by Midhun HP News | Jul 6, 2026 | Latest News, കേരളം
കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വിവാദമായ രാജന്‍ കേസിലെ സാക്ഷിയും രാജന്റെ അധ്യാപകനുമായ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം. കോഴിക്കോട് ആര്‍ഇസിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനായിരുന്നു.
രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുംമുമ്പ് ജീവനോടെ കണ്ട വ്യക്തിയാണ് പ്രൊഫ. അബ്ദുള്‍ ഗഫാര്‍. രാജനെ കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയശേഷം പൊലീസ് അറിയിച്ച പ്രകാരം കോളജിനെ പ്രതിനിധാനം ചെയ്ത് അവിടേക്ക് പോയ വ്യക്തി കൂടിയാണ് അദ്ദേഹം.
കൊല്ലം ടികെഎം കോളജ്, കോഴിക്കോട് ആര്‍ഇസി എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. യെമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുമായിരുന്നു.
സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ അദ്ദേഹത്തിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് പ്രകാശനം ചെയ്തത്. ഉമ്മുല്‍ ബര്‍ക്കത്ത് ജമീലയാണ് ഭാര്യ. ഫരീദ ഗഫാര്‍, ഡോ. ജമാലുന്നീസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഡോ. ഷാജിര്‍ ഗഫാര്‍ എന്നിവര്‍ മക്കളാണ്.
by Midhun HP News | Jul 6, 2026 | Latest News, കായികം
ഫിഫ ലോകകപ്പില്‍ നോര്‍വേയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് 34-കാരനായ താരം പടിയിറങ്ങുന്നത്.
ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.
129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.
രാജ്യത്തിനായി വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാന്‍ നെയ്മറിനായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ടീമിലുണ്ടായിരുന്ന താരം, 2016-ല്‍ സ്വന്തം നാട്ടില്‍ വെച്ച് നടന്ന റിയോ ഒളിമ്പിക്‌സില്‍ ബ്രസീലിനെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
അവസാന ലോകകപ്പിലെ നിമിഷങ്ങള്‍
2026 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ക്ക് ബൂട്ടണിയാന്‍ സാധിച്ചത്. പരിക്കിന്റെയും മറ്റും അലട്ടലുകള്‍ക്കിടയിലും ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മര്‍, പ്രീക്വാര്‍ട്ടറില്‍ നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടിയിരുന്നു. ഇതാണ് ബ്രസീലിന് വേണ്ടിയുള്ള താരത്തിന്റെ അവസാന ഗോളായി മാറിയത്. ഒരു യുഗത്തിന്റെ അവസാനമാണ് ഈ വിരമിക്കലിലൂടെ സംഭവിക്കുന്നത്. കാനറി കുപ്പായത്തില്‍ നെയ്മര്‍ തീര്‍ത്ത മാന്ത്രികത ആരാധകര്‍ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
നോര്‍വേ ക്വാര്‍ട്ടറിലേക്ക്
അതേസമയം, ബ്രസീലിനെ അട്ടിമറിച്ച നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ജൂലൈ 11-ന് മയാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും നോര്‍വേ നേരിടുക
by Midhun HP News | Jul 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് (ഔഷധ ഗണപതിക്ഷേത്രം), ശ്രീ ഗണേശോത്സവ സമിതി, വിശ്വഹിന്ദു പരിഷത്ത് (VHP) എന്നിവയുടെ നേതൃത്വത്തിലാണ് ഇക്കൊല്ലം ശ്രീഗണേശോത്സവം നടത്തുന്നത്. ഗണേശോത്സവം 2026 ൻ്റെ തുടക്കം കുറിച്ച് സന്ദേശയാത്ര ജൂലൈ 4,5,6 തീയതികളിൽ തുടക്കമായി.
5 /7/26 ഞായറാഴ്ച രാവിലെ 11.45 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശമം മൈസൂർ) സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്മാരായ സുരേഷ് ഒട്ട്, ശ്രീനാഥ് അടിഗ, മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശ്രമം മൈസൂർ), ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സമിതി പ്രസിഡൻറ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വിധി പ്രകാരമുള്ള പൂജാധികാരങ്ങൾ നടന്നു.
സുരേഷ് (ഉടുപ്പി), പ്രൊഫ ശ്രുതിലയം കണ്ണൂർ, നാഗദാസ് ആലപ്പുഴ, കോ-ഓഡിനേറ്റർ തെറ്റിക്കുളം അനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി വക്കം സുനു, കൺവീനർമാരായ വഞ്ചിയൂർ രതീഷ്, അനിബാൾ ആനത്തലവട്ടം, വേങ്ങോട് സുബിൻ, തുളസി ശാർക്കര, രഞ്ജിത്ത് കടയ്ക്കാവൂർ, വൈസ് പ്രസിഡൻ്റ്മാരായ സഞ്ജു വർക്കല, അനിൽ ബ്ലെറി ആറ്റിങ്ങൽ, സതീഷ് കുമാർ ചിറയിൻകീഴ്, ജനകകുമാരി തോട്ടയ്ക്കാട്, അർച്ചന ആറ്റിങ്ങൽ, സുഭാഷിണി ആറ്റിങ്ങൽ, തെറ്റിച്ചിറ രതീഷ് (വി എച്ച് പി. ജില്ലാ സെക്രട്ടറി തെറ്റിച്ചിറ ഷീജ (വി എച്ച്പി) ജയരാജൻ ഗൂഡല്ലൂർ, വിജയലക്ഷ്മി നീലഗിരി, ഓം ശ്രീദേവ് തൃശ്ശൂർ, ബൈജു നിലപ്പൂർ സുനിൽകുമാർ ആറ്റിങ്ങൽ, അനഘ തെറ്റിക്കുളം എന്നിവർ നേതൃത്വം നൽകി.
കേരളത്തിൻ്റെ സാമൂഹിക പശ്ചാത്തലം അപകടകരമാകാതിരിക്കുവാൻ ഭക്തി പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കുവാൻ കഴിയുമെന്നും കരിച്ചയിൽ ഗണേശോത്സവ ടെംബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാതാ അംബികാ ചൈതന്യമായി (ചിന്താമണി ആശ്രമം മൈസൂർ) ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കേരളത്തിൻറെ സാമൂഹിക പശ്ചാത്തലത്തിൽ ഗണേശോത്സവത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. സംഘടിത സാമൂഹ്യ കൂട്ടായ്മകളെ സൃഷ്ടിക്കുവാൻ ഗണേശോത്സവത്തിന് കഴിയുന്നുണ്ടെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
by Midhun HP News | Jul 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ‘തീവ്രന്യൂനമര്‍ദ്ദമായി’ മാറിയെന്ന് കാലാവസ്ഥ വകുപ്പ്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടര്‍ന്ന് വടക്കന്‍ ഒഡീഷ, വടക്കന്‍ ഛത്തീസ്ഗഢ്‌നു മുകളിലൂടെ നീങ്ങാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂലൈ 09 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍- മധ്യ കേരളത്തില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ബുധനാഴ്ച വരെ കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ പശ്ചിമ ബംഗാള്‍, ഒഡിഷ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. ആന്ധ്ര പ്രദേശ് തീരം, വടക്കന്‍ & മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments