by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപ്രകാരം ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് 2024 ഒക്ടോബര്‍ രണ്ടിന് അറസ്റ്റ് ചെയ്തയാളുടെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ ഫെബ്രുവരിയില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മാതാവും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ട കോടതികള്‍ തള്ളിയിരുന്നു. കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനയുടെ ലംഘനമാണെന്നും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കാരണം അറിയിച്ചു വേണം അറസ്്റ്റ് എന്ന് ഭരണഘടന അനുച്ഛേദം 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അറസ്റ്റിനുള്ള കാരണം എഴുതി നല്‍കുന്നത് ഉചിതമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളിലും കാരണം എഴുതി നല്‍കിയിട്ടില്ല. വാക്കാല്‍ പറഞ്ഞിരുന്നു എന്ന പ്രോസിക്യൂഷന്റെ വാദത്തിന് വസ്തുത ഹാജരാക്കാനും കഴിഞ്ഞിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് എന്ന് കക്ഷികള്‍ പറയുമ്പോള്‍ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
by Midhun HP News | May 10, 2025 | Latest News, കേരളം
കൊച്ചി: റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ പുതിയ ഇടയനായി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മാര്‍പാപ്പയാകുന്നതിന് വളരെ മുമ്പ് തന്നെ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് കേരളവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്.
വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിന്‍ സന്യസ്ത സഭയില്‍ ചേര്‍ന്നിരുന്നു. സെന്റ് അഗസ്റ്റിന്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2004ലും 2006ലും ആറ് ഒഎസ്എ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്ഥാനാരോഹണ ചടങ്ങിനായി ആദ്യമായി കൊച്ചി സന്ദര്‍ശിച്ചത്.
വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മാര്‍പാപ്പ അന്ന് കേരളം സന്ദര്‍ശിച്ചതിനെക്കുറിച്ച് പറയുന്നതിങ്ങനെ, ”ഞങ്ങളുടെ ഹൃദയംഗമവും പ്രാര്‍ഥനാ പൂര്‍ണവുമായ ആശംസകള്‍ അദ്ദേഹത്തിന് അര്‍പ്പിക്കുന്നു. അദ്ദേഹം മിഷനറിയായി ചെലവഴിച്ച വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യം കാണിക്കുന്നതാണ്. കലൂരില്‍ പുതുതായി നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങിന്റെ പ്രധാന കാര്‍മികന്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലായിരുന്നു.
2006ല്‍ ഫാ.റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ സന്ദര്‍ശന വേളയില്‍ അദ്ദേഹം അതിരൂപതയുടെ ആസ്ഥാനത്തും വരാപ്പുഴയിലെ സെന്റ് ജോസഫിന്റേയും ചരിത്രപ്രസിദ്ധമായ ബസിലിക്കയിലും എത്തി. മാര്‍പാപ്പയുടെ സന്ദര്‍ശനം വരാപ്പുഴ അതിരൂപതയുടെ നാഴികക്കല്ലാണെന്നും വിശ്വാസികള്‍ക്ക് എന്നും പ്രിയപ്പെട്ട ഓര്‍മകളാണെന്നും ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
ദരിദ്രര്‍, സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപനം എടുത്തുപറയേണ്ടതാണ്. അതേ പാത തന്നെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.
ഡയാംപര്‍ സിനഡിലൂടെ കേരള സഭയുടെ നവീകരണത്തിനായി നിര്‍ണായക പങ്ക് വഹിച്ച ആര്‍ച്ച് ബിഷപ്പ് അലക്‌സോ ഡി മെനെസസും ഒഎസ്എ(ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍) അംഗമായിരുന്നു. ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന് വിളിക്കാവുന്നതാണെന്നും കളത്തിപ്പറമ്പില്‍ പറഞ്ഞു.
by Midhun HP News | May 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ ഇന്ത്യ ഉത്തരവാദിത്തത്തോടെയും അളവറ്റ രീതിയിലും പ്രതിരോധിക്കുകയും പ്രതികരിക്കുകയുമാണ് ചെയ്തത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണ്. പാകിസ്ഥാന്റെ ഏതുനീക്കത്തെയും ആ വിധത്തില്‍ തന്നെ പ്രതിരോധിക്കുമെന്നും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി പറഞ്ഞു.
‘ഇന്ത്യയിലെ ജനങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായുള്ള ചില പ്രതികരണങ്ങള്‍ ഞങ്ങള്‍ കണ്ടു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കാണുന്നത് പാകിസ്ഥാനികള്‍ക്ക് ഒരു അത്ഭുതമായിരിക്കാം. കാരണം അത് തുറന്നതും പ്രവര്‍ത്തനപരവുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. പാകിസ്ഥാന് അതിനോടുള്ള പരിചയമില്ലായ്മ അതിശയകരമല്ല.’- വിക്രം മിസ്രി പറഞ്ഞു.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങള്‍ വരെ അവര്‍ ഉപയോഗിച്ചു. ഇന്ത്യ ഇവയെല്ലാം നിര്‍വീര്യമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അവര്‍ ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചു. ഇന്ത്യ നിരവധി ആക്രമണങ്ങളെ നിര്‍വീര്യമാക്കി. പക്ഷേ പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തി. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവര്‍ അതിവേഗ മിസൈലുകള്‍ പ്രയോഗിച്ചു. അവര്‍ ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും പോലും ആക്രമിച്ചു’- സോഫിയ ഖുറേഷി പറഞ്ഞു.
‘ശ്രീനഗര്‍, അവന്തിപൂര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലെ ആശുപത്രികളെയും സ്‌കൂള്‍ പരിസരങ്ങളെയും പാകിസ്ഥാന്‍ ലക്ഷ്യമാക്കി. ഇത് അപലപനീയവും അണ്‍പ്രൊഫഷണലുമായ പ്രവൃത്തിയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ നിരുത്തരവാദപരമായ പ്രവണത ഇത് വീണ്ടും വെളിപ്പെടുത്തി.’- സോഫിയ ഖുറേഷി കുറ്റപ്പെടുത്തി.
by Midhun HP News | May 10, 2025 | Latest News, ജില്ലാ വാർത്ത
മുടപുരം: കിഴുവിലം പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലെ നെൽക്കൃഷിക്കായി പ്രധാന ജലസ്രോതസായി ഉപയോഗിക്കുന്ന മാമം നദിയിൽ സംരക്ഷണ ഭിത്തിയും തടയണകളും നിർമ്മിച്ച് നദിയെ സംരക്ഷിക്കണമെന്ന് വിവിധ പാടശേഖര സമിതികളും കർഷകരും ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കിഴുവിലം,വലിയചിറ,വലിയ ഏല,കമുകറക്കോണം,മാമംനട,പമ്മംകോട് എന്നീ നെല്പാടങ്ങളിലെ നെൽക്കൃഷിക്കായി പൂർണമായും ആശ്രയിക്കുന്നത് മാമം നദിയെയാണ്.ഏകദേശം 60 ഹെക്ടർ നെൽപ്പാടത്ത് കർഷകർ വിവിധ പാടശേഖരങ്ങളിലായി കൃഷി ചെയ്യുന്നു.കൂടുതൽ ജലസേചന സൗകര്യം ഒരുക്കിയാൽ കൂടുതൽ വിസ്തൃതിയിൽ കൃഷിയിറക്കാൻ കർഷകർക്ക് കഴിയും.നാഷണൽ ഹൈവേയിലെ മാമം പാലം മുതൽ മാമം നദി കിഴുവിലം പഞ്ചായത്തിലൂടെ ഒഴുകുന്നു. അവിടെനിന്ന് ആട്ടറക്കോണത്തെത്തി രണ്ട് കൈവഴിയായി പിരിയുന്നു.ഒന്ന് ശങ്കരനാരായണപുരം,ശാർക്കര ഇരപ്പുപാലം വഴി കഠിനംകുളം കായലിൽ ചേരുന്നു. മറ്റൊരു കൈവഴി ശങ്കരനാരായണപുരം അണവഴി വാമനപുരം നദിയിൽ വന്നുചേരുന്നു.നല്ല വിളവ് ലഭിക്കാൻ ശാസ്ത്രീയ ജലസേചന സൗകര്യം ആവശ്യമാണ്.ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത കർഷകരെ കൃഷിയിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് നദിയിൽ നിർമ്മിച്ചിരുന്ന തടയണകൾ കാലപ്പഴക്കത്താൽ തകർന്ന് നശിച്ച നിലയിലാണ്. അതിനാൽ വെള്ളം തടഞ്ഞു നിറുത്താനോ ആവശ്യത്തിന് നദിയിൽ നിന്ന് ജലസേചന സൗകര്യം ഒരുക്കാനോ കർഷകർക്കാവുന്നില്ല.വ്യാപകമായ കൈയേറ്റവും മണ്ണിടിച്ചിലും നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തി.മരങ്ങൾ ഒടിഞ്ഞും പഴുതു വീണും നദിയിൽ കിടക്കുന്നതും ഒഴുക്കിന് തടസമാണ്.അതിനാൽ കർഷകർക്ക് നല്ല വിളവ് ലഭിക്കാനും കൃഷി ലാഭകരമാക്കാനും ആധുനിക ജലസേചന സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണ്.അതിനുവേണ്ടി കൈയേറ്റം ഒഴിവാക്കാനും മണ്ണിടിച്ചിൽ തടയാനും പലഭാഗത്തും നദിയിൽ സൈഡ്‌വാൾ നിർമ്മിക്കേണ്ടതുണ്ട്.ഒപ്പം ഓരോ നെല്പാടത്തിനും ജലസേചന സൗകര്യം ഒരുക്കാനുതകുന്ന തരത്തിൽ തകരാറിലായ തടയണകൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കണമെന്നും കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു.
by Midhun HP News | May 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും.
വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.
വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തരയാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ചു മണിക്കൂര്‍മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
Recent Comments