by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാർത്ഥനകളും, വികുർബ്ബാന അപ്പം സ്വീകരിക്കലും, കാല്‍ കഴുകൽ ശുശ്രൂഷയും നടക്കുകയാണ്.
സഭാ അധ്യക്ഷന്മാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാല്‍ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം.
വൈകുന്നേരത്തോടെ വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
വാഴൂർ സെൻ്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ പെസഹാ പെരുന്നാളിന് കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 2 ന് കാൽകഴുകൽ ശുശ്രൂഷയും നടക്കും. ‘
കോട്ടയം അതിരൂപതാ മെത്രാ പ്പൊലീത്താ മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലും, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ കോട്ടയം വിമലഗിരി കത്തീഡ്രലിലും, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്താ മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും കാർമികരാവും
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നതിനോട് യോജിപ്പില്ലെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.
ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍, ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാട്സാപ്പിലെ പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പാണ് കേരള പൊലീസ് പുറത്ത് വീട്ടിരിക്കുന്നത്. വാട്സാപ്പിലേക്ക് ഒരു ചിത്രം അയച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും ഉപയോക്താവ് അറിയാതെ തന്നെ ഫോൺ നിയന്ത്രിക്കാനും കഴിവുള്ള മാൽവയറുകൾ വഴി വിവരങ്ങൾ ശേഖരിക്കും. അതിനാൽ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഫോട്ടോകളോ ഫയലുകളോ തുറക്കാൻ പാടില്ലായെന്നും ഫോണിലെ ഓട്ടോ-ഡൗൺലോഡ് ഓഫാക്കാനും കേരള പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതെങ്കിലും തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കാനും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.
നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങൾ ആ ചിത്രം തുറക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.
ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.
അഥവാ നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കുക.
by Midhun HP News | Apr 16, 2025 | Informations & Vaccancy, Latest News
വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായി കരുതാം. തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.
ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്‍റെ ലക്ഷണമായി കണക്കാക്കാറില്ല.
പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകൾ കാരണം പകൽസമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാം. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
മൈക്രോ സ്ലീപ്
തുടർച്ചയായ ഉറക്കമില്ലായ്മയെ തുടര്‍ന്ന് തലച്ചോറ് ചെറിയ ഉറക്കങ്ങൾ എടുത്തേക്കാം. മൈക്രോ സ്ലീപ് എന്നാണ് വിദഗ്ധര്‍ അത്തരം ഉറക്കത്തെ വിളിക്കുന്നത്. രണ്ട്, മൂന്ന്, പത്ത് സെക്കന്‍ഡുകള്‍ വരെയാകാം ഓരോ മൈക്രോ സ്ലീപ്പിന്‍റെയും ദൈര്‍ഘ്യം. ഇത് അവസ്ഥ നിങ്ങള്‍ അറിയുക പോലുമില്ല. ഇത് പല അപകടങ്ങളും ഉണ്ടാക്കാം.
ഉറക്കക്കുറവ് അളക്കാം
എത്ര ഉറക്കം ഉണ്ടെങ്കിലും അത് കുഴപ്പമില്ലെന്ന മട്ടിലാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് ദീര്‍കാല അടിസ്ഥാനത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിനെ എപ്‌വർത്ത് സ്ലീപ്പിനെസ് സ്കെയിൽ ഉൾപ്പെടെ വിവിധ സ്കെയിലുകളിൽ അളക്കാവുന്നതാണ്. ഉറക്കക്കുറവ് പുരോഗമിക്കുമ്പോൾ, ഉറക്കമില്ലായ്മയുടെ അപകടകരമായ ലക്ഷണങ്ങൾ വർധിച്ചേക്കാം.
പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത
ഉറക്കക്കുറവ് ഗുരുതര ലക്ഷണങ്ങള്‍
നിങ്ങളുടെ കണ്‍പോളകള്‍ തൂങ്ങുന്നു, ശരീരം തളരുന്നു, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചിലരിൽ തലകറക്കം, കഠിനമായ ബലക്കുറവ്, കൈകൾ വിറയ്ക്കുക, ചിലരില്‍ ഉറക്കക്കുറവ് അശ്രദ്ധയും ആവേശവും ഉണ്ടാകാം.
കോട്ടുവായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന
തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Apr 16, 2025 | Latest News, കേരളം
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗര്‍ തൊപ്പിയെ ( മുഹമ്മദ് നിഹാൽ) വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവം. തര്‍ക്കത്തിനിടെ തൊപ്പി ഇവര്‍ക്ക് നേരേ എയര്‍ പിസ്റ്റള്‍ ചൂണ്ടിയെന്നാണ് ആരോപണം.
എന്നാല്‍ പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന മൂന്നു പേരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വടകര – കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു തൊപ്പി.
ഇവരുടെ കാർ സ്വകാര്യ ബസുമായി ഉരസി. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നും ആരോപിച്ച് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാൻഡിലെത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാൽ ബസ് ജീവനക്കാർ പരാതി ഇല്ലെന്ന് അറിയിച്ചതോടെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല.
Recent Comments