രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, എടിഎമ്മുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യ- പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു എന്ന തരത്തിലാണ് വാട്‌സ്ആപ്പുകളില്‍ പ്രചരിച്ചിരുന്നത്. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവിന് കാരണമായേക്കും. മാത്രമല്ല ബാങ്കിന്റെ ജോലികള്‍ക്കും തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ ബാങ്കുകളില്‍ ബന്ധപ്പെട്ട് വാര്‍ത്ത സത്യമാണോയെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. 150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.
അഹമ്മദാബാദിലേക്ക് റോഡുമാർഗം വരാനാണ് ഇവർ ശ്രമിക്കുന്നത്.

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉല്‍ക്ക ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്. 612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റര്‍) വീതിയുണ്ട്.

അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തില്‍പ്പെടുന്നവയാണിത്. ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നാശം വിതയ്ക്കാന്‍ തക്ക വലുപ്പമുള്ളവയാണിവ. 42 ലക്ഷം കിലോമീറ്റര്‍ അകലെ, അല്ലെങ്കില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 11 മടങ്ങ് ദൂരത്ത് കൂടിയാണിത് കടന്നുപോകുന്നത്.

വലുപ്പം കൊണ്ട് മാത്രമല്ല ഇവയെ അപകട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ അപ്പോളോ ടൈപ്പ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് (എന്‍ഇഒ) ആയി തരംതിരിച്ചിരിക്കുന്നത്. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക്‌സ് ടെലസ്‌കോപ്പുകള്‍ വഴി ഇത്തരം ഉല്‍ക്കകളെ നിരീക്ഷിച്ച് വരുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന നിരവധി ഉപഗ്രങ്ങള്‍ ഇത്തരത്തിലുണ്ട്.

സഹകരണ ബാങ്കുകളിലെ അനീതിയ്ക്കെതിരെ ശക്തമായ പ്രതിരോധ സമരത്തിലേക്ക്- കെ. പി എം എസ്

സഹകരണ ബാങ്കുകളിലെ അനീതിയ്ക്കെതിരെ ശക്തമായ പ്രതിരോധ സമരത്തിലേക്ക്- കെ. പി എം എസ്

ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ ആശ്രയം കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ, എന്നാൽ ചിറയിൻകീഴ് താലൂക്കിലെ ചില സഹകരണ ബാങ്കുകളും സംഘങ്ങളും സാധാരണക്കാരായ പട്ടികജാതിക്കാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും തെരഞ്ഞുപിടിച്ച് ജപ്തി ഭീഷണി മുഴക്കുകയാണ്. സമൂഹത്തിലെ ഉന്നതരുടെ ലോണുകളിൽ നടപടികൾ സ്വീകരിക്കാതെയും എല്ലാവിധ ആനൂകുല്യങ്ങളും അനുവദിച്ച് നൽകുകയും ചെയ്തുകൊണ്ടാണ് സാധാരണക്കാരൻ്റെ ലോണുകളിൽ അതിവേഗത്തിലുള്ള ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അതുപോലെ ജപ്തി നടപടികൾ നിർത്തിവയ്ക്കാമെന്ന് വാഗ്ദാനം നൽകി വായ്പാക്കാരനെ കൊണ്ട് കുടിശ്ശിക അടപ്പിച്ചതിന് ശേഷം ജപ്തി നടപടിക്ക് പത്രപരസ്യം നൽകി വായ്പാക്കാരെ സമ്മർദ്ദം ചെലുത്തുന്നതും പരാതിയായി ഉയർന്നു വന്നു കഴിഞ്ഞു.

വട്ടി പലിശക്കാരൻ്റെ മാതൃകയിലാണ് ചില സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. വായ്പ എടുക്കുന്ന വേളയിൽ റിസ്ക് ഫണ്ടിലേക്ക് പണം ഈടാക്കുന്നു. പക്ഷേ റിസ്ക് ഫണ്ട് ആനൂകുല്യം ലഭിക്കുന്നതിന് വേണ്ട ഒരു ഗൈഡൻസും വായ്പാക്കാരോട് പറയാറില്ല. ഗുരുതരമായ രോഗാവസ്ഥയിൽ ഉള്ളവർക്കും മരണമടഞ്ഞ വർക്കും റിസ്ക് ഫണ്ട് നിഷേധിക്കുക, വായ്പാകാരൻ മരണപ്പെട്ട ശേഷമുള്ള കാലയളവിലും പലിശയും പിഴപലിശയും ഈടാക്കുക, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുക , ആളും തരവും നോക്കിയുള്ള നീതി നിഷേധവും ഭീഷണിയും എന്നാണ് ഉയർന്നു വരുന്ന പരാതികൾ. ഇത്തരത്തിലുള്ള ഇരട്ട നീതി അവസാനിപ്പിക്കാൻ കൂടുതൽ വിവരശേഖരണം നടത്താനും നിയമനടപടികൾ സ്വീകരിക്കാനും സമരപരിപാടികൾക്ക്കെ പി എം എസ് ചിറയിൻകീഴ് യൂണിയൻ നേതൃത്വം നൽകുമെന്ന് യൂണിയൻ സെക്രട്ടറി ശാന്തശീലൻ കാട്ടും പുറം അറിയിച്ചു.

അതോടൊപ്പംതന്നെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കീഴിലുള്ള ടൗൺ ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുന്ന അവസ്ഥയിലാണ്. സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനപെടേണ്ട ടൗൺ ഹാളിന്റെ നിർമ്മാണ സ്തംഭനം വൻകിട കൺവെൻഷൻ സെന്ററുകളുടെ പ്രവർത്തനത്തെ സാഹായിക്കലാണ്. ഇക്കാരണത്താൽ സാധാരണ ജനങ്ങൾക്ക് വിവാഹം പോലുള്ള ചടങ്ങുകൾക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കാൻ മുനിസിപ്പാലിറ്റി തയ്യാറാകണമെന്ന് ആവശ്യപെടുന്നു.

സമൂഹത്തിലെ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിക്കാനും വെങ്ങാനൂർ മഹാത്മാ അയ്യൻകാളി സ്കൂൾ പ്രവേശനോത്സവും മഹാത്മാ അയ്യങ്കാളി ചരമദിനമായ ജൂൺ 18 ന് നടത്തുന്ന സ്മൃതി സംഗമവുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങൾ നടത്താൻ മെയ് പതിനൊന്നാം തീയതി വെങ്ങാനൂർ അയ്യങ്കാളി സ്മാരകം സ്കൂളിൽ വച്ച് ശാഖ യൂണിയൻ ഭാരവാഹികളുടെ കൺവെൻഷൻ നടക്കും. കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ ചുമതലക്കാരൻ ആയ കെ. പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം ബിനു മേനംകുളം സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ റിപ്പോർട്ടിങിലൂടെ അറിയിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ് ശോഭ കാട്ടുംപുറം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശാന്തശീലൻ കാട്ടുംപുറം യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ഖജാൻജി കുമാർ മേൽകടയ്ക്കാവൂർ പള്ളിക്കൽ പുഷ്പലോചനൻ എന്നിവർ സംസാരിച്ചു.

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി.

‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബിസിസിഐ അറിയിച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.