പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

കല്ലമ്പലം: ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെ മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ഒൻപതു വനിതകൾ പ്രയത്നിച്ചപ്പോൾ അവരുടെ കൃഷി രീതി നാടിന് മാതൃക ആയി വസന്തം വിരിയിച്ചു. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനത്തിൽ അവരെ ആദരിച്ചു.

ബെന്ദി, വാടാമല്ലി എന്നീ പുഷ്പങ്ങളും: വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളും ഇവർ ശാസ്ത്രീയമായി കൃഷി ചെയ്തു വരുന്നു. പൊതു ജനങ്ങൾക്ക്‌ അവർ വിരിയിച്ച പൂക്കൾ നേരിട്ട് കാണുവാൻ ബുധൻ മുതൽ ഞായർ വരെ വൈകുന്നേരം 4 മുതൽ 6 മണി വരെ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ ഒന്നരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. എൻ ജി ജോൺ എന്നാണ് ഔദ്യോഗിക നാമം. എന്നാൽ ജിയോ കുട്ടപ്പൻ എന്ന പേരിലാണ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. എഴുപതുകളിലെയും എൺപതുകളിലെയും ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ജിയോ പിക്ചേഴ്സ്. ജിയോ കുട്ടപ്പൻ നിർമിച്ച മിക്ക സിനിമകളും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറി. ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്.

ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ ജി ജോൺ. എൺപതുകളുടെ അവസാനത്തോടെ ജിയോ പിക്ചേഴ്സ് സാമ്പത്തികമായി തകർന്നും. ഇതോടെ ചലച്ചിത്ര നിർമാണവും വിതരണവും പൂർണമായും അവസാനിപ്പിച്ച് കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മലയാളസിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴുപതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ.ജി. ജോണിന്റെ ” സിനിമയും ഞാനും – 70 വർഷങ്ങൾ ” എന്ന പുസ്തകം. ആറ് വർഷം ഫിലിം ചേബർ പ്രസിഡണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഇ​ടപ്പള്ളി പൈപ്പ്​ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. നീലേശ്വരം കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ (48) ആണ് മരിച്ചത്. കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള പുഴക്കടവിൽ പാത്രം കഴുകുന്നതിനിടെയാണ് നദിയെ അബദ്ധത്തിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ നടത്തിയ തിരച്ചിലിൽ ഇവരുടെ മൊബൈൽ ഫോൺ പുഴയിൽനിന്ന് ലഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നീലേശ്വരം പൊലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുകയായിരുന്നു. പകൽ പതിനൊന്ന് മണിയോടെയാണ് കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം ‘ഡിന്നര്‍’

ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം ‘ഡിന്നര്‍’

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി.

വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പ്ലാന്‍ നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയെത്തിയ പ്രതികള്‍ ശിവന്‍കുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി. പലഭാഗങ്ങളില്‍ ഓടിളക്കി നോക്കി. മച്ചുള്ളതിനാല്‍ കല്ലിട്ടു കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

ഇതേത്തുടര്‍ന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നത്. തുടര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെണ്‍കുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചര്‍ച്ചചെയ്തിരുന്നു.

‘പല മാർ​ഗങ്ങളും ചർച്ച ചെയ്തു’

വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ പലവഴികളും ചര്‍ച്ച ചെയ്തിരുന്നു.

ഇതിനിടെയാണ് ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഭാര്യയും ആശുപത്രിയിലേക്ക് പോയതോടെ ശിവന്‍കുട്ടി തനിച്ചായിരുന്നു താമസം. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറി താമസിച്ച പെണ്‍കുട്ടി, ഈ അവസരം വിനിയോഗിക്കാന്‍ കൗമാര സംഘത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

ട്രെയിനിൽ വന്നു, ബസിൽ മടക്കം

ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് പ്രതികള്‍ ഹരിപ്പാട്ടെത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി. അവിടെ നിന്ന് നടന്നാണ് ശിവന്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കൊലപാതകം നടത്തിയശേഷം ഇതേ വഴിയിലൂടെ തന്നെ പുലര്‍ച്ചെ ഇവർ ഹരിപ്പാട് ന​ഗരത്തിലെത്തി

തട്ടുകടയിലെ ആഘോഷം

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള തട്ടുകടയില്‍ നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഭക്ഷണം കഴിച്ചശേഷം ബസിലാണ് ഇവര്‍ കൊല്ലത്തേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ വരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് ഇവര്‍ ആശങ്കയിലായത്.

തിങ്കളാഴ്ച രാത്രിയാണ് ഹരിപ്പാട് പൊലീസ് സംഘം പരവൂരിലെ പ്രതികളുടെ വീടുകളിലെത്തുന്നത്. നിര്‍ധന കുടുംബാംഗങ്ങളാണ് പിടിയിലായ മൂന്നുപേരും. ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തില്‍ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുന്‍പ് പരവൂരില്‍ താമസിക്കുന്ന കാലത്ത് സ്‌കൂളില്‍വെച്ചാണ് ഇയാളുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നത്.പരവൂരു കാരായ ശിവന്‍കുട്ടി ചെട്ടിയാരും ഭാര്യയും രണ്ടു വര്‍ഷം മുമ്പാണ് കരുവാറ്റയില്‍ താമസമാക്കുന്നത്.

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം

ഡല്‍ഹി: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാലു ഘട്ട പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ടിഎ ഓഫീസുകള്‍ അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

എന്‍ടിഎ ഓഫീസുകളുടെ സുരക്ഷാ ചുമതല സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കും. അടുത്ത 23 ആഴ്ചകള്‍ക്കുള്ളില്‍ 20 മുതല്‍ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. പരീക്ഷകള്‍ പൂര്‍ണ്ണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി നിര്‍ദേശം നല്‍കിയിരുന്നു.

യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പരീക്ഷാ നടപടികള്‍ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എന്‍ടിഎയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ തീരുമാനം. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും.