by Midhun HP News | Apr 14, 2025 | Latest News, ദേശീയ വാർത്ത
ഇന്റര്‍വ്യൂവിന് വൈകി എത്തിയത് മൂലം ജോലി നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇന്റര്‍വ്യൂവിന് ഒരു അരമണിക്കൂര്‍ മുമ്പെങ്കിലും സ്ഥലത്ത് എത്തണമെന്നാണ് പൊതുവേ എല്ലാവരും ഉപദേശരൂപേണ പറയാറ്. ഇപ്പോള്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വേറിട്ട സംഭവത്തിന്റെ വാര്‍ത്തയാണ് വൈറലാകുന്നത്.
ഇന്റര്‍വ്യൂവിന് ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 25 മിനിറ്റ് മുന്‍പ് ഓഫീസില്‍ എത്തിയ ഉദ്യോഗാര്‍ഥിക്ക് ജോലി നിഷേധിച്ച വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റാണ് വൈറലായത്. ഒരു ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം അഭിമുഖത്തിന് വളരെ നേരത്തെ ഹാജരായതാണ് എന്ന് ബിസിനസ് ഉടമ വിശദീകരിക്കുന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.
‘കഴിഞ്ഞ ആഴ്ച ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന് 25 മിനിറ്റ് നേരത്തെ ഒരു ഉദ്യോഗാര്‍ഥി ഹാജരായി. ഞാന്‍ അദ്ദേഹത്തെ നിയമിക്കാത്തതിന്റെ ഒരു പ്രധാന കാര്യം ഇതാണ്. ഉദ്യോഗാര്‍ത്ഥികള്‍ വളരെ നേരത്തെ ഹാജരാകുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?’ -അറ്റ്‌ലാന്റയിലെ ക്ലീനിങ് സര്‍വീസ് ഉടമയായ മാത്യു പ്രീവെറ്റ് കുറിച്ചു.
‘നേരത്തെ എത്തുന്നത് നല്ലതാണ്. വളരെ നേരത്തെ എത്തുന്നത് ഒരാള്‍ക്ക് സമയം മാനേജ് ചെയ്യാനുള്ള കഴിവില്ലായ്മ വ്യക്തമാക്കുന്നതാണ്. നേരത്തെ വന്നാല്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചിരിക്കാം. മൊത്തത്തില്‍, സാമൂഹിക അവബോധത്തിന്റെ അഭാവവും ശരിയായ സമയ മാനേജ്‌മെന്റിന്റെ അഭാവവും ഇത് പ്രകടമാക്കുന്നതായി എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം വളരെ ദൂരെ നിന്ന് വരുന്ന ആളല്ല’- അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥിക്ക് അഞ്ച് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ നേരത്തെ എത്താമെന്നും എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
by Midhun HP News | Apr 14, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തന്ത്രി കണ്ടരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ ഭക്തര്‍ക്ക് ലോക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആണ് ലോക്കറ്റുകള്‍ ലഭിക്കുക.
രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള ലോക്കറ്റുകള്‍ ആണ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുക.ഓണ്‍ലൈനിലൂടെ ആദ്യം ബുക്ക് ചെയ്ത ഭക്തരില്‍ നിന്നും തെരെഞ്ഞെടുത്തവര്‍ക്കാണ് വിഷു പുലരിയില്‍ ലോക്കറ്റ് കൈമാറിയത്. രണ്ട് ഗ്രാം സ്വര്‍ണത്തിലുള്ള ലോക്കറ്റിന് 19,300/ രൂപയും നാല് ഗ്രാം സ്വര്‍ണ ലോക്കറ്റിന് 38,600/ രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ ലോക്കറ്റ് 77,200/ രൂപയുമാണ് നിരക്ക്.
WWW.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ലോക്കറ്റുകള്‍ ശബരിമല സന്നിധാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്ന് ഭക്തര്‍ക്ക് കൈപ്പറ്റാവുന്നതാണ്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തര്‍ ലോക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.
by Midhun HP News | Apr 14, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.’- പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അന്‍വറിനെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല
കുറിപ്പ്:
വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.
by Midhun HP News | Apr 14, 2025 | Latest News, കേരളം
തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ തേൻ ശേഖരിക്കാൻ വനത്തിൽ പോയ യുവാവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു സംഭവം.
ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ സെബാസ്റ്റ്യൻ തൽക്ഷണം മരണപ്പെട്ടു. കാട്ടാനയെ കണ്ട് സെബാസ്റ്റ്യന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി മാറിയിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് അരകിലോമീറ്റർ അകലെയുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാനയ്ക്കു മുന്നിൽ പെടുകയായിരുന്നു. യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Recent Comments