72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്

72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്

മലയാള സിനിമയില്‍ പുതിയചരിത്രം കുറിക്കുകയാണ് എമ്പുരാന്‍. റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. 2024ല്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് എമ്പുരാന്‍ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.

72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്. എമ്പുരാന്‍റെ ആഗോള കലക്ഷന്‍ ഇതിനോടകം തന്നെ 250 കോടി പിന്നിട്ടു. കേരളത്തിന് പുറത്തുനിന്ന് 30 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്. വിദേശത്തും ഇതിനോടകം തന്നെ മഞ്ഞുമ്മല്‍ ബോയ്സിനെ എമ്പുരാന്‍ മറികടന്നിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമാ നിര്‍മാതാവിന് 100 കോടി ഷെയർ ലഭിക്കുന്നത്

മുരളി ഗോപി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, ആശീര്‍വാദ് സിനിമാസ്, ശ്രീഗോകുലം മൂവീസ് എന്നിവര്‍ ചിത്രത്തിന്‍റെ ഇൻഡസ്ട്രി ഹിറ്റ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയുടെ ബിസിനസ് ഇനി എമ്പുരാന് മുന്‍പും ശേഷവും എന്ന് പറയപ്പെടുമെന്നും ഹേറ്റേഴ്സിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്നും ലാലേട്ടന് സാമ്രാജ്യം തിരിച്ച് പിടിച്ചെന്നുമൊക്കൊണ് കമന്‍റുകള്‍.

592.54 കോടി രൂപ വിദേശ ഫണ്ട് വന്നു, ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്ന് ഇ ഡി; 1.5 കോടി രൂപയും രേഖകളും കണ്ടുകെട്ടി

592.54 കോടി രൂപ വിദേശ ഫണ്ട് വന്നു, ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്ന് ഇ ഡി; 1.5 കോടി രൂപയും രേഖകളും കണ്ടുകെട്ടി

കൊച്ചി: വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്. എംപുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് സഹ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന.

ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജന്‍സി എക്സില്‍ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്.

ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇ ഡിയുടെ വിശദീകരണം.

തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി

തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി

തിരുവനന്തപുരം: തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി പൊലീസ്. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ എന്നിവരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും.

പെൺകുട്ടിയുടെ വീട്ടുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ സമീപവാസികളായ പ്രതികൾ കേരളത്തിലേക്ക് ഒളിവിൽ കഴിയുന്നതിനായി എത്തുകയായിരുന്നു. വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ കഴിഞ്ഞുവരുകയായിരുന്ന ഇവരെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാപനാശം ഏരിയയിലെ ലോഡ്ജിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടി. പ്രതികളെ തമിഴ്നാട് പൊലീസിനു കൈമാറി.

ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴുയടെ ശക്തി കുറയുമെന്നുമാണ് പ്രവചനം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടത്.

കൊല്ലം ജില്ലയില്‍ (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ഇന്ന് (05/04/2025) ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ (06/04/2025) രാവിലെ 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) നാളെ (06/04/2025) രാവിലെ 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് നാളെ (06/04/2025) രാവിലെ 11. 30 വരെ 1.1 മുതല്‍ 1.2 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ശസ്ത്രക്രിയ വേണ്ട, കുത്തിവെപ്പിലൂടെ ഘടിപ്പിക്കാം, ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ വികസിപ്പിച്ച് ഗവേഷകര്‍

ശസ്ത്രക്രിയ വേണ്ട, കുത്തിവെപ്പിലൂടെ ഘടിപ്പിക്കാം, ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ വികസിപ്പിച്ച് ഗവേഷകര്‍

ഹൃദയമിടിപ്പിന്റെ സ്വഭാവിക താളം ക്രമീകരിക്കാൻ ഉപയോ​ഗിക്കുന്ന മെഡിക്കൽ ഡിവൈസ് ആണ് പേസ്മേക്കർ. പേസ്മേക്കര്‍ സാധരണഗതിയില്‍ വലിപ്പമുള്ളതാണ്. മാത്രമല്ല, ഇവ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ സങ്കീര്‍ണമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍.

ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്മേക്കര്‍ കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍. 1.8 മില്ലിമീറ്റര്‍ മാത്രം വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് പേസ്മേക്കറിനുള്ളത്.

നിലവിലെ പേസ്മേക്കര്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ വളരെ സങ്കീര്‍ണമാണ്. മാത്രമല്ല, കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലോ പേസ്മേക്കര്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരും. എന്നാല്‍ പുതിയതായി വികസിപ്പിച്ച പേസ്മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത

ലോകത്ത് ഒരു ശതമാനം കുഞ്ഞുങ്ങള്‍ ജന്മനാ ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. എന്നാൽ ഇവര്‍ക്ക് താൽക്കാലിക പേസിങ് മാത്രമേ ആവശ്യമായി വരൂ. ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രമേ പേസ്മേക്കറുടെ സഹായം ആവശ്യമുണ്ടാകൂ. ഒരു അരിമണിയെക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറിന് നിലവില്‍ ഉപയോഗിക്കുന്ന വലിപ്പമുള്ള പേസ്‌മേക്കറിന്റെ അതേ ഗുണങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.