by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് 1,000 ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തില്‍ പരിശീലനം നല്‍കുക. പ്രോജക്ട് എക്‌സ് എന്ന പേരില്‍ തിരുവനന്തപുരത്തെ 500 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് പദ്ധതി തുടങ്ങുന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 4,500 ലധികം പോക്‌സോ കേസുകളാണ് ഉണ്ടാകുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ പല അധ്യാപകര്‍ക്കും പരിശീലനം ഇല്ലെന്നും, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് മതിയായ അറിവ് ഇല്ലെന്നും അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കനല്‍ ഇന്നൊവേഷന്‍സ് എന്ന എന്‍ജിഒ 220 അധ്യാപകരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മിക്ക അധ്യാപകര്‍ക്കും സമ്മതം നല്‍കുന്നതിനുള്ള പ്രായം, ജെന്‍ഡര്‍ ഐഡന്റിറ്റി, ലൈംഗിക അവയവങ്ങളുടെ പേരുകള്‍ തുടങ്ങിയ അടിസ്ഥാന അറിവുകള്‍ പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കനല്‍ ഇന്നൊവേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഗൈഡ്ഹൗസ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രോജക്ട് എക്‌സ് പദ്ധതി നടപ്പാക്കുന്നത്. ചൂഷണം ചെറുക്കാന്‍ കുട്ടികള്‍ക്ക് ഫലപ്രദമായ പിന്തുണ നല്‍കാനുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രോജക്ട് എക്‌സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
‘നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ നടപടികളില്‍ ഒന്നാണ് ശരിയായ അറിവ് നല്‍കി ുനമ്മുടെ അധ്യാപകരെ ശാക്തീകരിക്കുക എന്നത്.’ ‘പ്രൊജക്ട് എക്‌സ് വഴി, അവബോധം സൃഷ്ടിക്കുക മാത്രമല്ല, ദുരുപയോഗങ്ങള്‍ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനും കഴിയുന്ന വിശ്വസ്തരായ മുതിര്‍ന്നവരുടെ ഒരു ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ഈ മാതൃക തിരുവനന്തപുരത്ത് അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’ തിരുവനന്തപുരം ജില്ലാ കലക്ടര്‍ അനുകുമാരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പ്രോജക്റ്റ് എക്‌സ് ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാനസികസാമൂഹിക വികസനം, ലിംഗ ബന്ധങ്ങള്‍, കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ലൈംഗിക വിദ്യാഭ്യാസത്തില്‍ കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ നാല് ഭാഗങ്ങളുള്ള ഒരു മൊഡ്യൂള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും അധ്യാപക ശേഷി വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും കനല്‍ ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ആന്‍സണ്‍ പി ഡി അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. ‘സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പര്‍ശനങ്ങളെക്കുറിച്ചും അടിസ്ഥാന ശുചിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് നിര്‍ണായകമാണ്. അദ്ദേഹം പറഞ്ഞു.
by Midhun HP News | Apr 8, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്.
അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ മൃതദേഹവുമായി ഭര്‍ത്താവ് സിറാജുദീന്‍ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.
അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന്‍ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്‍പായയില്‍ പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.
by Midhun HP News | Apr 8, 2025 | Latest News, കേരളം
കൊച്ചി: കെഎല്‍ 07 ഡിജി 0007 ഇനി ഇതാണ് കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍. 46.24 ലക്ഷം രൂപ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നു നില്‍ക്കുന്ന നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത് ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
4 കോടിയിലേറെ രൂപ വിലവരുന്ന ലംബോര്‍ഗിനി ഉറുസ് എസ് യുവിക്ക് വേണ്ടിയാണ് കമ്പനി മോഹവില നല്‍കി ഈ നമ്പര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പര്‍ ലേലത്തിനായി 5 പേരാണ് എറണാകുളം ആര്‍ടി ഓഫീസില്‍ 25,000 രൂപ ഫീസ് അടച്ചു ബുക്ക് ചെയ്തിരുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ലേലത്തില്‍ തുക കുതിച്ചുകയറുന്നതുകൊണ്ട് 3 പേര്‍ ഇടയ്ക്കുവെച്ച് പിന്‍മാറി. ശേഷിച്ച മറ്റൊരാള്‍ 44.84 ലക്ഷം വരെ വിളിച്ചിരുന്നു.
കെഎല്‍ 07 ഡിജി 0001 എന്ന നമ്പര്‍ 25.52 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. കേരളത്തില്‍ 31 ലക്ഷം രൂപയാണ് ഇതിന് മുമ്പ് ഫാന്‍സി നമ്പറിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന് വില. ജോയിന്റ് ആര്‍ടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത
മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് സിപിഎം പുതിയ ജനറല്‍ സെക്രട്ടറിയായ എംഎ ബേബി.
സന്ദര്‍ശനത്തിന് ശേഷം ബേബി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വി എസ് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആരാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിച്ചത് വിഎസില്‍ നിന്ന്. അതുകൊണ്ടാണ് ആദ്യം അദ്ദേഹത്തെ കാണാന്‍ വേണ്ടി എത്തിയതെന്ന് എം എ ബേബി പറഞ്ഞു.
അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനും മന്ത്രിയായിരുന്നു. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തെ മകന്‍ അറിയിച്ചിരുന്നു. അദ്ദേഹത്തെ കണ്ടു, സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് അഭിസംബോധന ചെയ്തുവെന്നും എം എ ബേബി പറഞ്ഞു.
by Midhun HP News | Apr 8, 2025 | Latest News, കേരളം
പത്തനംതിട്ട: പെട്രോൾ പമ്പിൽ ശുചുമുറി തുറന്നു നൽകാത്തതിന് പമ്പ് ഉടമക്കെതിരെ 1,65,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം സ്വദേശിനിയും അധ്യാപികയുമായ ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്.
2024 മെയ് 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട് നിന്ന് വരവെ രാത്രി 11 മണിക്ക് പെട്രോള്‍ പമ്പില്‍ കയറി വാഹനത്തിൽ പെട്രോള്‍ അടിച്ച ശേഷം ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. പമ്പിലെ ജീവനക്കാരോട് താക്കോൽ ആവശ്യപ്പെട്ടപ്പോള്‍ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. മാത്രമല്ല ശുചിമുറി ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക പയ്യോളി സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒടുവിൽ ടോയ്ലറ്റ് തുറന്ന് കൊടുക്കുകയായിരുന്നു. ശുചിമുറി ഉപയോഗുശുന്യമാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പൊലീസ് തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു.
പിന്നാലെ, സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ശുചിമുറി തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെ അധ്യാപിക ഉപഭോക്തൃ കമ്മീഷനില്‍ പരാതി നൽകിയത്. പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ശുചിമുറി സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഒരു സ്ത്രീക്ക് രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1,65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.
Recent Comments