by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍ പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും.
തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരുഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.40ന് പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന 16347 മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16343 അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയത്തിനു പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.
ഈ 4 ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഏപ്രില്‍ 26ന് മധുരയില്‍നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.
by Midhun HP News | Apr 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ.
ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് നടപടി.ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യ ഷോപ്പുകള്‍ തുറക്കേണ്ടത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ.
കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഔദ്യോഗിക അതിഥികള്‍ക്ക് മദ്യം നല്കാന് പ്രത്യേക അനുമതി വേണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.
എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളു. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം. ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്കാന് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്മാന് ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.
കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പുതുതലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍, ശാസ്ത്രീയ ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാമില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 27 മുതല്‍ പാക് പൗരന്മാരുടെ വിസ റദ്ദാക്കുന്നതായും രാജ്യത്തുള്ള പാകിസ്ഥാന്കാര് എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സമയപരിധി കഴിഞ്ഞിട്ടും ഒരു പാകിസ്ഥാനിയും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും താമസിക്കുന്ന പാകിസ്ഥാന് പൗരന്മാരെ കണ്ടെത്താനും അവരെ നാടുകടത്താനും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും നാടുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെത്താനായി പാക് പൗരന്മാര്ക്ക് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കിയിരിക്കുകയാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്ഥനികള്‍ക്ക് നല്കിയ മെഡിക്കല്‍ വിസകളും റദ്ദാക്കി. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക.
മാത്രമല്ല, വിസയ്ക്കായുള്ള എല്ലാ അപക്ഷകളും നിരസിക്കും. പാകിസ്ഥാനികള്‍ക്കു നല്‍കിയിട്ടുള്ള സാധുതയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്ഥാന് പൗരന്മാരും രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, കേരളം
കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന് തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു.
നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.
Recent Comments