അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ; മോചനം അടുത്ത വർഷം ഡിസംബറിൽ

അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ; മോചനം അടുത്ത വർഷം ഡിസംബറിൽ

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിന്റെ മോചനം വൈകും. അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ റിയാദ് ക്രിമിനൽ കോടതി വിധിച്ചു. പൊതു അവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരമാണ് 20 വർഷം​ തടവുശിക്ഷ വിധിച്ചത്.

കേസിൽ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. അതുപ്രകാരം 2026 ഡിസംബറിൽ 20 വർഷം തികയും. ഇതിനു ശേഷം റഹീമിന് മോചനമുണ്ടാകും. സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന കോടതി സിറ്റിങ്ങിലാണ്​ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ തടവിലാണ് റഹീം.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹിമിന് വധശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാൽ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെയാണ് ഒമ്പത്​​ മാസം മുമ്പ്​ വധശിക്ഷയിൽ നിന്നും ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാതിരുന്നതോടെ​ ജയിൽ മോചനത്തിൽ തീരുമാനം നീളുകയായിരുന്നു.

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം, മേല്‍ക്കൂരകള്‍ പറന്നുപോയി

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം, മേല്‍ക്കൂരകള്‍ പറന്നുപോയി

തൃശൂര്‍: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.ഏതാനും നിമിഷം മാത്രം നീണ്ട കാറ്റില്‍ ഏതാനും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാറ്റടിച്ചത്. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.

കരുവന്നൂര്‍ തട്ടിപ്പ്: എ സി മൊയ്തീനും കെ രാധാകൃഷ്ണനും പ്രതികള്‍, സിപിഎമ്മും പ്രതിപ്പട്ടികയില്‍; അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കരുവന്നൂര്‍ തട്ടിപ്പ്: എ സി മൊയ്തീനും കെ രാധാകൃഷ്ണനും പ്രതികള്‍, സിപിഎമ്മും പ്രതിപ്പട്ടികയില്‍; അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി, എം എം വര്‍ഗീസ് എന്നിവരും പ്രതികളാണ്. സിപിഎമ്മിനേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. കൊച്ചി പിഎംഎല്‍എ കോടതിയിലാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

സഹകരണ ബാങ്ക് തട്ടിപ്പു വഴി പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികളുടെ സ്വത്തുവകകളില്‍ നിന്ന് ഇഡി 128 കോടി രൂപ കണ്ടുകെട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ കുറ്റപത്രത്തില്‍ പ്രതിയാക്കി കൂട്ടിച്ചേര്‍ത്തിട്ടുള്ളവരില്‍ എട്ടുപേര്‍ രാഷ്ട്രീയ നേതാക്കളാണ്. വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മധു അമ്പലപുരം 64-ാംമ പ്രതിയാണ്. 67-ാം പ്രതിയായി മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ എസി മൊയ്തീനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

68 -ാം പ്രതിയായിട്ടാണ് സിപിഎമ്മിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 69-ാം പ്രതി സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ്. മുന്‍ മന്ത്രിയും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ എംപിയാണ് കേസില്‍ 70-ാം പ്രതി. 71-ാം പ്രതിയായി സിപിഎം പുറത്തുശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ ആര്‍ പീതാംബരനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പുറത്തുശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എംബി രാജുവിനെ 72-ാം പ്രതിയാക്കിയിട്ടുണ്ട്.

സിപിഎം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ സി പ്രേമരാജനാണ് 73-ാം പ്രതി. ഇതടക്കം 83 പേരുടെ പ്രതിപ്പട്ടിക ഉള്‍പ്പെടുന്ന അന്തിമ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പി കെ ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ അനീപ് ഡേവിസ് കാടയെയും പ്രതി ചേര്‍ത്തിട്ടില്ല. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ഇവരെ നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു.

നേരമ്പോക്കിനു ചീട്ടുകളിക്കുന്നത് അധാര്‍മിക പ്രവൃത്തിയല്ല: സുപ്രീംകോടതി

നേരമ്പോക്കിനു ചീട്ടുകളിക്കുന്നത് അധാര്‍മിക പ്രവൃത്തിയല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വാതുവെപ്പും ചൂതാട്ടവും അല്ലാതെ വിനോദത്തിനും നേരമ്പോക്കിനും വേണ്ടി ചീട്ടുകളിക്കുന്നതിനെ അധാര്‍മിക പ്രവൃത്തിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.

കര്‍ണാടകയിലെ ഗവണ്‍മെന്റ് പോര്‍സലൈന്‍ ഫാക്ടറി എംപ്ലോയീസ് ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വൈ സി ഹനുമന്തരായപ്പയെ റോഡരികില്‍ ചീട്ടുകളിച്ചതിനെത്തുടര്‍ന്ന് പിഴ ചുമത്തി. യാതൊരു വിചാരണയും ഇല്ലാതെ 200 രൂപ പിഴ ചുമത്തിയെന്നാണ് ആരോപണം.

പിന്നാലെ ഹനുമന്തരായപ്പയെ തല്‍സ്ഥാനത്തു നിന്ന് നീക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇയാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി.

കാര്യങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അപ്പീല്‍ നല്‍കിയ ആളുടെ മേല്‍ ധാര്‍മിക അരാജകത്വം എന്ന് ആരോപിക്കുന്നത് ബുദ്ധിമുട്ടാണ്. പുരികം ചുളിക്കുന്ന തരത്തിലുള്ള ഏതൊരു കാര്യവും ധാര്‍മിക അരാജകത്വമായി കണക്കാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു. സഹകരണ സംഘത്തിലെ സ്ഥാനത്തു നിന്ന് ഹനുമന്തരായപ്പയെ നീക്കം ചെയ്യാനുള്ള തീരുമാനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് കീഴടങ്ങിയത്. ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.