ന്യൂനമര്‍ദ്ദം: ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ന്യൂനമര്‍ദ്ദം: ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും (വെള്ളിയാഴ്ച) ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് പുറമേ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘കസബിനെ പോലെ ബിരിയാണി കൊടുത്ത് തീറ്റിപ്പോറ്റരുത്, റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ ആഘോഷിക്കും’

‘കസബിനെ പോലെ ബിരിയാണി കൊടുത്ത് തീറ്റിപ്പോറ്റരുത്, റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ ആഘോഷിക്കും’

മുംബൈ: തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ് 2008 ലെ മുംബൈ ഭീകരാക്രമണം. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂര്‍ റാണ വാര്‍ത്തകളില്‍ നിറയുമ്പോള്‍ നടുക്കുന്ന ഓര്‍മകളിലേക്ക് തിരിച്ച് നടക്കുകയാണ് മുംബൈ നിവാസികള്‍. ഭീകരാക്രമണത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച മൂഹമ്മദ് തൗഫീക്കിന്റെ പ്രതികരണം ഇതിന് ഉദാഹരണമാണ്. മുംബൈ ഛത്രപതി ശിവജി ടെല്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ ടീസ്റ്റാള്‍ ഉടമയാണ് മുഹമ്മദ് തൗഫീക്ക്.

വര്‍ഷങ്ങള്‍ക്കിപ്പുറം തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഭീകരാക്രമണ കേസില്‍ ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് തൗഫീക്ക്. ചികിത്സ സുരക്ഷ എന്നിവയുടെ പേരില്‍ തഹാവൂര്‍ റാണയ്ക്ക് പ്രത്യേക പരിഗണന നല്‍കരുത്. പ്രത്യേക സെല്ലും, കഴിക്കാന്‍ ബിരിയാണിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന നിലയുണ്ടാവരുത്. റാണയ്ക്ക വധശിക്ഷ നല്‍കണം എന്നും തൗഫീക്ക് ആവശ്യപ്പെടുന്നു.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ജയില്‍ വാസകാലത്ത് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഓര്‍ത്തെടുത്താണ് തൗഫീക്കിന്റെ പ്രതികരണം. എന്നാല്‍, കസബ് അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നു. കസബിന് അനുകൂലമായി ഒരു ജനവികാരം രൂപം കൊള്ളുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്തരം ഒരു പ്രചാരണം എന്നും ഉജ്ജ്വല്‍ നികം പറയുന്നു. കസബ് ജയിലില്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നില്ലെന്നും സര്‍ക്കാര്‍ ഇത് നല്‍കിയിട്ടില്ലെന്നും ഉജ്ജ്വല്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ എത്തിച്ചാല്‍, സാധ്യമാകും വേഗത്തില്‍ റാണയെ തൂക്കിലേറ്റണം എന്നും തൗഫീക്ക് പറയുന്നു. ”ആരെങ്കിലും റാണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ശിക്ഷ നടപ്പാക്കണം. റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ അത് താന്‍ ആഘോഷിക്കും. സര്‍ക്കാര്‍ ഇരകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്, പക്ഷേ പണത്തിന് ആരുടെയും ജീവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” റെയില്‍വെ സ്റ്റേഷനില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ നിരവധി പേരെ സുരക്ഷിതരാക്കി രക്ഷപ്പെടുത്തിയ വ്യക്തികൂടിയാണ് ചോട്ടു ചായ് വാല എന്നറിയപ്പെടുന്ന തൗഫീക്ക്.

ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം സ്വകാര്യ ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലെ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കഴക്കൂട്ടം കാർത്തിക ബാറിലെ ജീവനക്കാരനായ കുടവൂർ മേൽ തോന്നക്കൽ ഡ്രീം ലാൻഡിൽ ഹജികുമാർ(50)ആണ് മരണപ്പെട്ടത്.

ഇന്ന് (10/04 2025) ഉച്ചയ്ക്ക് 2 മണിയോടെ കെ ടി സി ടി ഹോസ്പിറ്റലിനും തോട്ടയ്ക്കാട് പാലത്തിനുമിടയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻതന്നെ ഹജികുമാറിനെ ആംബുലൻസിൽ പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച: തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 12 മണിക്കൂര്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കൊച്ചി ആഗോള കപ്പല്‍ നിര്‍മാണ കേന്ദ്രമാകും; പതിനായിരം കോടിയിലേറെ നിക്ഷേപം, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍

കൊച്ചി ആഗോള കപ്പല്‍ നിര്‍മാണ കേന്ദ്രമാകും; പതിനായിരം കോടിയിലേറെ നിക്ഷേപം, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍

കൊച്ചി: കൊച്ചിക്ക് ഇനി വികസന വസന്തം. ആഗോള സമുദ്ര വാണിജ്യ ഭീമന്മാര്‍ക്ക് വേണ്ടി കൂറ്റന്‍ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും കാര്‍ഗോ കപ്പലുകളും ഇനി കൊച്ചിയില്‍ നിര്‍മ്മിക്കും. കപ്പല്‍ നിര്‍മാണ മേഖലയിലെ ആഗോള ഭീമന്മാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കും. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം കൊച്ചിയെ സമ്പന്നയാക്കും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ആഗോള സമുദ്ര വാണിജ്യ, തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഉപസ്ഥാപനമായ ഡ്രൈഡോക്‌സ് വേള്‍ഡുമായി കൊച്ചി ഷിപ്‌യാര്‍ഡ് ചൊവ്വാഴ്ച ഒപ്പിട്ട ധാരണാപത്രം കൊച്ചിയെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ISRF) വികസിപ്പിച്ചു വമ്പന്‍ കപ്പലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഷിപ് റിപ്പയര്‍ കേന്ദ്രം സ്ഥാപിക്കാനാണ് കൊച്ചി കപ്പല്‍ശാല ഡ്രൈ ഡോക്‌സ് വേള്‍ഡുമായി കരാര്‍ ഒപ്പിട്ടത്. ദുബായ് രാജകുമാരനും യുഎഇ ഉപ പ്രധാനമന്ത്രിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെയും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്.

കൊച്ചി കപ്പല്‍ശാലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ആഗോള കപ്പല്‍ നിര്‍മാണ വ്യവസായത്തിലെ ആധുനിക സാങ്കേതികത ലഭ്യമാക്കിയും കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.

കൊച്ചി പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്ത വില്ലിങ്ടണ്‍ ദ്വീപിലെ ഭൂമിയില്‍ സ്ഥാപിച്ച അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ കൊച്ചി കപ്പല്‍ശാല ആറു വര്‍ക്ക് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഷിപ് ലിഫ്റ്റിന് 6000 ടണ്‍ ഭാരവും 135 മീറ്റര്‍ നീളവും 25 വീതിയും ഉള്ള കപ്പലുകള്‍ ഉയര്‍ത്താന്‍ സാധിക്കും. മറ്റു കപ്പല്‍ ശാലകളുമായി ചേര്‍ന്ന് ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ സംവിധാനം നിര്‍മിക്കാനും കൊച്ചി കപ്പല്‍ ശാലയ്ക്ക് പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.