by Midhun HP News | May 4, 2025 | Latest News, കേരളം
തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
വര്‍ഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് ഇതില്‍ മാറ്റം വന്നത്. നിലവില്‍ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തുന്നത്. ഇക്കൊല്ലം പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രന്‍ ഇക്കുറി ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂര്‍ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഇതാദ്യമായാണ്.
by Midhun HP News | May 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്പൂരി കുന്നത്തുമലയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി സെറ്റില്‍മെന്റിലെ മനോജ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് വിജയന്‍ കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ അച്ഛനും മകനും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. തുടര്‍ന്ന് വിജയന്‍ കറിക്കത്തി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ രാത്രി മുതലേ വഴക്കുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം പിതാവ് വിജയന്‍ അമ്പൂരി ഫോറസ്റ്റ് ഓഫീസിലെത്തി താന്‍ മകനെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
by Midhun HP News | May 4, 2025 | Latest News, കേരളം
ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുക.
സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 29ന് ഇടുക്കിയില്‍ വേടന്റെ ഷോ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ പരിപാടി ജില്ലാ ഭരണകൂടം റദ്ദാക്കി. തുടര്‍ന്നാണ് ഇപ്പോള്‍ മേയ് അഞ്ചിന് നടക്കുന്ന പരിപാടിയുടെ സമാപന വേദിയില്‍ സംഗീത പരിപാടിക്ക് അവസരം നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് വേദി.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി ഉള്‍പ്പെടെ എട്ട് പേരെയും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പുലിപ്പല്ല് കണ്ടെത്തിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനിടെ വനം വകുപ്പിന്റെ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വേടനെ അറസ്റ്റ് ചെയ്യാന്‍ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. പിന്നാലെ വേടന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് വേടന്റെ പരിപാടിക്കായി സര്‍ക്കാര്‍ വേദി നല്‍കാന്‍ തീരുമാനിച്ചത്.
by Midhun HP News | May 3, 2025 | Latest News, ദേശീയ വാർത്ത
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദമ്പതികളായ മലയാളി നഴ്‌സുമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. കുടുബേ വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് പുറത്തുവരുന്ന വിവരം.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്.
ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കിയിട്ടുണ്ട്.
മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബിന്‍സിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിന്‍സിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റര്‍ അവധിക്കു ശേഷം അഞ്ചു ദിവസം മുന്‍പാണ് സൂരജ് തിരിച്ചു പോയത്. ഓസ്‌ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നെന്നാബ് ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം.
by Midhun HP News | May 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ടസ ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments