by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കുടുംബം. മഴപെയ്തു നനഞ്ഞു കിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിച്ചു.
ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍ ചെയ്തതായി അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.
മരണത്തിന് ശേഷം സംഘാടകര്‍ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘാടകര്‍ ചിലര്‍ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ വേടന്‍ അന്ന് ഈ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജു. ആവശ്യമായ നിയമനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പരാതിയുമായി മുഖ്യമന്ത്രിയേയും ഉന്നത പോലീസ് മേധാവികളെയും വകുപ്പുകളെയും സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
ഡിസ്‌പ്ലേക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരുന്ന കേബിളുകള്‍ എല്ലാം തന്നെ പാടത്ത് വെള്ളത്തിനടിയില്‍ ആയിരുന്നു. ഇതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണമെന്ന് കുടുംബം പ്രതികരിച്ചു.
by Midhun HP News | May 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും.ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
വക്കം -കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഒ എസ് അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. വക്കത്തെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ നിരവധി കാലത്തെ അഭിലാഷമായിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്ന് 21 കോടി 21 ലക്ഷത്തി 32 ആയിരത്തി 770രൂപ അനുവദിച്ചാണ് പാലം നിർമ്മിക്കുന്നത്. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഒരുകോടി 28 ലക്ഷത്തി അമ്പത്തിയാറായിരത്തി എഴുന്നൂറ്റി എഴുപത് രൂപയും അനുവദിച്ചിട്ടുണ്ട്. പാലം നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരെ നിശ്ചയിക്കുകയും സെലക്ഷൻനോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കലിനുള്ള വില നിശ്ചയിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു.മൂന്നുവശവും കായലുകളാൽ ചുറ്റപ്പെട്ട വക്കം പ്രദേശത്തെ നിർദിഷ്ട തീരദേശ പാതയിലെ കായിക്കരയുമായി ബന്ധിപ്പിക്കുന്ന ഈ പാലം വലിയ സാധ്യതയാണ് ഈ പ്രദേശത്തിന് തുറന്നു നൽകുക.വക്കത്തിന്റെ കായലോര ടൂറിസം ഭംഗി ആസ്വദിക്കുന്നതിനും, പ്രാദേശിക ടൂറിസം വികസിക്കുന്നതിനും ഇത് സഹായകരമാകും.ഐ എൻ എ ഹീറോ വക്കം ഖാദറിന്റെ ജന്മനാടായ വക്കത്തെ മഹാകവി കുമാരനാശാൻറെ ജന്മനാടായ കായ്ക്കരയുമായി ബന്ധിപ്പിക്കുന്നു എന്ന സാംസ്കാരിക -ചരിത്ര പ്രാധാന്യവുംഈ പാലത്തിനുണ്ട്. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സാധ്യമായ പരമാവധി വേഗതയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് MLA വാർത്താ കുറിപ്പിൽ അറിയിച്ചു.
by Midhun HP News | May 14, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
by Midhun HP News | May 14, 2025 | Latest News, മരണം
രക്തസമ്മർദ്ദം ഉയർന്നും തലച്ചോറിൽ അണുബാധയുണ്ടായും റിയാദിലെ ആശുപത്രിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചെമ്മരുതി പനയറ ഗീത വിലാസത്തിൽ വേലുക്കുറിപ്പിെൻറ മകൻ സുരേഷ് (50) ഏപ്രിൽ 18നാണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്. അതിന് 15 ദിവസം മുമ്പാണ് രക്തസമ്മർദ്ദം ഉയർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിലായിരുന്നു. റിയാദ് ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു. സൗദിയിൽ പ്രവാസിയായിട്ട് 23 വർഷമായി. ഭാര്യ: പ്രസന്നകുമാരി, മക്കൾ: ആദിഷ് സുരേഷ്, ആനന്ദ് സുരേഷ്. റിയാദിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി കൊച്ചിയിൽ ഞായറാഴ്ച രാവിലെ 10ഓടെയാണ് മൃതദേഹം എത്തിച്ചത്. ബന്ധുക്കൾ കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലയക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി സെൻട്രൽ കൗൺസിൽ അംഗം നാസർ കല്ലറ നേതൃത്വം നൽകി. സുരേഷിെൻറ കമ്പനിയിലെ സഹപ്രവർത്തകരായ വിപിൻ, സജി, മണി എന്നിവരും സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.
Recent Comments