by Midhun HP News | Feb 28, 2026 | Latest News, കേരളം
തൃശൂര്‍: ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി ടോള്‍കമ്പനി ജീവനക്കാരന്‍ മരിച്ചു. ആളൂര്‍ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠന്‍ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഹരിയാന സ്വദേശിയായ ട്രെയിലര്‍ ഡ്രൈവറുടെ പേരില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു.
തൃശ്ശൂര്‍ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെയായിരുന്നു അപകടം. ഫാസ്ടാഗില്‍ പണമില്ലാതെ ബൂത്തില്‍ കയറിയ ടോറസ് ലോറി ട്രാക്കില്‍നിന്ന് മാറ്റുന്നതിന് പിന്നിലുണ്ടായിരുന്ന ട്രെയിലര്‍ പിറകിലേക്ക് എടുത്തപ്പോഴാണ് മണികണ്ഠനെ ഇടിച്ചത്.
ട്രാക്കില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠന്‍ പിന്നില്‍നിന്ന് ലോറി വന്നതറിഞ്ഞില്ല. ട്രെയിലര്‍ വേഗത്തില്‍ പിറകിലേക്കെടുത്തതാണ് അപകടകാരണമെന്നും പറയുന്നു. ലോറിയിടിച്ച് വീണ മണികണ്ഠന്റെ ദേഹത്തുകൂടി ചക്രങ്ങള്‍ കയറിയിറങ്ങി. ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Feb 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചു.
അതേ സമയം, പൊങ്കാലയുടെ തലേദിവസം (മാർച്ച് 2) അവധി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് പറഞ്ഞു.
”സാധാരണ പൊങ്കാലയുടെ തലേദിവസം ഉച്ചയ്ക്ക് ശേഷം നഗരത്തിന് സർക്കാർ അവധി കൊടുക്കുന്നതാണ്. എന്നാൽ ഇത്തവണ ആ ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊണ്ട് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിന് കത്ത് നൽകും” അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 28, 2026 | Latest News, കേരളം
പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയപ്പോൾ, പൊലീസ് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൂടുതൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസിന് നേരെ സിപിഎം – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പരാക്രമം. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരത്തിലാണ്. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും പ്രവർത്തകർക്കെതിരെ കൂടുതൽ കേസുകൾ എടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
സംഭവത്തിൽ ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
by Midhun HP News | Feb 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് 5 ന് വിരമിക്കുന്നതിനാൽ മാർച്ച് 6 മുതൽ സുശ്രുത് എ ധർമാധിക്കാരിയുടെ നിയമനം പ്രാബല്യത്തിൽ വരും. ഫെബ്രുവരി 26 ന് ചേർന്ന കൊളീജിയം മീറ്റിങ്ങിലാണ് ഈ ശുപാർശ ഉണ്ടായത്.
‘കേരള സ്റ്റോറി 2’ സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ജസ്റ്റിസ് സുശ്രുത് എ ധർമാധിക്കാരി.
സിനിമയുടെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇന്നലെ രാത്രി അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരിയും ജസ്റ്റിസ് പിവി ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീല്‍ ഉത്തരവിനായി മാറ്റിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അങ്ങനെയെങ്കില്‍ സിംഗിള്‍ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷാ ആവശ്യപ്പെട്ടതുപോലെ സ്റ്റേ നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവൊന്നും കോടതി പുറപ്പെടുവിച്ചില്ല.
1966 ജൂലൈ 8 ന് റായ്പുരില്‍ ജനിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരി 1992 ല്‍ നിയമരംഗത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. സിവില്‍, ക്രിമിനല്‍, ഭരണഘടനാ നിയമങ്ങളില്‍ 24 വര്‍ഷത്തിലേറെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 2000 മുതല്‍ 2015 വരെ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായി സേവനമനുഷ്ഠിച്ചു, ആദായനികുതി വകുപ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര എക്സൈസ് (സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ എന്ന നിലയില്‍), നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ചു. 2016 ഏപ്രില്‍ 7 ന് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2018 മാര്‍ച്ച് 17 ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2025 ഏപ്രില്‍ 23 നാണ് കേരള ഹൈക്കോടതിയില്‍ എത്തിയത്.
by Midhun HP News | Feb 27, 2026 | Latest News, കേരളം
കൊച്ചി: ‘കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ രാത്രിയില്‍ അടിയന്തര വാദം കേട്ടിരുന്നു. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പിവി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിങ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്. ചിത്രത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ ‘കേരള സ്റ്റോറി 2’ റിലീസ് കേരള ഹൈക്കോടതി തടഞ്ഞിരുന്നു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കള്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ ഒന്നാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദി കേരള സ്റ്റോറി 2’. കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Recent Comments