ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു; നാലു പേര്‍ പിടിയില്‍

ബൈക്ക് റേസിങ്ങിനെച്ചൊല്ലി തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു; നാലു പേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. കണ്ണറവിള സ്വദേശി മനു ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

ബൈക്കുകളുടെ മത്സരയോട്ടം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനുമുന്നില്‍ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ സമീപവാസികളുമായി മനു വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

തുടര്‍ന്ന് നടന്ന കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഉത്പാദന തകർച്ചയും തൊഴിലാളിക്ഷാമവും; നിലനിൽപ്പ് ഭീഷണിയിൽ കേരളത്തിന്റെ ‘കള്ള് തലസ്ഥാനം’

ഉത്പാദന തകർച്ചയും തൊഴിലാളിക്ഷാമവും; നിലനിൽപ്പ് ഭീഷണിയിൽ കേരളത്തിന്റെ ‘കള്ള് തലസ്ഥാനം’

പാലക്കാട്: പതിറ്റാണ്ടുകളായി കേരളത്തിലെ ചെത്തു വ്യവസായത്തിന്റെ ഹൃദയമിടിപ്പായ പാലക്കാട്ടെ ചിറ്റൂർ മേഖല ഗുരുതരമായ നിലനിൽപ്പ് ഭീഷണിയിൽ. കണ്ണൂരും തിരുവനന്തപുരവും ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പരമ്പരാഗത രീതിയിൽ കള്ള് എത്തിച്ചിരുന്ന ചിറ്റൂരിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ, പരിചയസമ്പന്നരായ ചെത്തുതൊഴിലാളികൾ കൂട്ടത്തോടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കുടിയേറുകയാണ്. തെങ്ങുകളിൽ നിന്നുള്ള കള്ളിന്റെ ഉത്പാദനത്തിൽ ഉണ്ടായ വൻ കുറവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമവുമാണ് പരമ്പരാഗത ചെത്തു വ്യവസായ മേഖലയെ തളർത്തുന്നതെന്ന് വ്യവസായ പ്രതിനിധികളും തൊഴിലാളി സംഘടനകളും തെങ്ങ് കർഷകരും ചൂണ്ടിക്കാണിക്കുന്നു.

ഉത്പാദനത്തിൽ വൻ ഇടിവ്; 1987-ലെ ചരിത്രം തിരുത്തി കുടിയേറ്റം
ലൈസൻസ് പ്രകാരം ചിറ്റൂർ മേഖലയിൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കള്ള് വരെ ഉത്പാദിപ്പിക്കാൻ അനുമതിയുണ്ട്. ഇതിനായി 1.9 ലക്ഷം തെങ്ങുകൾ ചെത്താനും അനുവാദമുണ്ട്. എന്നാൽ നിലവിൽ യഥാർത്ഥ ഉത്പാദനം കടുത്ത പ്രതിസന്ധിയിലാണെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതിദിന ഉത്പാദനം 40,000 ലിറ്റർ പോലും കടക്കാൻ പാടുപെടുകയാണ്.

മുൻപ് ചിറ്റൂരിൽ കേരളത്തിൽ നിന്നുള്ള (പ്രധാനമായും എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള) 2,500 ഓളം തൊഴിലാളികളും തമിഴ്‌നാട്ടിലെ നാടാർ സമുദായത്തിൽപ്പെട്ട മൂവായിരത്തോളം തൊഴിലാളികളും ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത് യഥാക്രമം 150-ഉം 400-ഉം ആയി ചുരുങ്ങി. 1987-ൽ തമിഴ്‌നാട് കള്ള് നിരോധിച്ചപ്പോൾ അവിടെയുള്ള തൊഴിലാളികൾ കൂട്ടത്തോടെ ചിറ്റൂരിലേക്ക് വന്നിരുന്നു. അക്കാലത്ത് 1,200 ഓളം തെങ്ങിൻതോപ്പുകളുള്ള ചിറ്റൂർ കേരളത്തിന്റെ കള്ള് ഉത്പാദന കേന്ദ്രമായി മാറി. എന്നാൽ കൃത്യം 40 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ട്രെൻഡ് പൂർണ്ണമായും മാറിമറിഞ്ഞിരിക്കുകയാണ്.

തമിഴ്‌നാട്ടിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ
തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂർ,ആനമലൈ മേഖലകളിൽ ചെത്തു വ്യവസായം ഇപ്പോൾ സജീവമാണ്. അവിടെ സഹരണ ശർക്കര നിർമ്മാണ സൊസൈറ്റികൾ പനഞ്ചക്കരയും മറ്റ് ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ വൻതോതിൽ കള്ള് സംഭരിക്കുന്നുണ്ട്. കൂടാതെ തോട്ടങ്ങൾ ലീസിനെടുത്ത് തോപ്പുകളിൽ തന്നെ നേരിട്ട് ചെറിയ തോതിൽ കള്ള് വിൽക്കുന്നത് വഴി തൊഴിലാളികൾക്ക് അധിക വരുമാനവും ലഭിക്കുന്നു.ഉത്പാദന ക്ഷമതയുടെ കാര്യത്തിലും തമിഴ്‌നാട് ഏറെ മുന്നിലാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി ബെൽറ്റിൽ ഒരു തൊഴിലാളിക്ക് 30 തെങ്ങുകളിൽ നിന്ന് മാത്രം 120 മുതൽ 150 ലിറ്റർ വരെ കള്ള് ഒരു ദിവസം ശേഖരിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമായി ചിറ്റൂർ മേഖലയിൽ ഇതേ എണ്ണം തെങ്ങുകളിൽ നിന്ന് 30 ലിറ്ററിൽ താഴെ മാത്രം കള്ള് ലഭിക്കാൻ പോലും തൊഴിലാളികൾ കഠിനമായി പാടുപെടേണ്ടി വരുന്നു.

തെങ്ങ് രോഗങ്ങളും വ്യാജക്കള്ള് ആരോപണവും
നീണ്ടുനിന്ന മഴക്കുറവും തെങ്ങുകളെ ബാധിച്ച മാരകമായ രോഗങ്ങളുമാണ് ചിറ്റൂരിൽ കള്ളിന്റെ അളവ് കുറയാൻ പ്രധാന കാരണം. അതിർത്തി പഞ്ചായത്തുകളായ പെരുമാട്ടി, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, മുതലമട എന്നിവിടങ്ങളിലെ തെങ്ങിൻതോപ്പുകളെ രോഗങ്ങൾ കടുത്ത രീതിയിൽ ബാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3.5 ലക്ഷത്തോളം തെങ്ങുകളാണ് മഞ്ഞളിപ്പ് രോഗം, മണ്ടരി, കാറ്റ് വീഴ്ച തുടങ്ങിയവ മൂലം നശിച്ചുപോയത്.

യഥാർത്ഥ കള്ളിന്റെ ഉത്പാദനം ഇത്രയധികം ഇടിഞ്ഞിട്ടും കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കള്ളിന്റെ അളവിൽ യാതൊരു കുറവുമില്ലെന്നത് വിചിത്രമാണെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. യഥാർത്ഥ ഉത്പാദനത്തിലെ ഈ വലിയ കുറവ് നികത്താൻ റെക്റ്റിഫൈഡ് സ്പിരിറ്റും മാരകമായ രാസവസ്തുക്കളും ചേർത്ത് വ്യാജക്കള്ള് വൻതോതിൽ നിർമ്മിച്ച് വിതരണം ചെയ്യുന്നതായാണ് തൊഴിലാളികളുടെ സംഘടനകൾ വ്യക്തമാക്കുന്നത്. ലൈസൻസ് ക്വാട്ട ഒപ്പിക്കാൻ വേണ്ടിയാണ് ഈ കള്ളക്കളി. ഉപഭോക്താക്കളെയും യഥാർത്ഥ നിർമ്മാതാക്കളെയും സംരക്ഷിക്കാൻ ശക്തമായ പരിശോധനയും നിയമപാലനവും എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെടുന്നു.

തെങ്ങുകളുടെ ആരോഗ്യം വീണ്ടെടുക്കാനും ഉത്പാദനം കൂട്ടാനും മികച്ച തൊഴിലാളികളെ നിലനിർത്താനും സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ ഈ പരമ്പരാഗത വ്യവസായം പൂർണ്ണമായും തകരുമെന്ന് ഐഎൻടിയുസി പോഷക സംഘടനയായ കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സത്യൻ നാട്ടുകൽ മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ’

‘മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ’

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ (കുടിയേറ്റ തൊഴിലാളികള്‍) തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമേ കേരളത്തില്‍ ചിലവഴിക്കുന്നുള്ളൂ എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിയമസഭയിലെ പ്രസ്താവനയെ എതിര്‍ത്ത് സന്നദ്ധ സംഘടന. കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തില്‍ ചിലവഴിക്കുന്നുണ്ടെന്നാണ്, തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന വ്യക്തമാക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ പ്രത്യേകിച്ച് ഗോതമ്പ് മാവ്, പലചരക്ക് സാധനങ്ങള്‍, മദ്യം എന്നിവ വാങ്ങുന്നതിനായി മാത്രമേ പണം ചെലവഴിക്കുന്നുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

എന്നാല്‍ താമസം, ഗതാഗതം, ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപ കേരളത്തില്‍ ചിലവഴിക്കുന്നുണ്ടെന്ന് ‘സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ്’ (CMID) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ വ്യക്തമാക്കി. ഇവര്‍ കേരളത്തില്‍ ചിലവഴിക്കുന്ന തുകയെക്കുറിച്ച് ഔദ്യോഗികമായ മറ്റ് വിവരങ്ങളൊന്നുമില്ലെങ്കിലും, തൊഴിലാളികള്‍ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും ഇവിടെത്തന്നെ ചിലവഴിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനോയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരുപക്ഷേ ‘തെറ്റിദ്ധാരണ’ മൂലം ഉണ്ടായതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ പ്രധാന ഭാഗം കൈക്കലാക്കുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തന്നെ വലിയതോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ അവരുടെ നാട്ടിലേക്ക് പണം അയക്കുന്നതില്‍ എന്താണ് തെറ്റ്?. മുഖ്യമന്ത്രിയെപ്പോലെ ഒരു പ്രധാന വ്യക്തി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍, തൊഴിലാളികള്‍ക്കെതിരായ വിദ്വേഷം ശക്തിപ്പെടുത്താന്‍ മാത്രമേ അത് സഹായിക്കൂ. ബിനോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, ‘അതിഥി തൊഴിലാളികള്‍’ എന്നതിന് പകരം ‘കുടിയേറ്റ തൊഴിലാളികള്‍’ എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. ‘അതിഥി തൊഴിലാളികള്‍’ എന്ന പ്രയോഗം അവരെ നമ്മളില്‍ ഒരാളല്ല എന്ന രീതിയില്‍ മാറ്റിനിര്‍ത്തുന്ന ഒരു തോന്നല്‍ ഉണ്ടാക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ പണമയക്കലിനെക്കുറിച്ച് ഒരു പഠനം ആരംഭിക്കുമെന്ന വിഡി സതീശന്റെ പ്രഖ്യാപനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇത് തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കിയ ‘കേരളത്തിലെ കുടിയേറ്റം, അനൗപചാരിക തൊഴില്‍, നഗരവല്‍ക്കരണം’ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ആകുമ്പോഴേക്കും കേരളത്തില്‍ 45.7 ലക്ഷത്തിനും 47.9 ലക്ഷത്തിനും ഇടയില്‍ കുടിയേറ്റ ജനസംഖ്യ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ ഉള്ളതുകൊണ്ട് മാത്രം പ്രവര്‍ത്തിച്ചുപോകുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലുമുണ്ട്.

45 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ 800 രൂപ ദിവസവേതനത്തില്‍ മാസത്തില്‍ 22 ദിവസവും വര്‍ഷത്തില്‍ 10 മാസവും ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ നാട്ടിലേക്ക് അയച്ച പണം കണക്കാക്കിയ ശേഷം, സംസ്ഥാനത്തിന് 26,000 കോടിയിലധികം വരുമാനം ലഭിക്കുന്നതായി ബിനോയ് പീറ്റര്‍ പറഞ്ഞു.

കേരളത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ പകുതി പേര്‍ക്ക് മാത്രമേ തൊഴിലുടമയില്‍ നിന്ന് താമസ സൗകര്യം ലഭിക്കുന്നുള്ളൂവെന്ന് ബിനോയ് പറഞ്ഞു. ബാക്കിയുള്ളവര്‍ അവരുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം വാടക നല്‍കാനായി വിനിയോഗിക്കുകയാണ്. പൊതുഗതാഗത സംവിധാനത്തില്‍ സാധാരണയായി തിരക്ക് കുറവുള്ള സമയമായ രാവിലെ 9 മണിക്ക് മുന്‍പുള്ള സമയം, ഈ തൊഴിലാളികള്‍ കാരണം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയമായി മാറി. ആവശ്യം മനസ്സിലാക്കി, ഒഡീഷ പോലുള്ള അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും ഇന്ന് കേരളത്തില്‍ നിന്ന് സജീവമാണ്. ബിനോയ് പറഞ്ഞു.

ടാക്‌സികള്‍, ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ ഭാഗമാണെന്ന് എന്‍ജിഒ അതിഥി വെല്‍ഫെയര്‍ ഫോറത്തിന്റെ പ്രതിനിധി ഷിഹാബ് പരേലി പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു പരിധിവരെ ശരിയാണെങ്കിലും, കുടിയേറ്റക്കാര്‍ പണം ചെലവഴിക്കുന്നില്ല എന്ന പൊതുധാരണ മലയാളികളുടെ വിദ്വേഷ മനോഭാവത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെ മലയാളികള്‍ ചെലവഴിക്കുന്ന മിക്കവാറും എല്ലാ മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ പണം ചെലവഴിക്കുന്നുണ്ട്. പലരും ഇപ്പോള്‍ ഇവിടെ കുടുംബങ്ങളുമായി സ്ഥിരതാമസമാക്കിയിട്ടുണ്ട്. കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ കാരണം മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും ഉണ്ട്. അദ്ദേഹം പറഞ്ഞു.

രാജന്‍ കേസിലെ ഏക സാക്ഷി; പ്രൊഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു

രാജന്‍ കേസിലെ ഏക സാക്ഷി; പ്രൊഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു

കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വിവാദമായ രാജന്‍ കേസിലെ സാക്ഷിയും രാജന്റെ അധ്യാപകനുമായ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം. കോഴിക്കോട് ആര്‍ഇസിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനായിരുന്നു.

രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുംമുമ്പ് ജീവനോടെ കണ്ട വ്യക്തിയാണ് പ്രൊഫ. അബ്ദുള്‍ ഗഫാര്‍. രാജനെ കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയശേഷം പൊലീസ് അറിയിച്ച പ്രകാരം കോളജിനെ പ്രതിനിധാനം ചെയ്ത് അവിടേക്ക് പോയ വ്യക്തി കൂടിയാണ് അദ്ദേഹം.

കൊല്ലം ടികെഎം കോളജ്, കോഴിക്കോട് ആര്‍ഇസി എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. യെമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുമായിരുന്നു.

സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ അദ്ദേഹത്തിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് പ്രകാശനം ചെയ്തത്. ഉമ്മുല്‍ ബര്‍ക്കത്ത് ജമീലയാണ് ഭാര്യ. ഫരീദ ഗഫാര്‍, ഡോ. ജമാലുന്നീസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഡോ. ഷാജിര്‍ ഗഫാര്‍ എന്നിവര്‍ മക്കളാണ്.

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞ് നെയ്മര്‍; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ഫിഫ ലോകകപ്പില്‍ നോര്‍വേയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് 34-കാരനായ താരം പടിയിറങ്ങുന്നത്.
ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.

രാജ്യത്തിനായി വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്‍ നെയ്മറിനായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലുണ്ടായിരുന്ന താരം, 2016-ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

അവസാന ലോകകപ്പിലെ നിമിഷങ്ങള്‍
2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്. ഒരു യുഗത്തിന്റെ അവസാനമാണ് ഈ വിരമിക്കലിലൂടെ സംഭവിക്കുന്നത്. കാനറി കുപ്പായത്തില്‍ നെയ്മര്‍ തീര്‍ത്ത മാന്ത്രികത ആരാധകര്‍ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

നോര്‍വേ ക്വാര്‍ട്ടറിലേക്ക്
അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക