കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായി ബാലസംഘം കൂട്ടുകാർ

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായി ബാലസംഘം കൂട്ടുകാർ

ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായി ബാലസംഘം കൂട്ടുകാർ. ബാലസംഘം ആറ്റിങ്ങൽ ഏരിയ വേനൽതുമ്പി കലാജാഥയുടെ കൂട്ടുകാരായ സാരംഗ്, നവതെജ്, നവനീത്, സാരംഗ്, അതുൽ എന്നീ കൂട്ടുകാർ ആണ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായത്.

കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ നിന്നും 275 കിലോയോളം കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു

കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ നിന്നും 275 കിലോയോളം കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു

വർക്കല: കടമ്പാട്ടുകോണം മൊത്ത മത്സ്യ വിപണന മാർക്കറ്റിൽ രാത്രികാല പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗോവയിൽ നിന്നും കൊണ്ട് വന്ന 275 കിലോ കേടായ ചൂര മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യം ഏകദേശം അഴുകിയ നിലയിലേക്ക് എത്തിയിരുന്നു. സ്ക്വാഡിൽ വർക്കല സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ, ഓഫീസ് സ്റ്റാഫ്, മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ജീവനക്കാർ പങ്കെടുത്തു.

കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ  ധർണ്ണ സംഘടിപ്പിച്ചു

കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കെ എ സി എ ആറ്റിങ്ങൽ യൂണിറ്റ് ചിറയിന്‍കീഴ് താലൂക്ക് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വഃ ജി കെ പ്രദീപ്കുമാർ, സെക്രട്ടറി അഡ്വഃ രാജേഷ്. ബി. നായർ, അഭിഭാഷക സംഘടനാ നേതാക്കളായ അഡ്വഃ ഷിഹാബുദ്ദീൻ കുറിയേടത്ത്, അഡ്വഃ പുല്ലയില്‍ ഷിബു കുമാർ, കെ എ സി എ ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ എന്നിവർ ധർണ്ണ അഭിസംബോധന ചെയ്തു സംസാരിച്ചു. യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗം നടത്തി സെക്രട്ടറി ആറ്റിങ്ങല്‍മനോജ് സ്വാഗത പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കു തുടര്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്.

സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.

ഹിമുക്രി ഏപ്രിൽ 25ന്

ഹിമുക്രി ഏപ്രിൽ 25ന്

എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.

റിട്ടേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥനായ ബാലൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനും എം ബി എ ബിരുദധാരിയുമായ മനോജിന്റെ സ്വകാര്യ ജീവിതത്തിലേക്ക് അവന്റെ കൂട്ടുകാരും മൂന്നു പെൺകുട്ടികളും കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രമേയം.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലൂടെയുള്ള മനോജിന്റെ ജീവിതയാത്ര കൂടിയാണ് ‘ഹി മു ക്രി.’

പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുന്ന ഹിമുക്രിയിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവർ നായികമാരാകുന്നു.

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് – ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി.

എഫ്.എൻ എന്റർടൈൻമെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയിൽ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവർ അഭിനയിക്കുന്നു. വാർത്താവിതരണം – എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ.