by Midhun HP News | Jul 11, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി കണ്ഠരര് രാജീവരര്. അനാരോഗ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായിരുന്നു കണ്ഠരര് രാജീവരര്. ഇത്തവണ ഊഴപ്രകാരം കണ്ഠരര് രാജീവരര് ആണ് ശബരിമലയില്‍ കാര്‍മികത്വം വഹിക്കേണ്ടത്. എന്നാല്‍ അതിന് പകരം തന്റെ മകന്‍ ബ്രഹ്മദത്തനെ താന്ത്രിക ചുമതല നല്‍കണമെന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി അറസ്റ്റിലായതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോര്‍ഡ് ഇതില്‍ ഒരു തീരുമാനമെടുക്കൂ. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിനുപിന്നില്‍ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്ക് സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

by Midhun HP News | Jul 11, 2026 | Latest News, കേരളം
കണ്ണൂര്‍: തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.
വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീലിനെ പിടികൂടിയത്.
തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂളറിനുള്ളില്‍ കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഡാന്‍സാഫ് ടീമും തലശേരി എഎസ്പിയുടെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.
ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ‘ഞാന്‍ ഇത് ചെയ്തു. ഞാന്‍ ആ മനുഷ്യരെയെല്ലാം കൊലപ്പെടുത്തി’- അവന്‍ അച്ഛനോട് പറഞ്ഞു. ‘അതിനുശേഷം പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ തരുണ്‍ ജോഷി പറഞ്ഞു.

‘പ്രതി നിലവില്‍ ഒളിവിലാണ്. പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ തന്നെ പിടികൂടും,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
‘പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു,’- ജോഷി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
പ്രതിക്ക് മുന്‍പും പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് ഓഫീസര്‍ വ്യക്തമാക്കി. ‘കൗണ്‍സിലിങ്ങിനായി ഞങ്ങള്‍ രണ്ട് മൂന്ന് തവണ ഇയാളെ വിളിച്ചിരുന്നു. ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്ന് കുടുംബാംഗങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് ചൂതാട്ട ശീലവും കടബാധ്യതകളും ഉണ്ടായിരുന്നു,’- അദ്ദേഹം പറഞ്ഞു.

by Midhun HP News | Jul 11, 2026 | Latest News, കായികം
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായി ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാംപ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്‌മെന്റ് അറിയിച്ചു.
ടീമിന്റെ ചരിത്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദര സൂചകമായാണ് തീരുമാനം. കൂടാതെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് കുടുംബാംഗമായ ഇന്ത്യൻ താരം സഞ്ജു സാംസൺ ഐസിസി ടി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ബഹുമതി നേടിയതിന്റെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നതിന്റെ ഭാഗമായും ബോണസ് പ്രഖ്യാപനം നടത്തുകയാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
കായിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്വം കൂടി മുൻനിർത്തി, ഭവനരഹിതരായ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതിനായി ഫ്രാഞ്ചൈസി 4 ലക്ഷം രൂപ സംഭാവന ചെയ്യും.
യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് അക്കാദമിക്ക് വലിയ പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നെറ്റ് ബൗളർമാർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 600ലധികം അപേക്ഷകളാണ് ലഭിച്ചത്.
കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച സാലി സാംസൺ മൂന്നാം സീസണിലും ടീമിന്റെ നായകനായി തുടരും. ഇന്ത്യൻ താരം സഞ്ജു സാംസൺ ടീം രൂപീകരണം, യുവതാരങ്ങളുടെ മെന്ററിംഗ്, കളിക്കാരുടെ വികസനം എന്നിവയിൽ നിർണായക പങ്കുവഹിക്കും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഇത്തവണ ബ്ലൂ ടൈഗേഴ്സിന്റെ കോ ഓണർ ആയി ടീമിനൊപ്പമുള്ളത്. ഗെയിലിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് കേരളത്തിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തൽ.
കിരീടങ്ങൾ നേടുക എന്നതിനപ്പുറം, വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കാനും സമൂഹത്തിന് തങ്ങളാലാകുന്ന സംഭാവന നൽകാനുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ശ്രമിക്കുന്നതെന്ന് ടീം ഉടമ സുബാഷ് മാനുവൽ വ്യക്തമാക്കി. കളിക്കാർക്കുള്ള 30 ലക്ഷം രൂപയുടെ ബോണസ്, ഭവനനിർമാണ സഹായം, ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനം, ക്രിസ് ഗെയിലിന്റെ സാന്നിധ്യം എന്നിവയിലൂടെ കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള സംഭാവന നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ചാംപ്യൻമാരുടെ കരുത്തും ശക്തമായ നേതൃത്വനിരയും ക്രിക്കറ്റ് അക്കാദമിയുടെ പിന്തുണയും ചേരുന്നതോടെ വരും സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്.

by Midhun HP News | Jul 11, 2026 | Latest News, കേരളം
ഡല്‍ഹി: സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
ചില സംസ്ഥാനങ്ങളില്‍ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. തുടര്‍ന്ന് ദേശീയ ഗീതമായിരിക്കണം ആലപിക്കേണ്ടത്, അതിന് ശേഷമായിരിക്കണം ദേശീയ ഗാനം, ജൂലൈ 9-ലെ വിജ്ഞാപനത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുമ്പോള്‍ അവയുടെ കൃത്യമായ വരികളും ലിപിയും, ഉച്ചാരണശുദ്ധിയും കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ഗീതത്തിന്റെയും ദേശീയ ഗാനത്തിന്റെയും യഥാര്‍ത്ഥ വരികളും കൃത്യമായ ഉച്ചാരണ രീതിയും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദേശീയ ഗാനവും ദേശീയ ഗീതവും നിര്‍ബന്ധമായി ആലപിക്കേണ്ടതെപ്പോഴൊക്കെയാണെന്നതിനെക്കുറിച്ചുള്ള സമഗ്രമായ പട്ടിക ഉത്തരവിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Recent Comments