by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: ഒഡീഷയില്‍ കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു. ബൊലാംഗീര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
പരിക്കേറ്റയാളെ ഉടന്‍ തന്നെ ബൊലാംഗീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഇയാളുടെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ അടിയന്തര ചികിത്സയ്ക്കായി വീണ്ടും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല, തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
എങ്കിലും യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ പൊലീസിന് കഴിയൂ.

by Midhun HP News | Jul 13, 2026 | Latest News, കേരളം
പത്തനംതിട്ട: പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി പൊലീസ് 23 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി.

by Midhun HP News | Jul 13, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മെറിറ്റ് ഈവെനിംഗ് അഭിനന്ദന സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ് ആർ. എസ്. ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി പി. എസ്. രാജൻ സ്വാഗതം ആശംസിച്ചു. തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എൽ. എൽ. ബി വരെ എത്തിയ പ്രതിഭ, അനിതകുമാരി എസ്. ആയിരുന്നു മുഖ്യാതിഥി.
കഠിനമായ ജീവിത സാഹചര്യങ്ങൾ മറികടന്നു 60 വയസ്സിനുശേഷം പ്ലസ് ടു, ഡിഗ്രി കോഴ്സ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടി ഇപ്പോൾ എൽ. എൽ. ബി ചെയ്തുകൊണ്ടിരിക്കുന്ന അനിതകുമാരിയുടെ ജീവിതവിജയകഥ വിദ്യാർഥികൾക്കും, മുതിർന്നവക്കും പ്രചോദനം നൽകുന്നതായിരുന്നു. അർഹരായ വിദ്യാർഥികൾക്കു മെറിറ്റ് സര്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാർഡ് കൗൺസിലർ പ്രിയങ്ക രാജ്, ഡോക്ടർ ജോയ് സുഷാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അനില ദേവി കൃതജ്ഞത രേഖപ്പെടുത്തി.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. യുഎസ് ഇറാന്‍ ധാരണാപത്രം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇന്നലെ രാവിലെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിര്‍ത്തി കടന്നെത്തി. 69 ദിവസത്തിനു ശേഷം ആദ്യമായാണ് യുഎഇയ്ക്കു നേരെ ആക്രമണം നടക്കുന്നത്. ഖത്തറിലെ അല്‍ ഉദെയ്ദ് യുഎസ് വ്യോമ താവളത്തിനു നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധ വിമാനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രം ആക്രമിക്കപ്പെട്ടു. കുവൈത്തിന്റെ ആകാശത്തും ഇറാന്‍ ഡ്രോണുകള്‍ എത്തിയതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കു ശേഷവും രണ്ടു തവണ വ്യോമാക്രമണമുണ്ടായി. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഇന്നലെ 3 തവണയാണ് ബഹ്‌റൈനില്‍ സുരക്ഷാ സൈറന്‍ മുഴങ്ങിയത്. ഹോര്‍മൂസിലെ നിയന്ത്രണം സംബന്ധിച്ചു ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒമാന്‍ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഭരണകൂടം. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കയുടെ യുദ്ധ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനത്തിനു നേരെയും നാവിക സേനയുടെ ബോട്ടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്ന കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയതായി ഇറാന്‍ ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.
ഒമാനെതിരെ നടന്ന ആക്രമണത്തില്‍ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചെങ്കിലും ഹോര്‍മുസിലെ തെക്കന്‍ സമുദ്ര പാത തുറന്നു കിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
യുഎഇയില്‍ അതീവ ജാഗ്രത; അവശിഷ്ടങ്ങള്‍ തൊടരുത്
ആക്രമണങ്ങളില്‍ യുഎഇ പ്രതിരോധ മന്ത്രാലയം രാജ്യവ്യാപകമായി ജനങ്ങള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. രാജ്യമുടനീളം കേട്ട വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമപ്രതിരോധ സേനയുടെ മിസൈല്‍ പ്രതിരോധ നടപടികള്‍ മൂലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആകാശത്തുവെച്ച് തകര്‍ത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ അവയ്ക്ക് സമീപം പോകാനോ, തൊടാനോ, ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അധികൃതരെ വിവരമറിയിക്കണം.

by Midhun HP News | Jul 13, 2026 | Latest News, കേരളം
തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്.
സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ ( 17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Recent Comments