ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: ആലപ്പുഴയില്‍ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് നടനെ പ്രതി ചേര്‍ക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. നേരത്തേ, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചത്.

മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിലെ ആവശ്യം.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു.

എംജി ശ്രീകുമാറുമായി താന്‍ സംസാരിച്ചിരുന്നെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹത്തെ വൃത്തി കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചത്.

എം ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും തുടര്‍ന്ന് ഗായകന്‍ ഇതിന്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കായലില്‍ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം ജി ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെയും കോണ്‍ക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്.

ഏപ്രില്‍ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 12നുള്ള സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടു ചടങ്ങുകളിലും മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ!; കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍; പരസ്യത്തില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ!; കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍; പരസ്യത്തില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരം വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വെബ്സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ??

പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.

ഇത്തരം വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വെബ്സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിടാതെ ഇഡി; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്

വിടാതെ ഇഡി; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ ചെയ്യണമെന്നും നോട്ടീസില്‍ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന.

ചില സംശയങ്ങള്‍ ചോദിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസില്‍ ഇ ഡി കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലും അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എംപുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയില്‍ വിസ വിലക്ക്; കാരണമറിയാം

ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയില്‍ വിസ വിലക്ക്; കാരണമറിയാം

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനം അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ചില വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി അറേബ്യ. ജൂണ്‍ പകുതി വരെയുള്ള ഉംറ, ബിസിനസ്, സന്ദര്‍ശക വിസകള്‍ക്കാണ് നിരോധനം.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് നിരോധനം ബാധകമാണ്. മതിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വ്യക്തികള്‍ ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ ഉംറ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 13 വരെ സൗദി അറേബ്യയില്‍ എത്താം.

നേരത്തെ വിദേശ പൗരന്മാര്‍ ഉംറ, വിസിറ്റ് വിസകളിലെത്തി ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കാന്‍ നിയമവിരുദ്ധമായി തങ്ങിയിരുന്നു. തിരക്കും കടുത്ത ചൂടും വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ ഹജ്ജിനിടെ തിരക്കില്‍പ്പെട്ട് കുറഞ്ഞത് 1,200 തീര്‍ത്ഥാടകരെങ്കിലും മരിച്ചിരുന്നു.

തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തിനും പ്രത്യേക ഹജ്ജ് സ്ലോട്ടുകള്‍ അനുവദിക്കുന്ന ഒരു ക്വാട്ട സംവിധാനമാണ് രാജ്യത്തുള്ളത്. മതിയായ രേഖകളില്ലാതെ എത്തുന്നവര്‍ക്ക് നിയമവിരുദ്ധമായ തൊഴില്‍ ചെയ്യുന്നതിലൂടെ വിസ നിയമങ്ങള്‍ ലംഘിക്കുകയും തൊഴില്‍ വിപണി തടസ്സങ്ങള്‍ സൃഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നയതന്ത്ര വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍, ഹജ്ജുമായി ബന്ധപ്പെട്ട വിസകള്‍ എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.