എംപുരാന്‍ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ആണ് കോടതിയെ സമീപിച്ചത്. സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പ്രതിരോധമന്ത്രാലയത്തിന്റേയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും പരാമര്‍ശങ്ങളും സിനിമയിലുണ്ട്.

​ഗുജറാത്ത് കലാപവും അനാവശ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. സിനിമക്കെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അടക്കം പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കണമെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡിജിപി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു; ചടങ്ങ് ഏപ്രിൽ 2ന്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നു; ചടങ്ങ് ഏപ്രിൽ 2ന്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ പ്രഖ്യാപന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു ഐഎഎസ് ഏപ്രിൽ 2, 3 മണിക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് നിർവഹിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 86 വിദ്യാലയങ്ങളും 7 കലാലയങ്ങളും 18 ടൗണുകളും 13 പൊതു സ്ഥലങ്ങളും 2051 അയൽക്കൂട്ടങ്ങളും 225 അംഗനവാടികളും ആണ് ഹരിത പ്രഖ്യാപനങ്ങൾക്ക് സജ്ജം ആയിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് വേണ്ട മാധ്യമ പ്രാധാന്യം നൽകണമെന്ന് അറിയിക്കുന്നു.

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്.

70ലധികം മുറികളുള്ള കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ മുറിയിൽ ആളുണ്ടായിരുന്നില്ല. ഹോസ്റ്റലിലെ കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.

കാണാതായ പെണ്‍കുട്ടി’ക്കൊപ്പം കസ്റ്റഡിയിലെടുത്തു; 18 കാരന്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാണാതായ പെണ്‍കുട്ടി’ക്കൊപ്പം കസ്റ്റഡിയിലെടുത്തു; 18 കാരന്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: പെണ്‍കുട്ടിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് തൂങ്ങി മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയില്‍ ഷര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാനും ദിവസം മുന്‍പ് മുട്ടില്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കണ്ടെത്തി.

തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പൊലീസ് വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയിരുന്നു. ശുചിമുറിയില്‍ പോയ ഗോകുലിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് പൊലീസുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

ഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. രാവിലെയാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്.

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ മന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി നഡ്ഡയെ കാണാന്‍ സാധിച്ചിരുന്നില്ല. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുമതി ലഭിച്ചില്ല.

തുടര്‍ന്ന് രണ്ടു നിവേദനങ്ങള്‍ വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. ഡല്‍ഹിയിലെത്തിയ ക്യൂബന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി വീണാ ജോര്‍ജ് കേരളത്തിലേക്ക് തിരികെ പോന്നു. അനുമതി നിഷേധിച്ചത് വിവാദമായതോടെ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുമെന്ന് ജെപി നഡ്ഡ വ്യക്തമാക്കുകയും ചെയ്തിരുന്നു.