by Midhun HP News | Jul 11, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വിതരണം ചെയ്യുന്ന 20 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ20’ പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എഥനോള്‍ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഈ തുറന്നുപറച്ചില്‍. ചില വാഹനങ്ങളില്‍ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഒരു ഇന്ധനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ മൈലേജ് എന്നത് ഒരു ഘടകം മാത്രമാണെന്നും സര്‍ക്കാര്‍ ന്യായീകരിക്കുന്നു.
വിഷയത്തില്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും നിലപാട് വ്യക്തമാക്കി. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ എഥനോളിന്റെ കലോറി മൂല്യം കുറവാണെന്നത് വസ്തുതയാണെന്നും, അതിനാല്‍ എഥനോളിന്റെ അളവ് കൂടുമ്പോള്‍ മൈലേജില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഡ്രൈവിങ് രീതികളും മൈലേജിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഫ്ളെക്സ്-ഫ്യുവല്‍ എന്ജിന് സാങ്കേതികവിദ്യയിലേക്ക് രാജ്യം മാറുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വഴി എന്ജിന് കേടുവരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയും വാഹന നിര്‍മ്മാതാക്കളും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഇ20 ഇന്ധനം രാജ്യത്ത് നിര്‍ബന്ധമാക്കിയത്. ചില പഴയ വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ച തടയാന്‍ ഉപയോഗിക്കുന്ന വാഷറുകള്‍ മെറ്റലിന് പകരം റബ്ബര്‍ ആക്കി മാറ്റേണ്ടതുണ്ട്. ഇതിനായി വാഹനങ്ങള്‍ സര്‍വീസിന് എത്തിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കാതെ ഈ ഭാഗങ്ങള്‍ മാറ്റിനല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പെട്രോളില്‍ എഥനോള്‍ ചേര്‍ത്തിട്ടും ഇ20 ഇന്ധനത്തിന് സാധാരണ പെട്രോളിന്റെ അതേ വില ഈടാക്കുന്നതിനെക്കുറിച്ചും മന്ത്രാലയം വിശദീകരണം നല്കി. കര്‍ഷകരെ സഹായിക്കുന്നതിനായി എഥനോളിന് സര്‍ക്കാര്‍ നിശ്ചിതവും ലാഭകരവുമായ വിലയാണ് നല്‍കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയങ്ങളില്‍ പെട്രോളിനേക്കാള്‍ വില എഥനോളിന് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇ20 പെട്രോളിന് സാധാരണ പെട്രോളിനേക്കാള്‍ വില കുറവായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും എഥനോള്‍ മിശ്രിതം അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

by Midhun HP News | Jul 11, 2026 | Latest News, കേരളം
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന് മരിച്ചു. എരമം സ്വദേശികളായ ദമ്പതികളുടെ മകന് ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. സൂരജ് വിജിഷ ദമ്പതികളുടെ ഏകമകനാണ് ദേവാന്‍ഷ്
ഒരു വയസുകാരന് അനസ്തേഷ്യ നല്‍കിയതില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കുടുംബം ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അനസ്തേഷ്യ നല്‍കിയതോടെയാണ് കുട്ടി ഗുരുരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്കിയപ്പോള് കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അനസ്തീഷ്യ നല്കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.

by Midhun HP News | Jul 11, 2026 | Latest News, കായികം
ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്പെയിന് സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മൈക്കല്‍ മെറിനോയാണ് ഒരിക്കല്‍ കൂടി സ്പാനിഷ് പടയുടെ വിജയശില്പിയായത്. സെമി ഫൈനലില്‍ ഫ്രാന്‍സാണ് സ്പെയിന്റെ എതിരാളികള്‍.
ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പെഡ്രിക്ക് പകരം അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഇടംനേടിയ ഫാബിയന്‍ റൂയിസിലൂടെ 30-ാം മിനിറ്റില്‍ സ്പെയിനാണ് ആദ്യം ലീഡെടുത്തത്. ഡാനി ഓല്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തിട്ടെങ്കിലും റീബൗണ്ടിലൂടെ റൂയിസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0). ലമിന് യമാലിന്റെ മികച്ച മുന്നേറ്റങ്ങളും ബെല്‍ജിയം പ്രതിരോധത്തെ പരീക്ഷിച്ചു.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബെല്‍ജിയം തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ കെവിന് ഡി ബ്രൂയ്നെയുടെ പാസില്‍ നിന്ന് തിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസ് ചാള്‍സ് ഡി കെറ്റെലെയര്‍ ഹെഡ്ഡറിലൂടെ സ്പാനിഷ് വലയിലാക്കി കളി സമനിലയിലാക്കി (1-1). ഈ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടം നടത്തി. ഇതിനിടയില്‍ 71-ാം മിനിറ്റില്‍ പരിക്കേറ്റ ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടുവയ്ക്ക് കളം വിടേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി. പകരക്കാരനായി സെനെ ലമ്മെന്‍സ് ഗോള്‍വലയ്ക്ക് മുന്നിലെത്തി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 88-ാം മിനിറ്റിലാണ് സ്പെയിന്റെ വിജയഗോള്‍ പിറന്നത്. പാബ്ലോ കുബാര്‍സിയുടെ ലോങ് റേഞ്ച് ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ ബെല്‍ജിയം പകരക്കാരന് ഗോള്‍കീപ്പര്‍ ലമ്മെന്‍സിന് സാധിച്ചില്ല. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം അവസരം മുതലാക്കിയ മൈക്കല്‍ മെറിനോ പന്ത് വലയിലേക്ക് അടിച്ചുകയറ്റി സ്പെയിന് അവിസ്മരണീയ വിജയം സമ്മാനിച്ചു (2-1).
പോര്ച്ചുഗലിനെതിരെയുള്ള പ്രീ-ക്വാര്‍ട്ടറിലും അവസാന നിമിഷ ഗോള്‍ നേടി ടീമിനെ രക്ഷിച്ച മെറിനോ, വീണ്ടും സ്പെയിന്റെ ഹീറോയായി മാറുന്ന കാഴ്ചയ്ക്കാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. സ്പെയിന്റെ തുടര്‍ച്ചയായ 36-ാം വിജയമാണിത്. ഡാലസില്‍ നടക്കുന്ന ഹൈ വോള്‍ട്ടേജ് സെമി ഫൈനലില്‍ സ്പെയിന് ഇനി ഫ്രാന്‍സിനെ നേരിടും.

by Midhun HP News | Jul 11, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെലങ്കാന മുതല്‍ കര്‍ണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 km- 3.1 km ഉയരത്തില്‍ ന്യൂന മര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളില്‍ ഇത് ക്രമേണ ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെയെല്ലാ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം. എന്നാലും മടങ്ങിപ്പോകേണ്ടതുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില് തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.
‘ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണില്‍ വെച്ച് അത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന നേതൃത്വം നല്കിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അല്ലെങ്കില്‍ സാഹചര്യം തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

Recent Comments