by Midhun HP News | Jul 11, 2026 | Latest News, കായികം
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായി ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാംപ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.
ടീമിന്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദര സൂചകമായാണ് തീരുമാനം. കൂടാതെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് കുടുംബാംഗമായ ഇന്ത്യൻ താരം സഞ്ജു സാംസൺ ഐസിസി ടി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ബഹുമതി നേടിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നതിന്റെ ഭാഗമായും ബോണസ് പ്രഖ്യാപനം നടത്തുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
കായിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്വം കൂടി മുൻനിർത്തി, ഭവനരഹിതരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനായി ഫ്രാഞ്ചൈസി 4 ലക്ഷം രൂപ സംഭാവന ചെയ്യും.
യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് അക്കാദമിക്ക് വലിയ പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നെറ്റ് ബൗളർമാർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 600ലധികം അപേക്ഷകളാണ് ലഭിച്ചത്.
കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ മൂന്നാം സീസണിലും ടീമിന്റെ നായകനായി തുടരും. ഇന്ത്യൻ താരം സഞ്ജു സാംസൺ ടീം രൂപീകരണം, യുവതാരങ്ങളുടെ മെന്ററിംഗ്, കളിക്കാരുടെ വികസനം എന്നിവയിൽ നിർണായക പങ്കുവഹിക്കും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇത്തവണ ബ്ലൂ ടൈഗേഴ്സിന്റെ കോ ഓണർ ആയി ടീമിനൊപ്പമുള്ളത്. ഗെയിലിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.
കിരീടങ്ങൾ നേടുക എന്നതിനപ്പുറം, വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കാനും സമൂഹത്തിന് തങ്ങളാലാകുന്ന സംഭാവന നൽകാനുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ശ്രമിക്കുന്നതെന്ന് ടീം ഉടമ സുബാഷ് മാനുവൽ വ്യക്തമാക്കി. കളിക്കാർക്കുള്ള 30 ലക്ഷം രൂപയുടെ ബോണസ്, ഭവനനിർമാണ സഹായം, ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനം, ക്രിസ് ഗെയിലിന്റെ സാന്നിധ്യം എന്നിവയിലൂടെ കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംഭാവന നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ചാംപ്യൻമാരുടെ കരുത്തും ശക്തമായ നേതൃത്വനിരയും ക്രിക്കറ്റ് അക്കാദമിയുടെ പിന്തുണയും ചേരുന്നതോടെ വരും സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്.

by Midhun HP News | Jul 11, 2026 | Latest News, കേരളം
ഡല്‍ഹി: സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം, ജൂലൈ 9-ലെ വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുമ്പോള്‍ അവയുടെ കൃത്യമായ വരികളും ലിപിയും, ഉച്ചാരണശുദ്ധിയും കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ഗീതത്തിന്റെയും ദേശീയ ഗാനത്തിന്റെയും യഥാര്‍ത്ഥ വരികളും കൃത്യമായ ഉച്ചാരണ രീതിയും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമായി ആലപിക്കേണ്ടതെപ്പോഴൊക്കെയാണെന്നതിനെക്കുറിച്ചുള്ള സമഗ്രമായ പട്ടിക ഉത്തരവിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

by Midhun HP News | Jul 11, 2026 | Latest News, കേരളം
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി അന്‍സിബ. ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ആവശ്യപ്പെടാനല്ല. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിഡിയോ തടയാന്‍ ഇടപടണമെന്ന് അഭ്യര്‍ത്ഥിക്കാനാണെന്നാണ് അന്‍സിബ പറയുന്നത്. കേസില്‍ എഫ്‌ഐആര്‍ ഇട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറയുകയായിരുന്നു അന്‍സിബ ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അന്‍സിബ ആരോപിച്ചു. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്നും അതാണ് നിങ്ങളുടെ വാതിലില്‍ മുട്ടുന്നതെന്നും അന്‍സിബ പറഞ്ഞു. ആ വാക്കുകളിലേക്ക്:
ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല.മറിച്ച്, ഇന്‍സ്റ്റാഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്.
ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കാനാണ് ഞാന്‍ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.
എന്നാല്‍, കേസില്‍ എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നത്.
പരാതിയില്‍ FIR രജിസ്റ്റര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച, ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇതേ പ്രതി നല്‍കിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് എന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കും.
അന്‍സിബ ഹസ്സന്‍

by Midhun HP News | Jul 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവിലയില്‍ പ്രതിഫലിച്ചത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jul 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൊറോ ഹെല്‍ത്തില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മറ്റൊരു കമ്പനിയിലും സമാനമായ നിലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശമ്പള കുടിശ്ശിക നല്‍കാതെ ടാല്‍റോപ്പ് എന്ന കമ്പനി പെട്ടെന്ന് തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഒക്ടോബര്‍ മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മെയ് 15നകം കുടിശ്ശിക തീര്‍ക്കുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഒക്ടോബര്‍ 31നകം കൊടുത്തുതീര്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇങ്ങനെ ഡേറ്റ് മാറ്റിപ്പറയുന്നതിനാല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പലര്‍ക്കും ആറുമാസം മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശികയുണ്ട്. ഫണ്ടിങ് ഇഷ്യു ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ലഭിക്കുന്നില്ല. 2017 മുതലാണ് കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2020ലാണ് ആളുകളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്തത്. പുതിയതായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായി വന്ന് ഫണ്ട് ലഭിച്ച ശേഷം തരാമെന്നാണ് കമ്പനി പറയുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

Recent Comments