by Midhun HP News | May 14, 2025 | Latest News, കേരളം
കൊല്ലം: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാനെ വിമര്‍ശിച്ച ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്.സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര പരാതി നല്‍കിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ ബിഎന്‍എസ് 152 ആണ് ചുമത്തിയിട്ടുള്ളത്.
by Midhun HP News | May 14, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും ഭീഷണിപ്പെടുത്തിയോ ബ്ലാക്ക്മെയില്‍ ചെയ്തോ ആകാം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നമ്മള് അറിഞ്ഞു. ഇന്നലെ സൗദി അറേബ്യയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍, ഉപരോധങ്ങളുടെയും വ്യാപാര കരാറുകളുടെയും ശിക്ഷയും സമ്മാനവും കാണിച്ച് നിര്‍ബന്ധിച്ചോ ബ്ലാക്ക് മെയില്‍ ചെയ്തോ ആകാം ഇന്ത്യയെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. ജയ്റാം രമേശ് എക്സ് അക്കൗണ്ടില്‍ കുറിച്ചു.
‘സാധാരണയായി വാചാലനായ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ട്രംപിന്റെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? യുഎസ് സമ്മര്‍ദ്ദത്തിന് മുന്നില്‍ അവര്‍ ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പണയപ്പെടുത്തിയോ?’ ജയ്റാം ശങ്കര്‍ ചോദിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ‘വ്യാപാരക്കരാര്‍’ ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞത് സൂചിപ്പിച്ചാണ് ജയ്റാം രമേശിന്റെ പ്രതികരണം.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തടയാന്‍ യുഎസ് ഭരണകൂടം ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാറില്‍ ഇടപെട്ടു. ഇതിനായി വ്യാപാരത്തെ ഉപയോഗിച്ചു. ‘നമുക്ക് ഒരു കരാറിലെത്താം’ എന്ന് ഞാന്‍ പറഞ്ഞു. ആണവ മിസൈലുകള്‍ വ്യാപാരം ചെയ്യരുത്. പകരം നിങ്ങള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. രണ്ട് രാജ്യങ്ങള്‍ക്കും ശക്തരും മിടുക്കരുമായ നേതാക്കളുണ്ട്. തന്റെ നിര്‍ദേശത്തോടെ സംഘര്‍ഷം അവസാനിച്ചു. അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ സൗദി-യുഎസ് നിക്ഷേപ ഫോറം 2025-ല്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന് ചര്‍ച്ചകള്‍ക്കുള്ള മധ്യസ്ഥതയെക്കുറിച്ച് യുഎസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. സൈനിക നടപടി നിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്ന പ്രഖ്യാപനം ആദ്യം നടത്തിയത് ട്രംപാണ്. ഇത് നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ഇതിന് പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പരസ്യപ്രതികരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തയ്യാറായില്ല. ഈ വിഷയം വളരെ കോണ്‍ഫിഡന്‍ഷ്യലാണ്. ഇക്കാര്യങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. മാധ്യമങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ, പഴകിയ ഭക്ഷണം പിടികൂടി. കൊച്ചി കടവന്ത്രയില്‍നിന്നാണ് ഭക്ഷണം പിടികൂടിയത്. ആരോഗ്യവിഭാഗം പരിശോധനയ്ക്കെത്തിയപ്പോള്‍ ഭക്ഷണം അടച്ചുവെയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി.
സ്വകാര്യ വ്യക്തി കരാറെടുത്ത സ്ഥാപനമാണിത്. ഇവിടെ നിന്നാണ് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം കവറുകളിലാക്കിയാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത്. മുട്ട, സാമ്പാര്‍, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം കാരണം നില്ക്കാന് സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോര്പ്പറേഷന് ആരോഗ്യം വിഭാഗം പരിശോധനയ്ക്കെത്തിയത്.
അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്ററിലെ പാചകകാര്‍. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സ്ഥാപനത്തിന് ലൈസന്‍സില്ല. നേരത്തെ മാലിന്യപ്രശ്നത്തിന്റെ പേരില്‍ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നയായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന ഇടത്തെ വൃത്തിഹീനമായ ചുറ്റുപാടിനെ പറ്റി നാട്ടുകാര്‍ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിരുന്നു.
by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ മേഖലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി 11 വര്‍ഷം ഒന്നാം സ്ഥാനത്ത് അപ്രമാദിത്വം തുടര്‍ന്നിരുന്ന തിരുവനന്തപുരത്തിന്റെ ജൈത്രയാത്ര അവസാനിപ്പിച്ച് വിജയവാഡ മേഖല. 2025ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലത്തില്‍ 99.60 ശതമാനം വിജയത്തോടെയാണ് വിജയവാഡ മേഖല തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്. 99.32 ശതമാനമാണ് തിരുവനന്തപുരത്തിന്റെ വിജയം.
2014 ല്‍ രൂപീകൃതമായതിനുശേഷം സ്ഥിരമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം രേഖപ്പെടുത്തിയിരുന്നത് തിരുവനന്തപുരമായിരുന്നു. 2024 ല്‍ ഇത് 99.91 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും ദേശീയ ശരാശരിയായ 88.39 ശതമാനത്തേക്കാള്‍ ഏറെ മുകളിലാണ് തിരുവനന്തപുരം മേഖല. സിബിഎസ്ഇ രാജ്യത്തെ 17 മേഖലകളായാണ് വിഭജിച്ചിരിക്കുന്നത്. 26,675 സ്കൂളുകള്‍ ഇതുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
97.39 ശതമാനം വിജയത്തോടെ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. സ്ഥാപനങ്ങളില്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 99.29 ശതമാനം വിജയത്തോടെ മുന്നിലാണ്. തൊട്ടുപിന്നില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആണ്. 99.05 ശതമാനം വിജയം. ദേശീയതലത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 91.64 ശതമാനം ആണ്. ആണ്‍കുട്ടികളുടേത് 85.70 ശതമാനമാണ്. 5.94 ശതമാനം വ്യത്യാസം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ 100 ശതമാനം വിജയം നേടിയത് ശ്രദ്ധേയമായി.
തിരുവനന്തപുരം മേഖലയില്‍ പരീക്ഷ എഴുതിയ 21,030 പെണ്‍കുട്ടികളില്‍ 20,938 പേരും വിജയിച്ചു. 20,188 ആണ്‍കുട്ടികളില്‍ 19,999 പേരാണ് വിജയിച്ചത്. തിരുവനന്തപുരം മേഖലയ്ക്ക് കീഴിലുള്ള ലക്ഷദ്വീപ് 100 ശതമാനം വിജയം നേടി.
by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷന്മാര്ക്കും സ്ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനില്‍ 15.5 ലക്ഷത്തോളം സ്ത്രീകള്‍ സ്ക്രീനിങ് നടത്തി. തുടര്‍പരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു.
സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകള്‍ക്കും സ്ക്രീനിങ്ങുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകള്‍ എന്നിവയും ക്യാമ്പയിനില്‍ സഹകരിക്കും. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക. ഭാരം കുറയല്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Recent Comments