“വാക്കും വരയും” വേനലവധി ക്യാമ്പിന് തുടക്കമായി

“വാക്കും വരയും” വേനലവധി ക്യാമ്പിന് തുടക്കമായി

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ വേനലവധി ക്യാമ്പ് പ്രശസ്ത ചിത്രകാരനും വിൽപ്പാട്ടു കലാകാരനുമായ അനിൽ പോത്തൻകോടൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 15 മുതൽ 20 വരെയുള്ള അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന “വാക്കും വരയും” കുട്ടികളുടെ കൂട്ടായ്മയിൽ ചിത്രരചന, വായന, എഴുത്ത്, സംഗീതം, അഭിനയം, നാടൻ പാട്ട് തുടങ്ങിയ വിഷയങ്ങളിൽ ഷാനിഫാ ബീവി (ചിത്രകാരി), ഷാജി എം. ധരൻ (ഗായഗൻ അമ്യത സ്റ്റാർ സിംഗർ ഫെയിം), സുജ കമല (കവയത്രി, അധ്യാപിക), ദിവ്യ പി.നായർ (വിദ്യാഭ്യാസ പരിശീലക), ഗോപൻ അറപ്പുര (നാടകകൃത്ത്) അഭിജിത് പ്രഭ (നാടൻ പാട്ട് കലാകരൻ) തുടങ്ങി പ്രമുഖർ ക്ലാസ് നയിക്കും.

സമാപന ദിവസമായ 20-ാം തീയതി 5 മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിസര മാലിന്യനിർമ്മാർജ്ജന യ്ഞത്തിന്റെ ഉദ്ഘാടനം എം എൽ എ വി.ശശി നിർവ്വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യർത്ഥികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ ഹരിത സേന അംഗങ്ങളെ ആദരിക്കലും MLA നിർവ്വഹിക്കും. യോഗത്തിൽ മുദക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അധ്യക്ഷത വഹിക്കും.

പ്രതീക്ഷയിൽ വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

പ്രതീക്ഷയിൽ വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ , ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയുമായി വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡർമാർ. ഒഴിവുകൾ ഒട്ടേറെയുള്ളതിനാൽ അനുകൂല തീരുമാനമുണ്ടായാൽ നൂറു കണക്കിന് യുവതികൾക്ക് തൊഴിലെന്ന സ്വപ്നം യാഥാർഥ്യമാകും

സർക്കാരിന്റെ കണ്ണു തുറക്കാൻ, മുഖം മറച്ച് കറുത്ത തുണിമൂടി, കൈകൾ പിന്നിൽക്കെട്ടിയായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ റാങ്ക് ഹോൾഡർമാരുടെ 14–ാം ദിവസത്തെ സമരം. കറുത്ത വസ്ത്രം ധരിച്ച് കണിയൊരുക്കിയായിരുന്നു വിഷു ദിനത്തിലെ സമരം. കൂടാതെ ഏഴു പേരുടെ ചോര കൊണ്ട് ‘സേവ് ഡബ്ല്യുസിപിഒ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. ജിംഷ, അശ്വിനി എന്നിവരുടെ നിരാഹാര സമരവും തുടരുന്നു.

ട്രെയിനില്‍ ഇനി ബാങ്കിങ് സേവനവും; എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ

ട്രെയിനില്‍ ഇനി ബാങ്കിങ് സേവനവും; എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ

മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.

മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.

‘പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

‘പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ അമ്മ’; ദിവ്യ മടങ്ങി, കുറ്റപ്പെടുത്തലുകളില്ലാത്ത ലോകത്തേക്ക്

കൊല്ലം: മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. ദിവ്യ ജോണിയെക്കുറിച്ച് അങ്ങനെയാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് ദിവ്യ സ്വന്തം ജീവിതം തുറന്നു പറഞ്ഞപ്പോള്‍, കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോടുള്ള വെറുപ്പ് സഹതാപമായി മാറി. അതിലുപരി പ്രസവാനന്തരം സ്ത്രീകള്‍ കടന്നുപോവുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ദിവ്യ നിമിത്തമായി. ഇപ്പോള്‍ പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്കു വിട വാങ്ങിയിരിക്കുകയാണ് ഈ കുണ്ടറ കാഞ്ഞിരംകോട് സ്വദേശി, അതും കാത്തിരുന്ന ജോലി കൈപ്പിലാകും മുമ്പേ.

ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദിവ്യ കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എല്‍പി യുപി അധ്യാപക തസ്തികയില്‍ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിസി അടക്കം നിരവധി തസ്തികയുടെ ലിസ്റ്റിലും ഉള്‍പ്പെട്ടു.

കേരള സര്‍വകലാശാലയില്‍നിന്ന് ഗണിതത്തില്‍ മികച്ച റാങ്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടിയ ദിവ്യയ്ക്ക് 2019ല്‍ അമ്മ മരിച്ചതോടെ ചെറിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 2020ല്‍ വിവാഹിതയായ ദിവ്യ 2021ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവത്തെ തുടര്‍ന്നുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി. രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. ഉടന്‍ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയമായ ഇവര്‍ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് അടുത്തിടെ വീണ്ടും ആത്മഹത്യാശ്രമം നടത്തിയത്.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഹൃദയസ്തംഭനമുണ്ടായി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് 19ന് പരിഗണിക്കാനിരിക്കെയാണ് മരണം.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത വേണം

തിരുവനന്തപുരം : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ്‌ പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.

ഇത്തരം വെള്ളവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടേണ്ടതാണെന്നു മന്ത്രി അഭ്യർഥിച്ചു.

2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും സംസ്ഥാനത്ത്‌ ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചത് കൊണ്ടാണ് ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്.

ശ്രദ്ധിക്കാം

● പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്

● വർഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്‌

● മൂക്കിൽ ശസ്ത്രക്രിയ ചെയ്‌തവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയക്ക്‌ വിധേയമായവരുംർ പ്രത്യേകം ശ്രദ്ധിക്കണം.

● ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും തോട്ടിലും കുളിക്കരുത്‌

● വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം

● മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്