ശക്തമായ മഴ; യെല്ലോ അലര്‍ട്ട്, അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം

ശക്തമായ മഴ; യെല്ലോ അലര്‍ട്ട്, അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ലെല്ലോ മുന്നറിയിപ്പുള്ളത്.

ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (18/09/2026) മുതല്‍ 20/09/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

18/09/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി

19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്

20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

കെഎസ്ആർടിസിയിൽ ദൃശ്യമാകുന്നത് അഭൂതപൂർവമായ മാറ്റം: മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ മികച്ച വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.അറ്റ്ലസുകൾ പരിശോധിക്കുക.

സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ സാധിക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് സർവീസ് നടത്തുക. എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ ഓടിക്കുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കും.

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിൽ വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് ഉപയോഗിച്ച് ബസ് ടിക്കറ്റ് ബുക്കിങ് നടത്തുന്നതിനുള്ള സൗകര്യം ഉടൻ ഒരുങ്ങും. ഇതിന് പുറമെ തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്ക് കെഎസ്ആർടിസി കടക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരിടം നേടിയിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വി പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹിന്ദി ചിത്രം ദായ്‌റ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കരീന കപൂറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

ദായ്‌റയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലും ബോളിവുഡിലും സിനിമകള്‍ ഒരുക്കപ്പെടുന്നതിലെ വ്യാത്യാസത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്.

മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണെന്നാണ് പൃഥ്വിരാജ് പറയുന്നത്. പൊതുവെ വിശ്വസിക്കപ്പെടുന്നത് പോലെ മലയാള സിനിമ അഞ്ച് കോടി ബജറ്റില്‍ 15 ദിവസം കൊണ്ട് സിനിമ ഉണ്ടാക്കുന്ന ഇന്‍ഡസ്ട്രിയല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 100 മുതല്‍ 150 ദിവസം ഷൂട്ടിങ് നടക്കുന്ന, നൂറ് കോടി ബജറ്റുള്ള സിനിമകളും മലയാളത്തിലുണ്ടെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത് മലയാളത്തില്‍ സിനിമകളുണ്ടാക്കുന്ന രീതിയെ മാറ്റിയിട്ടില്ലെന്നാണ് താരം പറയുന്നത്.

”കരീനയെ വച്ച് എനിക്കൊരു സിനിമ ചെയ്യണമെന്നുണ്ടെങ്കില്‍, സംവിധായകന്‍ എന്ന നിലയില്‍, ഞാന്‍ അവരെ വിളിച്ച് നിങ്ങളെ വച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തിരക്കഥ വായിച്ചു കേള്‍പ്പിക്കാമെന്നും പറയുന്നു. ഒരുപക്ഷെ ഞാന്‍ അടുത്ത മാസം ഒരു യാത്രയിലാണ്, നമുക്കൊരു ദിവസം ഇരിക്കാമെന്ന് അവര്‍ പറയുമായിരിക്കും” പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ബോളിവുഡിലെ രീതി കുറേക്കൂടി സങ്കീര്‍ണമാണെന്നാണ് പൃഥ്വിരാജ് പറയുന്നു.

”ഇവിടെ ഞാന്‍ മനസിലാക്കുന്നത്, നമ്മള്‍ ആദ്യം എജന്‍സിയെ വിളിക്കണം. ഏജന്‍സി നിങ്ങള്‍ക്കായി നിയമിച്ചിട്ടുള്ള മാനേജരുമായി സംസാരിക്കും. അദ്ദേഹം നിങ്ങളെ സംവിധായകനുമായുള്ള മീറ്റിങിന് കണ്‍വിന്‍സ് ചെയ്യും. മേഘ്‌ന ഗുല്‍സാറിനെ പോലുള്ളവരാണെങ്കില്‍ അധികം കണ്‍വിന്‍സിങ് വേണ്ടി വരില്ല” പൃഥ്വി പറയുന്നു. ”ഏജന്‍സി ഒരു തുക പറയും. നിര്‍മാണ കമ്പനി അതിന്റെ പകുതി പറയും. അങ്ങനെ ചര്‍ച്ച ആരംഭിക്കും” പൃഥ്വി പറയുന്നു.

”ഇതെല്ലാം വല്ലാത്തൊരു കോര്‍പ്പറേറ്റ് രീതിയാണ്. അത് വർക്കാകുന്നുണ്ടാകാം. പക്ഷെ ഇതിലും എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള വഴിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്” എന്നും പൃഥ്വിരാജ് വ്യത്യാസമായി ചൂണ്ടിക്കാണിക്കുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ബോളിവുഡില്‍ ചെന്ന് അവിടുത്തെ ഫിലിം മേക്കിങ് രീതിയെ തന്നെ തുറന്ന് കാണിക്കാനുള്ള ധൈര്യം അപാരമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയെ കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന ബോളിവുഡിനെ പൃഥ്വിരാജ് തുറന്ന് കാണിച്ചുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ക്രൂരമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു കരാറുകാരന്റെ കീഴിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു.

മുണ്ടൂരിൽ കരാറുകാരന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച മുതൽ ബാബുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലും അന്വേഷണത്തിലുമാണ് ബാബു സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വട്ടായി വനമേഖലയോട് ചേർന്ന് അനാഥമായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസും പേരാമംഗലം പോലീസും നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കാടിനുള്ളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു.

വിപുലമായ തിരച്ചിലിനൊടുവിൽ വാഹനത്തിന് സമീപത്തെ വനത്തിനുള്ളിൽ ബാബുവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

‘5,000 അംഗങ്ങള ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

‘5,000 അംഗങ്ങള ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

ചണ്ഡീഗഢ്: കാനഡയിലെ പ്രതിരോധമന്ത്രി, സൈന്യം, പൊലീസ് എന്നിവര്‍ക്കായി കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് അയച്ചതായി കരുതുന്ന ഭീഷണിക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കാനഡയില്‍ തങ്ങള്‍ക്ക് 5,000 അംഗങ്ങളുണ്ടെന്നും പൊലീസിനേക്കാള്‍ കൂടുതല്‍ തോക്കുകളുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. പൊലീസിന്റെ അന്വേഷണ രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

കാനഡയിലെ അബ്കോര്‍ട്ട് പൊലീസ് വകുപ്പിനാണ് കത്ത് ലഭിച്ചത്. ജൂലൈയില്‍ നാടുകടത്താന്‍ ഉത്തരവിട്ട ബിഷ്ണോയ് സംഘാംഗത്തിന്റെ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് ഹിയറിങ്ങിലെ തെളിവുകളില്‍ നിന്നാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ പുറത്തുവന്നത്. കാനഡയിലെ വിവിധ ഭാഗങ്ങളില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇന്ത്യക്കാരുടെ സംഘങ്ങളെക്കുറിച്ചുള്ള തെളിവുകളും ഇതിലുള്‍പ്പെടുന്നു. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അടുത്തിടെ പുറത്തുവിട്ട രേഖകളില്‍ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അമിതോജ് ബജ്വ, സാഹിബ്ജോത് സിങ് എന്നിവരുടെ പേരുകളുമുണ്ട്. കാനഡയിലെ ആല്‍ബര്‍ട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ നടന്ന വെടിവെയ്പ്പുകളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി രേഖകളില്‍ പറയുന്നു.

‘ഞങ്ങള്‍ നിങ്ങള്‍ക്ക് രേഖാമൂലം മുന്നറിയിപ്പും വെല്ലുവിളിയും നല്‍കുന്നു. ഞങ്ങള്‍ ഇന്ത്യന്‍ ഗ്യാങ് ആണ്, ഞങ്ങളെ തടയാന്‍ കാനഡയ്ക്ക് ധൈര്യമില്ല. കാനഡ ഇനി ഞങ്ങള്‍ ഭരിക്കും, ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല. ഞങ്ങള്‍ വളരെ ശക്തരാണ്… കാനഡയില്‍ ഞങ്ങള്‍ക്ക് 5,000ത്തിലധികം അംഗങ്ങളുണ്ട്, വെറും 1000 ഡോളറിന് അവര്‍ക്ക് വെടിവെയ്പ്പ് നടത്താന്‍ കഴിയും. നിങ്ങള്‍ക്ക് ഞങ്ങളെ തടയാന്‍ കഴിയുമോ? ഒരിക്കലുമില്ല. ഞങ്ങള്‍ ഉടന്‍ തന്നെ കാനഡ പിടിച്ചെടുക്കുന്നത് നിങ്ങള്‍ കാണും’ -കത്തില്‍ പറയുന്നു.

ബിസിനസുകാര്‍ തങ്ങള്‍ക്ക് നികുതി നല്‍കുന്നതു പോലെ പണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തി ബിഷ്ണോയിയുടെ അടുത്ത കൂട്ടാളിയായ കരംവീര്‍ സിങ്ങിനെയും മറ്റ് നാല് പഞ്ചാബ് സ്വദേശികളെയും സിബിഎസ്എ നാടുകടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.