി വി.എസ്. മക്കൾ രേഖാ നാഥ്, രാഖി നാഥ്. മരുമക്കൾ ജയകുമാർ ആർ(സിവിൽ പൊലീസ് ഓഫീസർ, കൊല്ലം),സംജിത് എസ്.എൽ (സിവിൽ പൊലീസ് ഓഫീസർ,വർക്കല) സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്