by Midhun HP News | Jul 11, 2026 | Latest News, കായികം
ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്പെയിന് സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മൈക്കല്‍ മെറിനോയാണ് ഒരിക്കല്‍ കൂടി സ്പാനിഷ് പടയുടെ വിജയശില്പിയായത്. സെമി ഫൈനലില്‍ ഫ്രാന്‍സാണ് സ്പെയിന്റെ എതിരാളികള്‍.
ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പെഡ്രിക്ക് പകരം അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഇടംനേടിയ ഫാബിയന്‍ റൂയിസിലൂടെ 30-ാം മിനിറ്റില്‍ സ്പെയിനാണ് ആദ്യം ലീഡെടുത്തത്. ഡാനി ഓല്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തിട്ടെങ്കിലും റീബൗണ്ടിലൂടെ റൂയിസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0). ലമിന് യമാലിന്റെ മികച്ച മുന്നേറ്റങ്ങളും ബെല്‍ജിയം പ്രതിരോധത്തെ പരീക്ഷിച്ചു.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബെല്‍ജിയം തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ കെവിന് ഡി ബ്രൂയ്നെയുടെ പാസില്‍ നിന്ന് തിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസ് ചാള്‍സ് ഡി കെറ്റെലെയര്‍ ഹെഡ്ഡറിലൂടെ സ്പാനിഷ് വലയിലാക്കി കളി സമനിലയിലാക്കി (1-1). ഈ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടം നടത്തി. ഇതിനിടയില്‍ 71-ാം മിനിറ്റില്‍ പരിക്കേറ്റ ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടുവയ്ക്ക് കളം വിടേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി. പകരക്കാരനായി സെനെ ലമ്മെന്‍സ് ഗോള്‍വലയ്ക്ക് മുന്നിലെത്തി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 88-ാം മിനിറ്റിലാണ് സ്പെയിന്റെ വിജയഗോള്‍ പിറന്നത്. പാബ്ലോ കുബാര്‍സിയുടെ ലോങ് റേഞ്ച് ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ ബെല്‍ജിയം പകരക്കാരന് ഗോള്‍കീപ്പര്‍ ലമ്മെന്‍സിന് സാധിച്ചില്ല. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം അവസരം മുതലാക്കിയ മൈക്കല്‍ മെറിനോ പന്ത് വലയിലേക്ക് അടിച്ചുകയറ്റി സ്പെയിന് അവിസ്മരണീയ വിജയം സമ്മാനിച്ചു (2-1).
പോര്ച്ചുഗലിനെതിരെയുള്ള പ്രീ-ക്വാര്‍ട്ടറിലും അവസാന നിമിഷ ഗോള്‍ നേടി ടീമിനെ രക്ഷിച്ച മെറിനോ, വീണ്ടും സ്പെയിന്റെ ഹീറോയായി മാറുന്ന കാഴ്ചയ്ക്കാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. സ്പെയിന്റെ തുടര്‍ച്ചയായ 36-ാം വിജയമാണിത്. ഡാലസില്‍ നടക്കുന്ന ഹൈ വോള്‍ട്ടേജ് സെമി ഫൈനലില്‍ സ്പെയിന് ഇനി ഫ്രാന്‍സിനെ നേരിടും.

by Midhun HP News | Jul 11, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെലങ്കാന മുതല്‍ കര്‍ണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 km- 3.1 km ഉയരത്തില്‍ ന്യൂന മര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളില്‍ ഇത് ക്രമേണ ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെയെല്ലാ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം. എന്നാലും മടങ്ങിപ്പോകേണ്ടതുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില് തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.
‘ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണില്‍ വെച്ച് അത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന നേതൃത്വം നല്കിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അല്ലെങ്കില്‍ സാഹചര്യം തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ദുെൈബ: യുഎഇയില്‍ അനുവദിച്ച 30 ദിവസത്തെ പ്രത്യേക ഇളവ് കാലാവധി അവസാനിച്ചു. രാജ്യം വിടാന്‍ കഴിയതെ വന്ന സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി നല്‍കിയല ഇളവുകള്‍ ഇന്നലെ അവസാനിച്ചു. ഇളവ് കാലാവധി അവസാനിക്കുന്നതോടെ, ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ വിസാ കാലാവധി ലംഘിച്ചതിനുള്ള നിയമപരമായ പിഴയും തുടര്‍നടപടികളും നേരിടേണ്ടി വരും.
വ്യോമാതിര്‍ത്തി അടയ്ക്കലും വിമാന സര്‍വീസുകള്‍ റദ്ദാക്കലും കാരണം നിശ്ചിത സമയത്ത് രാജ്യം വിടാന്‍ കഴിയാതെ പോയ സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കുമായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ജൂണിലാണ് ഈ താത്കാലിക ആശ്വാസ നടപടി പ്രഖ്യാപിച്ചത്.
കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബാധകമായ വ്യക്തികള്‍ പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കാനായി തങ്ങളുടെ വിസ പദവി നിയമവിധേയമാക്കുകയോ രാജ്യം വിടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വ്യോമാതിര്‍ത്തികള്‍ അടച്ചതോടെ വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ഒട്ടേറെ യാത്രക്കാര്‍ യുഎഇയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രതിസന്ധിയിലായവര്‍ക്ക് മാനുഷിക പരിഗണന നല്‍കിയാണ് വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ യുഎഇ മുന്‍പ് ഒഴിവാക്കിക്കൊടുത്തത്.

by Midhun HP News | Jul 10, 2026 | Latest News, കേരളം
കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു.
കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയില്‍ തുടരുന്ന ഫര്‍മാനും പെണ്‍കുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Recent Comments