സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; പത്തുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,04,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് ഇടിഞ്ഞത്. 13,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 3000 രൂപയാണ് ഇടിഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മാസ്ക് ധരിച്ചെത്തിയ ‘സാധാരണക്കാരൻ

മാസ്ക് ധരിച്ചെത്തിയ ‘സാധാരണക്കാരൻ

ചില്ലറയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടു! ഒടുവിൽ കണ്ടക്ടർ ഞെട്ടി, കട്ട ആക്ഷനുമായി മന്ത്രി
​സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം കർണാടക ബി.എം.ടി.സി. ബസുകൾ സാക്ഷ്യം വഹിച്ചത്.

പൊതുഗതാഗത സംവിധാനത്തിന്റെ യഥാർത്ഥ അവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കാൻ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശനിയാഴ്ച രാത്രി ഒരു മിന്നൽ പരിശോധന നടത്തി. ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് മാസ്കും ധരിച്ച്, തികച്ചും സാധാരണക്കാരനായി അദ്ദേഹം ബസുകളിൽ യാത്ര ചെയ്യാനിറങ്ങി.

​ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട് കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ചില്ലറ നൽകണമെന്നായിരുന്നു കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയുടെ ശാഠ്യം.
ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ “ചില്ലറ ഇല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോണം” എന്ന് കണ്ടക്ടർ കർശനമായി ആവശ്യപ്പെടുകയായിരുന്നു.

മാസ്ക് ധരിച്ചിരുന്നതിനാൽ മുന്നിൽ നിൽക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് ജീവനക്കാരൻ അറിഞ്ഞതുമില്ല. തർക്കത്തിനൊന്നും നിൽക്കാതെ, തന്റെ പദവി വെളിപ്പെടുത്താതെ മന്ത്രി ശാന്തനായി ബസിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വിവരമറിഞ്ഞ് ഞെട്ടിയ അധികൃതർ കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

​എന്നാൽ മന്ത്രിയുടെ മിന്നൽ ഓപ്പറേഷൻ അവിടെക്കൊണ്ടും തീർന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ‘ഫൺ വേൾഡ്’ ബസ് സ്റ്റോപ്പിൽ യാത്രക്കാർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ പോയ മറ്റൊരു ബി.എം.ടി.സി. ബസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരെ വലയ്ക്കുന്ന ഈ പ്രവണതയ്ക്കെതിരെ സംഭവസ്ഥലത്തു വെച്ച് തന്നെ മന്ത്രി കടുത്ത നടപടിയെടുത്തു. വണ്ടി നിർത്താതെ പോയ ആ ബസിലെ ഡ്രൈവർ മുസ്താഖ്, കണ്ടക്ടർ ദയാനന്ദ് എന്നിവരെ ഉടനടി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു.

​യാത്രക്കാരോട് മോശമായി പെരുമാറുന്നവർക്കും സ്റ്റോപ്പുകളിൽ വണ്ടി നിർത്താതെ പോകുന്ന ജീവനക്കാർക്കുമുള്ള ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കുകയാണ് മന്ത്രിയുടെ ഈ മിന്നൽ പരിശോധന.

​കർണാടക ഗതാഗത മന്ത്രിയുടെ ഈ മാസ്സ് ആക്ഷൻ വാർത്ത കേരളത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അകമ്പടി വാഹനങ്ങളുടെയും സൈറണുകളുടെയും ബഹളമില്ലാതെ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ടറിയാൻ നമ്മുടെ നാട്ടിലെ മന്ത്രിമാരും ഇതുപോലെ വല്ലപ്പോഴും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ഈ വാർത്ത കണ്ട മലയാളി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പറയുന്നത്.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യവും സ്റ്റോപ്പുകളിൽ വണ്ടി നിർത്താത്തതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമ്മുടെ ജനപ്രതിനിധികളും ഇത്തരം മിന്നൽ പരിശോധനകൾ മാതൃകയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

‘പ്രിയദർശിനി’ സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി, തൽക്കാലം സമരമില്ലെന്ന് ബസുടമകൾ

‘പ്രിയദർശിനി’ സൗജന്യയാത്ര: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി, തൽക്കാലം സമരമില്ലെന്ന് ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ ചെയർമാനായ സമിതിയാണ് വിഷയത്തിൽ പഠനം നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ ആണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ ബസുകൾക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസിനകത്തും പുറത്തും പരസ്യങ്ങൾ പതിക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയംരൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റിപ്പോർട്ട് വരുമ്പോഴേക്കും ബസുകൾ പൂട്ടും; തൽക്കാലം സമരമില്ല
സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളെയും പഠനക്കമ്മിറ്റിയെയും സ്വാഗതം ചെയ്യുമ്പോഴും ബസുടമകൾ തങ്ങളുടെ ആശങ്കകൾ മന്ത്രിയെ ധരിപ്പിച്ചു. പഠനക്കമ്മിറ്റിയുടെ റിപ്പോർട്ട് വരാൻ വൈകരുതെന്നും സർക്കാർ അടിയന്തിരമായി താൽക്കാലിക ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിച്ചു വരുമ്പോഴേക്കും സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളും സർവീസ് നിർത്തേണ്ടി വരുമെന്ന് അവർ ചൂണ്ടിക്കാട്ടി.

സർക്കാരുമായി നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടൻ കടക്കുന്നില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, വരും ദിവസങ്ങളിൽ സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾക്കും ഒപ്പം സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അവർ അറിയിച്ചു.

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് വകമാറ്റിയ കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍, ട്രസ്റ്റിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം എസ്‌ഐടിയിലെ അംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേഷ് കുമാര്‍ യാദവ് എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിനായി പൊതുജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വഞ്ചനാപരമായി ദുരുപയോഗം ചെയ്യല്‍, വകമാറ്റല്‍, തട്ടിപ്പ് നടത്തല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഉത്തര്‍പ്രദേശ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യമായ ഫോറന്‍സിക്, അന്വേഷണ അടിസ്ഥാന സൌകര്യങ്ങളി ല്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ഇത് കണ്ടെത്തുന്ന തെളിവുകളുടെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കും. സംഭാവന റജിസ്റ്ററുകള്‍, ലെഡ്ജറുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബാങ്ക് രേഖകള്‍, സോഫ്റ്റ്‌വെയര്‍ ഡാറ്റാബേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഭൗതിക, ഇലക്ട്രോണിക്, സാമ്പത്തിക രേഖകളും സൂക്ഷിക്കാന്‍ ട്രസ്റ്റിനും സംസ്ഥാനത്തിനും ഇടക്കാല നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരണപ്പെട്ടത്. മാങ്കുളം തളികത്തുള്ള വെള്ളച്ചാട്ടത്തിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.ആന്ധ്രാപ്രദേശിൽ നിന്നും പത്ത് പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്ത് എത്തിയത്.

സലീം വെള്ളച്ചാട്ടത്തിലെ ശക്തമായ ഒഴുക്കിൽപ്പെട്ടയുടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കഠിനശ്രമത്തിനൊടുവിൽ സലീമിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടവിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ സലീമിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആന്ധ്രയിലെ യുവാവിന്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.