ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്. ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ, ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

കൊച്ചി: ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന സെലക്ഷൻ‌ കമ്മിറ്റി യോ​ഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് പോരാട്ടം.

സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഏഷ്യൻ പോരിൽ പങ്കടുക്കുന്നില്ല. ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിൽ നീരജ് ഇല്ല. ഫെഡറേഷൻ കപ്പ് ദേശീയ അത്‌‍‍ലറ്റിക്സ് വിജയത്തിലൂടെ നിരവധി താരങ്ങൾ യോ​ഗ്യത നേടിയിട്ടുണ്ട്. യോ​ഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പോരാട്ടത്തിൽ ഇന്ത്യയുടെ 4-400 വനിതാ റിലേ ടീം പങ്കെടുക്കില്ല. ചൈനയിൽ മെയ് 10, 11നു നടക്കുന്ന ലോക അത്‍ലറ്റിക്സ് പോരാട്ടത്തിൽ ഇന്ത്യയുടെ പുരുഷ, മിക്സഡ് റിലേ ടീമുകൾ പങ്കെടുക്കും.

പിറന്നാൾ ദിനത്തിൽ യാത്രയയപ്പ്; ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി

പിറന്നാൾ ദിനത്തിൽ യാത്രയയപ്പ്; ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി

ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയ വിജയന്‌ പൊലീസ്‌ സേന യാത്രയയപ്പ്‌ നൽകി. ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. മലപ്പുറത്തു നിന്ന്, അതും ജീവിതത്തിൻ്റെ ഭാഗമായി മാറിയ എംഎസ്പിയിൽ നിന്ന് പിറന്നാൾ ദിനത്തിൽ യാത്രയയപ്പ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം.

1987ൽ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായപ്പോൾ പൊലീസ്‌ കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ്‌ വിട്ട്‌ കൊൽക്കത്ത മോഹൻബഗാനിലേക്ക്‌ കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തിൽ അനുസ്മരിച്ചു.

1993ൽ വീണ്ടും പൊലീസ്‌ വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ്‌ ബംഗാൾ, ജെസിടി മിൽസ്‌ ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ്‌ ക്ലബ്ബുകളിൽ കളിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത്‌ ഇന്ത്യൻ ക്യാപ്റ്റൻ. 2006ൽ കൊൽക്കത്ത ഈസ്റ്റ്‌ ബംഗാളിൽനിന്ന്‌ ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിടവാങ്ങി. എഎസ്‌ഐ ആയാണ്‌ തിരികെ പൊലീസിൽ പ്രവേശിക്കുന്നത്‌. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. പോലിസിൽ നിന്നിറങ്ങിയാലും ഫുട്ബോൾ മൈതാനത്ത് കാണാമെന്നു പറഞ്ഞാണ് വിജയൻ പടിയിറങ്ങുന്നത്.

ആറ്റിങ്ങൽ ഡയറ്റ് യുപിഎസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ ഡയറ്റ് യുപിഎസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ ഡയറ്റ് യുപിഎസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. പ്രൈമറി വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണകൂടാരങ്ങൾ നിർമ്മിക്കുന്നത്.

10 ലക്ഷം രൂപയാണ് അടങ്കൽ തുക. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി പുതുവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ. എസ്, വാർഡ് കൗൺസിലർ ബിനു. എസ്, ആറ്റിങ്ങൽ എ ഇ ഒ സജി, ബി ബിആർസി ബി.പി.സി. വിനു.ബി ആർ സി ട്രെയിനർ ലീന എസ് എൽ, സി.ആർ. സി.സി റീന ക്ലീറ്റസ് എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ അഡ്വ: ശ്രീകുമാർ അധ്യക്ഷനായിരുന്നു. വിജയ് ബാബു സ്വാഗതവും ഹെഡ് മിസ്ട്രസ് ഇൻ ചാർജ് – സിന്ധു വി.എസ് നന്ദിയും പറഞ്ഞു

സ്വത്ത് തട്ടിയെടുക്കാന്‍ 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; 28 കാരന്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

സ്വത്ത് തട്ടിയെടുക്കാന്‍ 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; 28 കാരന്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ ലൈറ്റ് മൃതദേഹത്തിന് സമീപമിട്ട അരുണ്‍, സീരിയല്‍ ലൈറ്റില്‍ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നാണ് പറഞ്ഞത്. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശാഖാകുമാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.