by Midhun HP News | May 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ തുറക്കാന്‍ തീരുമാനം. യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മെയ് ഒമ്പതിനാണ് രാജ്യത്തെ 32 എയര്‍പോര്‍ട്ടുകള്‍ താല്‍ക്കാലികമായി അടച്ചത്.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും നാളെ മുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിന് ശേഷമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കുന്നത്. ശ്രീനഗര്‍, അമൃത്സര്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ സൈന്യം ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് അതിര്‍ത്തി മേഖലകളിലെ എയര്‍പോര്‍ട്ടുകള്‍ അടച്ചത്.
യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
by Midhun HP News | May 12, 2025 | Latest News, കേരളം
തിരുവനന്തുപുരം: സംസ്ഥാനത്ത് അടുത്ത അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറുയുന്നു.
തിങ്കളാഴ്ച പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും; തിരുവനന്തപുരം തീരത്ത് (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) നാളെ വൈകിട്ട് 5.30 വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി പതിനൊന്നരവരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
ബുധനാഴ്ച വരെ വരെ തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
വെള്ളിയാഴ്ച വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
by Midhun HP News | May 12, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് മതിയാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കല്‍ തീരുമാനം എടുത്താല്‍ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യടുകയും ചെയ്തു. എന്നാല്‍ അതൊന്നും അദ്ദേഹം പരിഗണിച്ചില്ല.
‘കഴിഞ്ഞ 14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ഈ ബാഗി ബ്ലൂ ധരിക്കുന്നു. ഈ ഫോര്‍മാറ്റാണ് എന്നെ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങള്‍ പോലും ടെസ്റ്റ് ഫോര്‍മാറ്റ് എന്നെ പഠിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോള്‍ ആഴത്തിലുള്ള ചില നിമിഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ ഓര്‍മകള്‍ എക്കാലവും ഉള്ളില്‍ നിലനില്‍ക്കും.’
‘ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ചു.
ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കോഹ്‌ലിയാണ്.
123 ടെസ്റ്റില്‍ നിന്നു 9,230 റണ്‍സുമായാണ് പടിയിറക്കം. 770 റണ്‍സ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റണ്‍സിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
by Midhun HP News | May 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം അനിശ്ചിതത്വത്തിലായ സൊഹേനിക്ക് ആശ്വാസമേകുന്നതാണ് ഇപ്പോഴത്തെ നടപടി. ബിതാന്‍ അധികാരിയെ വിവാഹം ചെയ്ത സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പൗരത്വം അനുവദിച്ചിരിക്കുന്നത്.
1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചീല്‍ ജനിച്ച സൊഹേനി 1997 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് പൗത്വ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സോഹേനി റോയിയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
നിലവില്‍ ഭര്‍ത്താവ് ബിതാന്‍ അധികാരിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഒപ്പം കൊല്‍ക്കത്തയിലെ പടുലിയില്‍ താമസിച്ചുവരികയാണ് സൊഹേനി റോയ്. ബിതാന്‍ അധികാരിയുടെ മരണത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ബിതാന്‍ അധികാരിയുള്‍പ്പെടെ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായി ഉണ്ടായിരുന്നത്.
Recent Comments