‘എമ്പുരാൻ ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’

‘എമ്പുരാൻ ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാൻ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

‘എമ്പുരാൻ ഇനി കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’

സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; സിനിമ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്‌നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.

സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ് പ്രതികരിച്ചു. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.

എംപുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.

കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി, 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി, 2 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്.

പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം. കണ്ടെടുത്ത പണം കുഴല്‍പ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കണക്കില്‍പ്പെടാത്ത രണ്ട് കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പണം എത്രയെന്നതിന്റെ കണക്ക് പൂര്‍ണമായും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യ ഏക പ്രതി, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യ ഏക പ്രതി, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ അധിക്ഷേപത്തില്‍ നവീന്‍ബാബു മനംനൊന്താണ് ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയ കുറ്റപത്രം ആദ്യം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു. ഡിഐജി പരിശോധിച്ച ശേഷം കുറ്റപത്രം കണ്ണൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചു.

ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആകെ 79 സാക്ഷികളാണ് കേസിലുള്ളത്. പെട്രോള്‍ പമ്പിന് ഉപേക്ഷിച്ച ടിവി പ്രശാന്തന്‍ കേസില്‍ 43-ാം സാക്ഷിയാണ്. പുലര്‍ച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

24 ഒക്ടോബര്‍ 14നാണ് എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യ അധിക്ഷേപ പ്രസംഗം നടത്തിയത്. തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്‌സിലെ ഉത്തരത്തില്‍ നവീന്‍ ബാബു തൂങ്ങിമരിച്ചെന്നാണ് കേസ്. തുടക്കത്തില്‍ അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണത്തിന് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കിയിരുന്നു.

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.

വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റെക്കാര്‍ഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.

പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.