ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ സ്വദേശിയായ അഖിൽ (24), സുധീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം തമിഴ്നാട് മാർത്താണ്ഡത്തുനിന്നു മോഷ്ടിച്ച ബൈക്കുമായെത്തി കഴക്കൂട്ടത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്ക് മോഷ്ടിച്ച്, സ്വന്തം നാടായ ചാത്തന്നൂരിൽ എത്തി. അവിടെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഒളിപ്പിച്ചത്. ചാത്തന്നൂർ പൊലീസ് ഇതുവരെയും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമ്പോഴാണ് ബൈക്കുകൾ മോഷ്ടിച്ച വിവരം ലഭിക്കുന്നത്.ഇവർ വേറെയും വാഹന മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ചു വിൽപന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

മുതലപ്പൊഴി അഴിമുഖത്ത് മണൽമൂടി മത്സ്യബന്ധനം നിലച്ചതിൽ വ്യാപക പ്രതിഷേധം

മുതലപ്പൊഴി അഴിമുഖത്ത് മണൽമൂടി മത്സ്യബന്ധനം നിലച്ചതിൽ വ്യാപക പ്രതിഷേധം

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മണൽമൂടി മത്സ്യബന്ധനം നിലച്ചതിൽ വ്യാപക പ്രതിഷേധം. തടസം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മന്ത്രി സജി ചെറിയാന്റെ വസതി ഉപരോധിച്ചു. മണൽ അടിഞ്ഞുകൂടിയതിനാൽ മുതലപ്പൊഴി അഴിമുഖം അടച്ചുപൂട്ടാനും മത്സ്യത്തൊഴിലാളികളെ മറ്റ് തുറമുഖങ്ങളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിഷേധം.

കോൺഗ്രസ് പ്രതിഷേധത്തിന് പുറമേ ഐ.എൻ.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച സ്ത്രീകളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിച്ച വനിതാപ്രവർത്തകയെ പൊലീസ് തടഞ്ഞു. പ്രതിഷേധ സമയം മന്ത്രി വസതിയിലുണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളുമായി മന്ത്രി സജി ചെറിയാൻ ഇന്ന് ചർച്ച നടത്തും.

ചിറയിൻകീഴ്,ശാർക്കര മണ്ഡലം കമ്മിറ്റികളുടെയും ഐ.എൻ.ടി.യു.സിയുടേയും നേതൃത്വത്തിൽ ഹാർബർ എൻജിനിയറുടെ ഓഫീസ് ചങ്ങലയിട്ട് പൂട്ടി റീത്തുവച്ചു. രാവിലെ 8.30ഓടെയാണ് സമരാനുകൂലികൾ ഹാർബർ എൻജിനിയറുടെ ഓഫീസിലേക്കെത്തി ധർണ നടത്തിയത്. സർക്കാരിന്റെയും തുറമുഖ വകുപ്പിന്റെയും അനാസ്ഥയാണ് മുതലപ്പൊഴി ഹാർബറിൽ മണൽ അടിഞ്ഞുകൂടാനും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാവാനും കാരണമെന്ന് പ്രവർത്തകർ പറഞ്ഞു.

ഫിഷറീസ് മന്ത്രിയുടെ രാജിയാവശ്യപ്പെട്ടാണ് സി.ഐ.ടി.യു പ്രവർത്തകർ സമരമുഖത്തെത്തിയത്. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ നടന്ന ഹാർബർ ഓഫീസ് ഉപരോധം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു. ഡ്രഡ്ജ് ചെയ്ത് മണൽ മാറ്റിയശേഷം മുതലപ്പൊഴി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഐബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

ഐബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് യുവതിയുടെ കുടുംബം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്ന് പിതാവ് ‘മനോരമ’യോട് പറഞ്ഞു. പ്രതിസ്ഥാനത്തുള്ള സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ, സംഭവം നടന്ന് 24 ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദമുള്ള പ്രതിയെ രക്ഷിക്കാൻ സേനയിൽ ചിലർ അണിയറ നീക്കം നടത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. സുകാന്തിനെ പിടികൂടാൻ നിയോഗിച്ച 2 സ്ക്വാഡുകളെയും തിരിച്ചു വിളിച്ച് മറ്റ് കേസുകളുടെ ചുമതലയേൽപിച്ചു. കഴിഞ്ഞ 24നാണു തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്ത് പ്രണയം നടിച്ച് യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമാണു കേസ്.

ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി.

ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി ആ‍ർ വൈഷ്ണയെ പുറത്താക്കി തക‍ർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. ഒൻപത് റൺസെടുത്ത കീ‍ർത്തി കെ ജെയിംസിനെയും സജന തന്നെ പുറത്താക്കി. ബൗള‍ർമാരെ മാറിമാറി പ്രയോ​ഗിച്ച് ബാറ്റ‍ർമാർക്ക് മേൽ സമ്മ‍ർദ്ദം ചെലുത്തിയ സജന തൃശൂരിൻ്റെ കുതിപ്പിന് വിദ​ഗ്ധമായി തടയിട്ടു. 22 റൺസെടുത്ത ജുവൽ ജീനും18 റൺസെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റൻസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന, മല്സരം റോയൽസിൻ്റെ വരുതിയിലാക്കി . 15 പന്തുകളിൽ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റൺസ്. 25 പന്തുകൾ ബാക്കി നില്ക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. 15 റൺസ് വീതം നേടിയ നജ്ലയുടെയും പ്രിതികയുടെയും ഇന്നിങ്സുകളും റോയൽസിന് തുണയായി. ടൈറ്റൻസിന് വേണ്ടി സൂര്യ സുകുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സജനയാണ് പ്ലേയർ ഓഫ് ദി മാച്ച്

നഗരൂർ വെള്ളല്ലൂരിൽ 13 വയസ്സ് കാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

നഗരൂർ വെള്ളല്ലൂരിൽ 13 വയസ്സ് കാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

വെള്ളല്ലൂർ ഈഞ്ചമൂല ചെറുകര പൊയ്ക പേഴുവിള വീട്ടിൽ ബാബു എന്നയാളാണ് ഈ ക്രൂരത കാട്ടിയത്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചു കൊണ്ടിരുന്ന ബാബു മദ്യ ലഹരിയിൽ വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ തേക്ക് മരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് മർദ്ദിച്ചത്.

പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ പിതാവ് മരണപ്പെട്ട ശേഷം അമ്മ മറ്റൊരു വിവാഹം ചെയ്തതിനാൽ മുത്തച്ഛനായ ബാബുവിന്റെ കൂടെയാണ് കുട്ടി കഴിയുന്നത്. കുട്ടിയുടെ വയറിനും മർദ്ദനമേറ്റിട്ടുണ്ട്.