by Midhun HP News | Apr 14, 2025 | Latest News, കേരളം
തൃശൂര്‍: ഓണ്‍ലൈന്‍ വഴി തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെ ആണ് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2023 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്. തൃശൂര്‍ സ്വദേശി ഫെയ്‌സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെട്ടു. സിറിയയില്‍ യുദ്ധം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയതാണെന്ന് സ്ത്രീ തൃശൂര്‍ സ്വദേശിയോട് പറഞ്ഞു.
കൈവശമുണ്ടായിരുന്ന യു എസ് ഡോളറുകളും വിലപിടിപ്പുള്ള സാധനങ്ങളും ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് വോള്‍ട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും, ഇതു തിരിച്ചെടുക്കുന്നതിന് പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽ നിന്നു കൈക്കലാക്കിയത്.
തട്ടിപ്പാണെന്ന് മനസിലായതോടെ തൃശൂര്‍ സ്വദേശി ഒല്ലൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് അറിയിച്ചു.
by Midhun HP News | Apr 14, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. 2025 ഏപ്രില്‍ 14,15 തീയതികളില്‍ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രില്‍ 14,15 തീയതികളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വയനാട്ടില്‍ വിവിധയിടങ്ങളില്‍ മഴയും കാറ്റുമാണ്. രണ്ടു മണിയോടെയാണ് വേനല്‍ മഴ ശക്തമായത്. കാലാവസ്ഥ വിഭാഗം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ് (24), അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്‍റെ ബൈക്ക് മോഷണം പോയത്.
പിന്നാലെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ വാഹന മോഷണം, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Apr 14, 2025 | Latest News, കേരളം
ബംഗളൂരു നടുറോഡില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തിലക് നഗര്‍ സ്വദേശി സന്തോഷ് ഡാനിയേല്‍ ആണ് കോഴിക്കോട് നിന്ന് പിടിയിലായത്. പത്തുദിവസം മുമ്പ് ബംഗളൂരുവിലെ ബിടിഎം ലേഔട്ട് റോഡില്‍ വച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.
റോഡിലൂടെ നടക്കുകയായിരുന്ന യുവതികളെ പിന്തുടര്‍ന്ന ഇയാള്‍ അവരില്‍ ഒരാളുടെ സ്വകാര്യഭാഗത്ത് കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ 800 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സന്തോഷിലേക്ക് എത്തിയത്.
യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ബംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് പ്രതി സന്തോഷ് ആദ്യം കടന്നത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബംഗളൂരു പൊലീസ് സന്തോഷിനെ പിടികൂടിയത്.
by Midhun HP News | Apr 14, 2025 | Latest News, ദേശീയ വാർത്ത
വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു. മക്കളാണ് മരണ വിവരം അറിയിച്ചത്.
അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിവയുള്‍പ്പടെ നിരവധി നോവലുകള്‍ എഴുതി. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള ഭിന്നത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2010ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോസക്ക് ലഭിക്കുന്നത്.
ലാറ്റിനമേരിക്കയുടെ, പ്രത്യേകിച്ചും പെറുവിന്റെയും ബ്രസീലിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ മുഖ്യപ്രമേയം. ‘എല്ലാ ഏകാധിപതികളും ലോകത്തെവിടെ ആയാലും ഒരേപോലെയാണ്. അതുകൊണ്ടുതന്നെ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതിനാല്‍ ഇത് ഏകാധിപത്യത്തെക്കുറിച്ചും ഉള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്’ എന്ന് 2010 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പ്രൈസ് ലഭിച്ച ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലില്‍ യോസ എഴുതി.
കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും യോസ പ്രശസ്തനാണ്. എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ് യോസ. യോസയുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാനമ്മക്ക് സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
Recent Comments