by Midhun HP News | Jul 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻറെ സത്യപ്രതിജ്ഞ വിയ്യൂരിലെ സെൻട്രൽ ജയിലിൽ. നാളെ രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ സത്യപ്രതിജ്ഞ നടത്താമെന്ന് ഹൈക്കോടതി. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് ചടങ്ങിൽ സംബന്ധിക്കാമെന്നും കോടതി. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ജയിലിൽ വച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ല. ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും ഹൈക്കോടതി. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിലയിരുത്തി. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, സുഗതനെ സത്യപ്രതിജ്ഞയ്ക്കായി വിട്ടയക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാ പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ അവസരമൊരുക്കും. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിയമ തടസ്സങ്ങളില്ല. കാപ്പ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്നും കോടതിയെ സർക്കാർ അറിയിക്കും. നേരത്ത, മറ്റ് കേസുകളിൽ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. കോര്‍പ്പറേഷന്‍ അംഗമായി ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. ഇതേത്തുടർന്നാണ് കൗൺസിലർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തും. മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുന്ന നിയമനം നില നിൽക്കേ ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാകും.

by Midhun HP News | Jul 13, 2026 | Latest News, കേരളം
തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ പിൻവലിക്കാനോ പൊലീസിന് കൈമാറാനോ ഉള്ള കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. കോടതികളിൽ ഈ കേസുകളുടെ പ്രാധാന്യം കൃത്യമായി ബോധ്യപ്പെടുത്തി വിചാരണയുമായി മുന്നോട്ട് പോകാൻ ഡ്രഗ് കൺട്രോളർ കെ. സുജിത് കുമാർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, 2025-ലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്നും നിലവിലുള്ള 29 കേസുകളിൽ വകുപ്പ് തന്നെ നേരിട്ട് വാദിക്കുമെന്നും സുജിത് കുമാർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾക്കെതിരെ നിയമപരമായി പോരാടുന്ന രാജ്യത്തെ ഏക സംസ്ഥാന റെഗുലേറ്ററി ബോഡിയാണ് കേരളത്തിലേതെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പതഞ്ജലിക്കെതിരെയുള്ള കേസുകൾ ലഘൂകരിക്കാൻ ശ്രമിച്ചപ്പോൾ, കേരളം മാത്രമാണ് നിയമ നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് അവര്‍ പറയുന്നു.
കേരളത്തില്‍ നിലവില്‍ വിവിധ ജില്ലകളിലായി ഇത്തരം കേസുകള്‍ നടക്കുന്നുണ്ട്. കോഴിക്കോട് (7 കേസുകള്‍), എറണാകുളം (6 കേസുകള്‍), തൃശ്ശൂര്‍ (5 കേസുകള്‍), കൊല്ലം (5 കേസുകള്‍), തിരുവനന്തപുരം (4 കേസുകള്‍), കണ്ണൂര്‍ (2 കേസുകള്‍) എന്നിങ്ങനെയാണ് കണക്കുകള്‍.
കണ്ണൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബാബു കെവി.2023-ല്‍ നല്‍കിയ പരാതികളെത്തുടര്‍ന്നാണ് നിയമനടപടികള്‍ക്ക് തുടക്കമായത്. പരസ്യം ചെയ്യുന്നതിൽ നിന്ന് നിയമപരമായി വിലക്കപ്പെട്ടിട്ടുള്ള, വിട്ടുമാറാത്ത രോഗങ്ങൾക്ക് വരെ തങ്ങളുടെ ഉൽപ്പന്നങ്ങൾ അദ്ഭുതകരമായ പരിഹാരമാണെന്ന രീതിയിൽ പതഞ്ജലി പരസ്യം നൽകിയതായി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
1954-ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമത്തിലെ സെക്ഷൻ 3(d) പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ നിയമപ്രകാരം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 54 ഗുരുതര രോഗങ്ങൾക്ക് മരുന്ന് പരസ്യം ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
കേസുകൾ അട്ടിമറിക്കാൻ ബാഹ്യമായ കടുത്ത സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും പൊതുജനാരോഗ്യത്തെയും നിയമവ്യവസ്ഥയെയും മുൻനിർത്തി കേസുകളുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് കേരള ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പൗരന് വിധിച്ച വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീല്‍ കോടതി. ജഡ്ജി സലാഹ് അല്‍-ഹൂത്തി അധ്യക്ഷനായ അപ്പീല്‍ കോടതി ബെഞ്ചാണ് ഈ നിര്‍ണായക വിധി പ്രസ്താവിച്ചത്.
കുടുംബവഴക്കിന് പിന്നാലെ പ്രതി ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിതെന്നാണ് കേസ്. കൃത്യം നടത്തുന്നതിനായി പ്രതി അംഘാരയിലെ ഒരു സ്‌ക്രാപ്പ് യാര്‍ഡില്‍ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടര്‍ന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി പറയുന്നു.
കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം വാഹനത്തില്‍ കയറ്റി സാല്‍മി മരുഭൂമിയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷന്‍, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാള്‍ക്ക് നല്‍കണമെന്ന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്.

by Midhun HP News | Jul 13, 2026 | Latest News, കേരളം
മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് വേണ്ടി അപേക്ഷിക്കാം. ജൂലൈ 13 മുതൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും https://hscap.kerala.gov.in -ൽ ലഭ്യമാണ്.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം കാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനും അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അസമില്‍ 27 പേര്‍ വിദേശികളാണെന്ന് വിധിച്ച ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ വിധി ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കോടതി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നത് ന്യായമായിട്ടായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അസമില്‍ ട്രൈബ്യൂണല്‍ നിരവധി പേരുടെ രേഖകള്‍ പരിശോധിക്കുകയും, 27 പേര്‍ വിദേശികളാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ല എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍, ഇവര്‍ വിദേശികളാണെന്ന നിഗമനത്തിലെത്തിയത്. ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമാപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വവും വിദേശി പദവിയും ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. പൗരത്വം അഗാധമായ ഭരണഘടനാ പ്രാധാന്യമുള്ളതാണെന്നും നീതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പദവികള്‍ നിര്‍ണ്ണയിക്കുന്നത് തികച്ചും നീതിയുക്തവും നിയമാനുസൃതവും യുക്തിസഹവുമായ ഒരു പ്രക്രിയയിലൂടെയായിരിക്കണം. ഫോറിനേഴ്‌സ് ആക്ട്, 1946-ലെ സെക്ഷന്‍ 9 പ്രകാരമുള്ള നിയമപരമായ ബാധ്യത പൂര്‍ണ്ണമായും ബാധകമായി തുടരും. സുപ്രീംകോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കിയവരുടെ പൗരത്വ വാദങ്ങളുടെ മെറിറ്റ് സുപ്രീം കോടതി പരിശോധിക്കുന്നില്ല. ഇവര്‍ ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത, സ്വീകാര്യത, പ്രസക്തി തുടങ്ങിയവ ബന്ധപ്പെട്ട വിദേശ ട്രൈബ്യൂണല്‍ സ്വതന്ത്രമായി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസമയം, ഇന്ത്യന്‍ പൗരത്വത്തിനായുള്ള നിയമവിരുദ്ധമായ അവകാശവാദങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കോടതി അംഗീകരിച്ചു. ‘ഇന്ത്യന്‍ പൗരത്വത്തിന് നിയമപരമായി അര്‍ഹതയില്ലാത്ത വ്യക്തികള്‍ തെറ്റായ അവകാശവാദങ്ങളിലൂടെയോ, നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ കാലതാമസങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടോ അത്തരം പദവികള്‍ നേടിയെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ന്യായമായതും നിര്‍ബന്ധിതവുമായ അവകാശമുണ്ട്.’ ബെഞ്ച് വ്യക്തമാക്കി.

Recent Comments