by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞു. കശ്മീര്‍ സ്വദേശികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് നാമാവശേഷമായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് ആദില്‍ ഹുസൈന്‍ തോക്കര്‍. കശ്മീര്‍ പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ഖിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. സുരക്ഷാ സേന ആദില്‍ ഹുസൈന്റെയും ആസിഫ് ഷെയ്ഖിന്റെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. വീടിനകത്ത് നിരവധി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക ഭരണകൂടം ഐഇഡി സ്ഫോടനത്തില്‍ വീടുകള്‍ തകര്‍ത്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ജമ്മു കാശ്മീരിലെ പഹൽ ഗ്രാമിൽ ഭീകരാക്രമണത്തിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ഭീകര പ്രവർത്തനത്തിനെതിരെ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടും ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ, എ എം താഹ, ആർ തുളസീദാസ്, സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, എസ് ഭാസി, ആലംകോട് പ്രകാശ്, ആർ വിജയകുമാർ വിജയൻ സോപാനം, സുരേഷ് ബാബു, അരുൺകുമാർ, മധുസൂദനൻ പിള്ള, മോഹനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടർ വീടിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്‍റെ നില ഗുരുതരമാണ്
by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചത്, രാജ്യത്തെ നടുക്കിയ പഹല്‍ഗാം ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിച്ചതിന് കാരണമായിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തഹാവൂര്‍ റാണെയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ച എന്‍ഐഎ ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന തഹാവൂര്‍ റാണെയെ ഈ മാസം പത്തിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം ബൈസരണില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം നടത്തിയ നാലു ഭീകരരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ പാകിസ്ഥാന്‍കാരും രണ്ടുപേര്‍ കശ്മീര്‍ സ്വദേശികളുമാണ്. ഹാഷിം മൂസ, അലി ഭായ് അഥവ തല്‍ഹ ഭായ് എന്നറിയപ്പെടുന്നയാളും പാകിസ്ഥാന്‍ കാരാണെന്ന് സ്ഥിരീകരിച്ചു. ഭീകരസംഘത്തിലുണ്ടായിരുന്ന ആദില്‍ ഹുസൈന്‍ തോക്കര്‍ അനന്തനാഗ് സ്വദേശിയും, അഹ്‌സാന്‍ പുല്‍വാമ സ്വദേശിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാഷിം മൂസയാണ് സംഘത്തെ നയിച്ചത്. ഇയാള്‍ മുമ്പും ഇന്ത്യയില്‍ ആക്രമണം നടത്തിയിരുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരരെ കണ്ടെത്താനായി പ്രദേശത്ത്വ്യാപക തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ പീര്‍പഞ്ചാല്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് സൈന്യം സംശയിക്കുന്നത്. സ്‌നിഫര്‍ ഡോഗ് ഉപയോഗിച്ചുള്ള തിരച്ചിലും ഹെലികോപ്റ്റര്‍, ഡ്രോണ്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. ഭീകരരോട് അനുകമ്പ പുലര്‍ത്തുന്ന 1500 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതിനിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ ദേക, റോ മേധാവി രവി സിന്‍ഹ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
by Midhun HP News | Apr 25, 2025 | Latest News, കേരളം
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴിമുറിക്കൽ ഇന്ന് പൂർത്തിയാകും. അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്. ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണൽനീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലിൽ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണൽനീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നെത്തുമെന്നാണ് കരുതുന്നത്.
അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോൾ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി 120 മീറ്ററാണ്. അതിൽ 13 മീറ്റർ വീതിയിലാണ് പൊഴി മുറിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിൽ മണൽ മൂടി കിടക്കുകയാണ്. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽ അവിടെ നിന്നും പെരുമാതുറ സൈഡിലേക്ക് നിക്ഷേപിക്കുന്ന പ്രക്രിയ 24 മണിക്കൂറും തുടരുകയാണ്. നാളെ പൊഴിമുറിക്കൽ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന നേരിയ ചാലിൽ കൂടി കായൽവെള്ളം കടലിൽ പ്രവേശിക്കുന്നതിനാൽ കായലോരമേഖലയിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരം ഉണ്ടായിത്തുടങ്ങും. പൂർണതോതിൽ വെള്ളമിറങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ എടുക്കും.
കായലോര മേഖലയിലെ പലയിടങ്ങളിലും വെള്ളം കയറി ദുരിതങ്ങൾ അനുഭവിക്കുന്ന നൂറുകണക്കിന് വീട്ടുകാരും നാട്ടുകാരുമുണ്ട്. അതുപോലെ അഴിമുഖത്തെ മണൽ നീക്കം പൂർണമാകാൻ ഡ്രഡ്ജർ എത്തിയാലും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. ഡ്രഡ്ജറുമായി ഘടിപ്പിക്കേണ്ട മറ്റ് അനുബന്ധ ഉപകരണങ്ങൾ റോഡുമാർഗം മുതലപ്പൊഴിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അഴിമുഖം മണൽ മൂടിയതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലച്ച് നിത്യവൃത്തിക്കായി പാടുപെടുകയാണ്.മുതലപ്പൊഴിയിലെ രണ്ട് ഹാർബറുകളിലുമായി നൂറിലേറെ താങ്ങുവല വള്ളങ്ങളാണ് കടലിൽ ഇറക്കാനാകാതെ കെട്ടിയിട്ടിരിക്കുന്നത്. ഒരു താങ്ങുവല വള്ളത്തിൽ ശരാശരി 20 മുതൽ 40 പേരാണ് ജോലിക്ക് പോകുന്നത്.ഇവരും ഇവരുടെ കുടുംബാംഗങ്ങളും ഇവരെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട തൊഴിലാളികളും ചുമട്ടുതൊഴിലാളികളുമെല്ലാം പട്ടിണിയിലും പരിവട്ടത്തിലുമാണ്.
Recent Comments