ആലുവയില്‍ നടുക്കുന്ന കവര്‍ച്ച, പ്രവാസി മലയാളിയെ തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തി

ആലുവയില്‍ നടുക്കുന്ന കവര്‍ച്ച, പ്രവാസി മലയാളിയെ തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തി

കൊച്ചി: ആലുവ നഗരമധ്യത്തില്‍ നടുക്കുന്ന കവര്‍ച്ച. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ ആക്രമിച്ച് മാലയും പണവും കവര്‍ന്നു. രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജു ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജോഫിന്‍ ജിജുവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി. ഇതിന് ശേഷം നെഞ്ചില്‍ കരിങ്കല്ല് കൊണ്ട് ഇടിച്ച് പണവും മാലയും കവര്‍ന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

റെയില്‍വേ സ്റ്റേഷന് പിന്നില്‍ ഗുഡ്‌സ് യാര്‍ഡിലൂടെ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ ചില ആളുകള്‍ തമ്പടിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

അതിനിടെ രാത്രിസമയങ്ങളില്‍ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതുമാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

പുത്തൂർ സുവോളജിക്കൽ പാർക്കിലെ നന്ദു എന്ന കടുവയുടെ ദയാവധം: ദേശീയ ചട്ടങ്ങൾ ലംഘിച്ചതായി പരാതി

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട ‘നന്ദു’ എന്ന കടുവയെ ദയാവധത്തിന് വിധേയമാക്കിയതിലും തുടർന്നുണ്ടായ പോസ്റ്റ്‌മോർട്ടം നടപടികളിലും ഗുരുതര ചട്ടലംഘനങ്ങൾ ആരോപിച്ച് മൃഗസംരക്ഷണ സംഘടനയായ അനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് രംഗത്ത്. വിഷയത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ സമയബന്ധിത അന്വേഷണം വേണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു.

കടുവയുടെ ദയാവധം, വിദഗ്ദ്ധ പരിശോധന, പോസ്റ്റ്‌മോർട്ടം എന്നിവ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായാണോ നടന്നതെന്ന് സമഗ്രമായി പരിശോധിക്കണമെന്ന് ട്രസ്റ്റ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കടുവകളുടെ മരണവും പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിഷ്കർഷിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പുത്തൂരിൽ കൃത്യമായി പാലിക്കപ്പെട്ടോ എന്നതിൽ സംഘടന സംശയം പ്രകടിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിൽ നിർദ്ദിഷ്ട യോഗ്യതയുള്ള വിദഗ്ദ്ധരുടെ സാന്നിധ്യമുണ്ടായിരുന്നോ, എൻടിസിഎയുടെ അംഗീകൃത പ്രതിനിധി സംഘത്തിലുണ്ടായിരുന്നോ, നടപടികളിൽ പങ്കെടുത്ത വെറ്ററിനറി സർജൻമാർക്ക് വന്യജീവി ചികിത്സയിൽ ആവശ്യമായ പരിചയസമ്പത്തുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണം.

കടുവയുടെ ദയാവധവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളിൽ പങ്കാളിയായെന്ന് പറയപ്പെടുന്ന സി.ആർ. ഹരിപ്രസാദ് എന്ന ബാഹ്യ എൻജിഒ വിദഗ്ദ്ധന്റെ നിയമനത്തിലും യോഗ്യതയിലും ട്രസ്റ്റ് രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട സംരക്ഷിത വന്യജീവിയുടെ ജീവനൊടുക്കാനുള്ള അതീവ സുപ്രധാന തീരുമാനത്തിൽ ഇടപെടാൻ ഇയാൾക്ക് എന്ത് അധികാരമാണുള്ളതെന്നും ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സംഘത്തിൽ ഉൾപ്പെടുത്തിയതെന്നും വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അനെക് ട്രസ്റ്റ് ആവശ്യപ്പെട്ടു.

എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?

എണ്ണവില എങ്ങോട്ട്?, 107 ഡോളര്‍ കടന്നു; ഇന്ധനവില കൂട്ടുമോ?

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ ആണ് കടന്നത്. ഇന്ന് എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ കുതിപ്പ് ആണ് ഉണ്ടായത്. ഇതോടെ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ വീണ്ടും ഇന്ധനവില കൂട്ടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുകയാണ്. അതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമോ എന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണത്തില്‍ കിഴക്ക്- പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന് സംഭവിച്ച തകരാര്‍ ആണ് അടിയന്തരമായി ഇതുവഴിയുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിച്ചത്. ഇതോടെ എണ്ണയുടെ ലഭ്യത കുറയുമോ എന്ന ആശങ്കയാണ് പെട്ടെന്നുള്ള എണ്ണവില കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

ആറുവരി പാതയില്‍ റൂട്ട് ബസുകള്‍ക്ക് കര്‍ശന വിലക്ക്; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി പാതകളില്‍ പ്രവേശനമില്ല. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയുടെ സാധാരണ സര്‍വീസുകളും ഇനിമുതല്‍ ദേശീയപാതയുടെ മെയിന്‍ ക്യാരേജ് ഒഴിവാക്കി സര്‍വീസ് റോഡുകള്‍ വഴിമാത്രമേ സര്‍വീസ് നടത്താവൂ.

എന്നാല്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്, മിന്നല്‍, ഡീലക്‌സ് തുടങ്ങിയ സൂപ്പര്‍ക്ലാസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് തടസ്സമില്ലാതെ ആറുവരിപ്പാതകള്‍ ഉപയോഗിക്കാം. ഹൈവേകളിലെ വേഗത നിലനിര്‍ത്തുന്നതിനും ലോക്കല്‍ ഗതാഗതം സര്‍വീസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഈ ക്രമീകരണം.

നിയമം ലംഘിച്ച് സാധാരണ റൂട്ട് ബസുകള്‍ ആറുവരി പാതയിലൂടെ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും, ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു

സംസ്ഥാനത്തെ അപ്രഖ്യാപിത പവർ കട്ടിനെതിരെ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം-അട്ടക്കുളം ബ്രാഞ്ചുകൾ സംയുക്തമായി നടത്തിയ ചൂട്ട് മാർച്ച് ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. എൽ.സി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എം.കെ മുകേഷ് എന്നിവർ നേതൃത്വം നൽകി.