ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

ലങ്കന്‍ ജയിലില്‍ ലഹരിസംഘങ്ങള്‍ ഏറ്റുമുട്ടി; 25 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ തടവുകാരുടെ കലാപത്തില്‍ 4 ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം തടവുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജയില്‍ കലാപമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ലഹരിമരുന്ന് മാഫിയയിലെ രണ്ട് എതിര്‍ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ രീതിയിലുള്ള സായുധ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്കുള്ള നെഗോംബോ ജയിലില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും കൈവിട്ടുപോവുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല് ജയില്‍ ഗാര്‍ഡുമാര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റവരെ നെഗോംബോയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണ്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം പടര്‍ന്നതോടെ, ഇതിനോട് ചേര്‍ന്നുള്ള വിഭാഗത്തിലെ വനിതാ തടവുകാരും തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി ഇവര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ഒരുഭാഗം തകര്‍ന്നു വീഴുകയും ഏതാനും വനിതാ തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കമാന്‍ഡോകളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചെങ്കിലും അവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചിട്ടില്ല. വ്യോമസേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് നിലവില്‍ പ്രദേശം നിരീക്ഷിക്കുന്നത്. ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിട്ടുണ്ട്.

ലങ്കന്‍ ജയിലുകളിലെ സ്ഥലപരിമിതിയാണ് ഇത്തരം അക്രമങ്ങള്‍ വഷളാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനുവദനീയമായ പരിധിയേക്കാള്‍ നാലിരട്ടിയോളം തടവുകാരാണ് നിലവില്‍ ശ്രീലങ്കയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത്, 2020 ഡിസംബറില്‍ ശ്രീലങ്കയിലെ മറ്റൊരു ജയിലിലുണ്ടായ സമാനമായ കലാപത്തില്‍ 11 തടവുകാര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ

അമേരിക്കന്‍ എല്‍പിജി ഇറക്കുമതി ഇരട്ടിയാക്കും; ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യ നിര്‍ണായക നീക്കത്തിലേക്ക്. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പ്രതിവര്‍ഷം 2.2 മില്യണ്‍ ടണ്‍ എല്‍പിജി ആണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വിതരണ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇത് ഇരട്ടിയാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൂടാതെ അള്‍ജീരിയ, അര്‍ജന്റീന, നൈജീരിയ, മലേഷ്യ തുടങ്ങിയ മറ്റ് വിപണികളില്‍ നിന്നും എല്‍പിജി എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള എല്‍പിജി വിതരണമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. 2025ല്‍ ഇന്ത്യയുടെ ആകെ എല്‍പിജി ഇറക്കുമതിയുടെ എട്ട് ശതമാനത്തില്‍ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക്, 2026 ജൂണ്‍ ആയപ്പോഴേക്കും 65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായാലും രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകാതിരിക്കാന്‍ 30 ദിവസത്തേക്കുള്ള എല്‍പിജി ശേഖരം ഉറപ്പാക്കാനും പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണം- സ്കൂൾമുറ്റം നിറഞ്ഞ് ബഷീർ കഥാപാത്രങ്ങൾ

ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണം- സ്കൂൾമുറ്റം നിറഞ്ഞ് ബഷീർ കഥാപാത്രങ്ങൾ

ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണത്ത് നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ‘ബേപ്പൂർസുൽത്താന്റെ ക്രൃതികളും കഥാപാത്രങ്ങളും’എന്ന വിഷയത്തിൽ കവയിത്രിയും അധ്യാപികയുമായ ജ്യോത്സന സുന്ദരേശൻ പ്രഭാഷണം നടത്തി.

കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം ഒരുക്കി. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട കുട്ടികൾ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചു. ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറിന്റെ നോവലുകളിലെ കഥാസന്ദർഭങ്ങൾ സ്കിറ്റ് രൂപത്തിലും നാടക രൂപത്തിലും കുട്ടികൾ അവതരിപ്പിച്ചു. സ്കുൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ.ജി, ഡോ.അജിതകുമാരി, ലീനഭാസ്കർ, സംഗീത എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പരിപാടിക്ക് നേതൃത്വം നൽകി.

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്

വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൽപ്പറ്റ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ടൗൺഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്, ശുചിമുറികൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരവും കാർഷിക പദ്ധതികളും
ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് പ്രദേശത്തും കൽപ്പറ്റ നഗരത്തിലും രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി വലിയൊരു ബൃഹദ് പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി.മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത പ്രദേശത്തെ കാർഷിക ഭൂമി പുനഃക്രമീകരിച്ചു നൽകുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികൾ സ്വീകരിക്കും. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും, പുത്തുമല ദുരന്തബാധിതർക്കായി ഒരുക്കിയ ‘ഹർഷം’ പദ്ധതി ആവശ്യമെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും
ചൂരൽമലയിൽ പുതിയ പാലം നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി സർക്കാർ അനുമതി ആവശ്യമെങ്കിൽ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പരിഹരിക്കും. പുഞ്ചിരിമട്ടത്തെ പാലം നിർമ്മാണത്തിനുള്ള നടപടികളും നിലവിൽ പുരോഗമിക്കുകയാണ്.ടൗൺഷിപ്പിലെ റോഡിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തിട്ടുണ്ട്; മഴ ശക്തമാകുമ്പോൾ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കും. സാസ്‌കി പദ്ധതിക്ക് കീഴിൽ നിർമ്മാണം നടക്കുന്ന റോഡ്, പാലം, സ്കൂൾ, ഫയർ സ്റ്റേഷനുകൾ, സ്കിൽ പാർക്ക്, ഷെൽട്ടർ ഹോം തുടങ്ങിയവയും ജലവിഭവ-ജലസേചന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളും യോഗം വിലയിരുത്തി.

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

കണ്ണൂർ: പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ നിർണ്ണായക നീക്കം. മരണത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ, അടക്കം ചെയ്ത പള്ളി ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർഡിഒ) കോടതി ഉത്തരവിട്ടു. കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശിയായ ഷാനവാസിന്റെ മൃതദേഹമാണ് ജൂലൈ ഏഴിന് (ചൊവ്വാഴ്ച) രാവിലെ പുറത്തെടുത്ത് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തുക.

പൈൽസ് ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യനില വഷളായ ഷാനവാസ് ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാണിച്ച് ഷാനവാസിന്റെ ഭാര്യ ബംഗളൂരു പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

ശാസ്ത്രീയ അന്വേഷണത്തിനായി നടപടി; നാളെ നിർണ്ണായകം

ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണവും തെളിവുകളും ആവശ്യമുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.ചൊവ്വാഴ്ച രാവിലെ റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി കൃത്യമായ റിപ്പോർട്ട് ബംഗളൂരുവിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസും കുടുംബവും.