by Midhun HP News | May 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ് െചെയ്തത്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ പറഞ്ഞു. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തിരിച്ചെത്തിയത്.ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് ഇന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. അഭിഭാഷകന്‍റെ ക്രൂര മര്‍ദനത്തിനിരയായ അഡ്വ. ശ്യാമിലിയുടെ സിടി സ്കാൻ പൂര്‍ത്തിയായി. സംഭവത്തിൽ ബാര്‍ അസോസിയേഷനും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നൽകി. പരാതിയിൽ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മുഖത്തടിച്ചശേഷം ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടുവെന്നാണ് ആരോപണം. ആക്രമണം കണ്ടിട്ടും അവിടെയുണ്ടായിരുന്ന ആരും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
ഈ സംഭവം ഉണ്ടായ ഉടനെ വനിത അഭിഭാഷക ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ ആരോപണ വിധേയനായ അഭിഭാഷകനെ അവിടെ നിന്ന് മാറ്റാനുള്ള സഹായം ചെയ്യുകയായിരുന്നു മറ്റുള്ളവരെന്നും പരാതിയുണ്ട്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍റെ സമീപത്താണ് അഭിഭാഷകന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അഭിഭാഷകനെ രക്ഷപ്പെടുന്നതിന് അവിടെയുണ്ടായിരുന്നവര്‍ സഹായിച്ചുവെന്നാണ് ആരോപണം.
by Midhun HP News | May 14, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉള്‍പ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങള്‍ തകരുകയും ചെയ്തു. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു സ്‌ക്വാഡ്രണ്‍ ലീഡറും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനും ഡ്രോണ്‍ ആക്രമണത്തിനും മറുപടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
എഫ് -16, ജെഎഫ് -17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന പാകിസ്ഥാനിലെ സര്‍ഗോധ, ഭോലാരി തുടങ്ങിയ പ്രധാന ആയുധപ്പുരകളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഭോലാരി വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും ഇന്ത്യ നശിപ്പിച്ചു. ‘മെയ് 9-10 തീയതികളില്‍, പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങള്‍ ഒറ്റ ഓപ്പറേഷനിലൂടെയാണ് ആക്രമിച്ചത്. വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ഭോലാരി വ്യോമതാവളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി, അതില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫിന്റെ മരണവും പ്രധാന യുദ്ധവിമാനങ്ങളുടെ നാശവും ഉള്‍പ്പെടുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മെയ് 7 ന് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 100ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 10 ന് വെറും മൂന്ന് മണിക്കൂറിനുള്ളില്‍, നൂര്‍ ഖാന്‍, റഫീഖി, മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പാസ്രൂര്‍, ചുനിയന്‍, സര്‍ഗോധ, സ്‌കാര്‍ദു, ഭോലാരി, ജേക്കബാബാദ് എന്നിവയുള്‍പ്പെടെ 11 പാക് സൈനിക താവളങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലും ഭോലാരി വ്യോമതാവളത്തിലും നടന്ന ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ നാശത്തിന്റെ വ്യാപ്തി വ്യക്തമായി കാണിക്കുന്നതാണ്. മെയ് 9-10 രാത്രിയില്‍, ഒരു രാജ്യം ആദ്യമായി ആണവായുധങ്ങളുള്ള ഒരു രാജ്യത്തിന്റെ വ്യോമതാവളങ്ങള്‍ വിജയകരമായി ആക്രമിച്ചപ്പോള്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഒരു ചരിത്ര നാഴികക്കല്ലായി മാറിയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചു.
by Midhun HP News | May 14, 2025 | Latest News, കേരളം
പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണു നട തുറക്കുക. 19 വരെ പൂജയുണ്ട്. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.
അതിനിടെ ഇടവമാസ പൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ ദര്‍ശന നടത്താന്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി. തീര്‍ഥാടകര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് സംവിധാനമുള്‍പ്പെടെ വിപുലമായ യാത്രാ ക്രമീകരണം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, എരുമേലി, പുനലൂര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കിനനുസരിച്ച് സ്‌പെഷ്യല്‍ ബസുകളും മുന്‍കൂട്ടി ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
by Midhun HP News | May 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും.
ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
by Midhun HP News | May 14, 2025 | Latest News, കേരളം
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.
ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ പതിഞ്ചുകാരന്‍ മുഹമ്മദ് അഫ്രീദിനെയും പതിമൂന്നുകാരന്‍ മുഹമ്മദ് ഹഫീസിനെയും അയല്‍വാസിയായ ഫറാദിന്റെ മകന്‍ 15 വയസുള്ള അദീന്‍ മുഹമ്മദിനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Recent Comments